
ഇല്‍നെസ്സ് ഇല്ല വെല്‍നെസ്സ് മാത്രം :തുമ്പമണ്ണിലെ സ്ത്രീകള്‍ ഇനി ഡബിള്‍ സ്ട്രോങ്ങ്
തുമ്പമണ്ണിലെ സ്ത്രീകള്‍ ഇനി ഡബിള്‍ സ്ട്രോങ്ങാകും. ആരോഗ്യ പരിപാലനത്തില്‍ പുതിയ അധ്യായം രചിക്കുകയാണ് തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഷീ വെല്‍നെസ്സ് സെന്റര്‍. ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിനൊപ്പം ആക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകളെ ഇവിടെ പ്രാപ്തരാക്കുന്നു. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ ജിം യാഥാര്‍ഥ്യമാക്കിയത്. പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു മാസം പിന്നിടുമ്പോള്‍ മനകരുത്തിനൊപ്പം ശാരീരികാരോഗ്യവും മുതല്‍ക്കൂട്ടായ വനിതകളെയാണ് വാര്‍ത്തെടുത്തത്.
വനിതാ ജിമ്മിന് പിന്നില്‍ കുടുംബശ്രീയുടെ പങ്കും ശ്രദ്ധേയമാണ്. വരുമാനത്തിനും ജിമ്മിലെത്തുന്നവര്‍ക്ക് ഉന്മേഷം നല്‍കാനുമായി സ്ഥാപിച്ച കുടുംബശ്രീ മാര്‍ക്കറ്റിംഗ് കിയോസ്‌ക്കും വിജയപാതയിലാണ്.
കരുത്തിന്റെ പടവുകള്‍ കയറാന്‍ ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നും ദിനംപ്രതിയെത്തുന്നത് 90 ലധികം വനിതകളാണ്. മനക്കരുത്തിനൊപ്പം സ്വയം പ്രതിരോധ ശേഷി പകരാന്‍ വിപുലമായ വ്യായാമസൗകര്യങ്ങളുണ്ട്. കാന്‍സര്‍, പ്രമേഹം, രക്തസമര്‍ദ്ദം, ഹൃദയ സംബന്ധമായ ജീവിതശൈലി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം കൂടിയാണ് ജിം. വനിതാ ഘടക പദ്ധതി- ആരോഗ്യത്തില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയുടെ അത്യാധുനിക ഉപകരണങ്ങളായ ട്രെഡ്മില്‍, ബൈക്ക്, ആപ്പ്‌സ് കോസ്റ്റര്‍, ഹിപ്പ് ട്വിസ്റ്റര്‍, സ്റ്റാന്‍ഡിങ് ഹിപ്പ് ട്വിസ്റ്റര്‍, മാസ്സ് എക്സ്റ്റന്‍ഷന്‍, ഡംബല്‍സ്, വെയ്റ്റ് ബോള്‍ തുടങ്ങിയവ ജിമ്മില്‍ ക്രമീകരിച്ചിരിക്കുന്നു.
ഉദ്യോഗസ്ഥര്‍ക്കും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗകര്യപ്രദമായ സമയത്താണ് ജിമ്മിന്റെ പ്രവര്‍ത്തനം. 20 മുതല്‍ 68 വയസുവരെയുള്ള വനിതകള്‍ പരിശീലനത്തിനായി എത്തുന്നു. സൗഹൃദ സംഭാഷണങ്ങള്‍ക്ക് എത്തുന്നവരുമുണ്ട്. തായ്കൊണ്ടോ, കരാട്ടെ, കുഡോ എന്നിവയില്‍ ബ്ലാക്ക് ബെല്‍റ്റുള്ള 26 കാരി ശില്‍പയാണ് ട്രെയിനിര്‍. സ്‌കൂള്‍ അധ്യാപിക കൂടിയായ ശില്‍പ യോഗ, സുംബ, സ്വയം പ്രതിരോധം എന്നിവയില്‍ പരിശീലനം നല്‍കന്നു. സ്ത്രീകളുടെ മാനസികവും ശരീരികവുമായ ഉന്നമനത്തിനായി ഓരോരുത്തരുടെയും ആവശ്യത്തിനുതകുന്ന രീതിയിലാണ് പരിശീലന മുറകള്‍.
