
കാന്‍സര്‍ പ്രതിരോധ മെഗാ ക്യാമ്പയിന്‍
ആരോഗ്യവകുപ്പിന്റെ ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ മെഗാ സ്‌ക്രീനിംഗും ബോധവല്‍കരണ സെമിനാറും കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ കുടുംബശ്രീമിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവയെക്കുറിച്ച് അവബോധം ശക്തമാക്കുക, സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക എന്നിവയാണ് ലക്ഷ്യം.
ചെന്നീര്‍ക്കര കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് സി. എസ് ശോഭന ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു. 30 വയസ്സിനു മുകളിലുള്ള സ്ത്രീകളിലെ അര്‍ബുദ പരിശോധനാ സ്‌ക്രീനിംഗ് മാര്‍ച്ച് എട്ടു വരെ നടക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതാകുമാരി, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില എന്നിവര്‍ പങ്കെടുത്തു.
ആദരിച്ചു
ശിശുവികസന വകുപ്പിന്റെ 2023-24 ലെ മികച്ച അങ്കണവാടി വര്‍ക്കറായി തിരഞ്ഞെടുത്ത മറിയാമ്മ ജോര്‍ജിനെ പ്രമാടം ഗ്രാമ പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്തിലെ 52-ാം നമ്പര്‍ അങ്കണവാടി വര്‍ക്കറാണ്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എന്‍ നവനിത്ത് ഉപഹാരം നല്‍കി. സാമൂഹികാധിഷ്ഠിത പരിപാടികള്‍, ദിനാചരണങ്ങള്‍, ആരോഗ്യവകുപ്പുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അവാര്‍ഡിനര്‍ഹമാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ,ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ പങ്കെടുത്തു.
മുട്ടക്കോഴി വിതരണം
വടശ്ശേരിക്കര പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മുട്ട കോഴിക്കുഞ്ഞുങ്ങളുടെ
വിതരണോദ്ഘാടനം പ്രസിഡന്റ് ലത മോഹന്‍ നിര്‍വഹിച്ചു. 842 ഗുണഭോക്താക്കള്‍ക്ക് അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതമാണ് നല്‍കിയത്. ആറര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. വടശ്ശരിക്കര മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ വെറ്ററിനറി സര്‍ജന്‍ സിന്ധു, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആടുകളെ വിതരണം ചെയ്തു
ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്സി വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് ആടുകളെ വിതരണം ചെയ്തു. ഉദ്ഘാടനം ഏഴംകുളം വെറ്ററിനറി ഡിസ്പെന്‍സറിയില്‍ പ്രസിഡന്റ് വി എസ് ആശ നിര്‍വഹിച്ചു. 40 കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഗ്രാമീണ മേഖലയിലെ പട്ടികജാതി കുടുംബങ്ങളുടെ തൊഴിലിനും വരുമാനമാര്‍ഗം ഉയര്‍ത്തുന്നതിനും പാല്‍, മാംസ ഉല്‍പാദനത്തിനും സ്വയം പര്യാപ്തത കണ്ടെത്തുന്നതിനാണ് പദ്ധതി. വാര്‍ഡ് അംഗം രജിത ജയ്സന്‍ അധ്യക്ഷയായി. ഏഴംകുളം വെറ്ററിനറി സര്‍ജന്‍ ഡോ.നീലിമ എസ് രാജ് പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ എം നൗഫല്‍ ഖാന്‍ , ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എസ് ദിവ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യ തൊഴില്‍മേള
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ നാളെ (മാര്‍ച്ച് എട്ട് ) രാവിലെ 9.30ന് കാതോലിക്കറ്റ് കോളജില്‍ പ്രയുക്തി സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ടെക്നിക്കല്‍, ഓഫീസ് അഡ്മിനിസ്ട്രേഷന്‍ മേഖലയില്‍ നിന്നുള്ള 40 ല്‍ പരം കമ്പനികള്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