ജീവിതശൈലി രോഗങ്ങളില്‍ നിന്ന് മോചനത്തിന് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യ പരിപാലനം ജിമ്മില്‍ ഉറപ്പാക്കാം. നിലവില്‍ രാവിലെയും വൈകിട്ടുമായി രണ്ട് ബാച്ചുകളാണുള്ളത്. മാസം 300 രൂപയാണ് ഫീസ്. 100 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ജിമ്മ് ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ബ്ലോക്ക് മുന്‍ പ്രസിഡന്റ് പോള്‍ രാജനാണ്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരിശീലനത്തിനും വ്യായാമത്തിനുമായി ഇവിടെ എത്തുന്നു. സ്ത്രീ സൗഹൃദമായ അന്തരീക്ഷത്തില്‍ വ്യായാമത്തിലൂടെ ശാരീരിക ക്ഷമത ഉറപ്പാക്കുന്നതിനൊപ്പം സ്വയം പ്രതിരോധത്തിനായുള്ള ആത്മധൈര്യം നല്‍കുന്നതിന് ജിമ്മിലെ പരീശീലനങ്ങള്‍ ഉപകരിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില പറഞ്ഞു. ജിമ്മിന്റെ സേവനം ജില്ലയിലെ എല്ലാ വനിതകള്‍ക്കും ലഭ്യമാക്കും വിധം കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് പന്തളം ബ്ലോക്ക് പഞ്ചായത്ത്. ആറന്മുള പഞ്ചായത്തിലെ വല്ലനയില്‍ ജിമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നു. സ്ത്രീകളെ മാനസികമായും ശരീരികമായും പ്രാപ്തരാക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ തുടരുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍ പറഞ്ഞു.
കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് സംഗമം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് സംഗമം ‘ഏക്ത 2025’ സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം സാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലത മോഹന്‍ അധ്യക്ഷയായി.
സ്ത്രീ- ശിശു സൗഹൃദത്തിലൂടെ പ്രശ്ന പരിഹാര ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് വിജിലന്റ് കൂട്ടായ്മയുടെ ലക്ഷ്യം. എല്ലാ വാര്‍ഡുകളിലും കൂട്ടായ്മ പ്രവര്‍ത്തിച്ചു വരുന്നു. സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സ് പെരുനാട് സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ നയിച്ചു. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ ലേഖ രഘു, പഞ്ചായത്ത് സെക്രട്ടറി അനീഷ് പ്രഭാകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നവീകരിച്ച കൃഷി ഓഫീസ് ഉദ്ഘാടനം ചെയ്തു
കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കൃഷി ഓഫീസ് ഉദ്ഘാടനം പ്രസിഡന്റ് അനുരാധാ സുരേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജോണ്‍ അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സാബു കുറ്റിയില്‍, എന്‍.റ്റി.ഏബ്രഹാം, ശ്രീജ ആര്‍ നായര്‍, അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടില്‍, റ്റി.കെ.പ്രസന്ന കുമാര്‍, കൃഷി ഓഫീസര്‍ താരാമോഹന്‍, അസിസ്റ്റന്റുമാരായ ബിന്ദു, സ്മിതാജേക്കബ്, ലൗലി പി.രാജ്, എം.കെ ശാമുവേല്‍ എന്നിവര്‍ പങ്കെടുത്തു.
സ്ഥലം ലേലം
അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 26 ല്‍ 8748 നമ്പര്‍ തണ്ടപ്പേരില്‍ റീസര്‍വെ നമ്പര്‍ 398/1 ല്‍പെട്ട 03.44 ആര്‍ സ്ഥലം റവന്യൂ റിക്കവറി പ്രകാരം കോടതിപിഴ ഈടാക്കുന്നതിന് മാര്‍ച്ച് 12ന് രാവിലെ 11ന് അടൂര്‍ തഹസില്‍ദാര്‍ ഏനാദിമംഗലം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 04734 224826.
പുനര്‍ ദര്‍ഘാസ്
ജില്ലാ പഞ്ചായത്ത് മണ്ണു സംരക്ഷണ ഓഫീസ് മുഖേനെ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പദ്ധതിക്ക് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. www.etenders.kerala.gov.in . ഫോണ്‍ : 0468 2224070.
അക്കൗണ്ടന്റ് നിയമനം
പന്തളം ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: എം കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. കുറഞ്ഞത് ഒരു വര്‍ഷം അക്കൗണ്ടന്റായി പരിചയം. കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന.
പന്തളം ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം. പ്രായപരിധി : 20 നും 35 നും മധ്യേ (വിജ്ഞാപന തീയതിയായ 2025 മാര്‍ച്ച് ഏഴിന്). വേതനം : 20000 രൂപ
അപേക്ഷ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ആധാര്‍ പകര്‍പ്പ് , സി.ഡി.എസ് ചെയര്‍പേഴ്‌സണിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം മാര്‍ച്ച് 18 നു വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാം നില, കലക്‌ട്രേറ്റ് , പത്തനംതിട്ട വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം.ഫോണ്‍: 04682221807.
ക്വട്ടേഷന്‍
റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ആര്‍ബിഎസ്‌കെ/എകെ ട്രൈബല്‍ /മെഡിസെപ് പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് എം ആര്‍ ഐ സ്‌കാനിംങ്, സി റ്റി സ്‌കാനിംങ് ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 04735 227274, 9188522990.
താല്‍പര്യപത്രം ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അടൂര്‍ പുതിയകാവിന്‍ചിറയെ വിനോദകേന്ദ്രമാക്കി പ്രവര്‍ത്തിപ്പിക്കുന്നതിന് അഞ്ചുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍പര്യപത്രം ക്ഷണിച്ചു. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടുക. സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പത്തനംതിട്ട എന്ന പേരില്‍ മാര്‍ച്ച് 17ന് രാവിലെ 11.30ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2311343, 9447709944.
യോഗം 11ന്
റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗം മാര്‍ച്ച് 11ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
‘അങ്ങാടിയില്‍ ഒരു പഴക്കൂട’ പദ്ധതി
റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തില്‍ ‘അങ്ങാടിയില്‍ ഒരു പഴക്കൂട’ പദ്ധതി പ്രസിഡന്റ് അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്തു . അത്യുല്‍പാദന ശേഷിയുള്ള ഫലവര്‍ഗ തൈകളുടെ വിതരണമാണ് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയത്. കര്‍ഷകര്‍ക്ക് റംബുട്ടാന്‍ , മാങ്കോസ്റ്റിന്‍, ചാമ്പ, മുള്ളാത്ത, പ്ലാവ് പേര ഫലവര്‍ഗ തൈകള്‍ നല്‍കി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സതീഷ്‌കുമാര്‍, അംഗങ്ങളായ ജാവിന്‍ കാവുങ്കല്‍, ഷൈനി മാത്യു കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു .
പഠനോത്സവം സംഘടിപ്പിച്ചു
പെരിങ്ങര ചാത്തങ്കരി എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച പഞ്ചായത്ത്തല പഠനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവയ്ക്കുന്നതിനാണ് പഠനോത്സവം സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ ശാസ്ത്ര മികവുകള്‍, ചിത്രരചനകള്‍, കഥ, കവിത രചനകള്‍ തുടങ്ങിയവ നടന്നു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു അധ്യക്ഷയായി. അംഗങ്ങളായ ചന്ദ്രു എസ് കുമാര്‍, അശ്വതി രാമചന്ദ്രന്‍, ആര്‍ രാധിക, ഉണ്ണികൃഷ്ണമേനോന്‍, അരുണ്‍, ജെസി, സ്‌കൂള്‍ പ്രഥമ അധ്യാപിക റോസ്‌മേരി വര്‍ഗീസ്, ബിആര്‍സി കോര്‍ഡിനേറ്റര്‍ രാധിക വി നായര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലാപ്‌ടോപ് വിതരണം ചെയ്തു
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ലാപ്‌ടോപ് വിതരണം ചെയ്തു. സാങ്കേതിക വൈജ്ഞാനിക മേഖലകളിലേക്ക് വിദ്യാര്‍ഥികളുടെ അറിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം പ്രസിഡന്റ് റോയി ഫിലിപ്പ് നിര്‍വഹിച്ചു. രണ്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് മിനി സുരേഷ് അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സോണി കൊച്ചുതുണ്ടില്‍, ബിജോ പി മാത്യു, ജനപ്രതിനിധികളായ ബിജിലി പി ഈശോ, റാണി കോശി, ഗീതു മുരളി, മേരിക്കുട്ടി, ജിജി വര്‍ഗീസ്, സുമിത ഉദയകുമാര്‍, സുനിത ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.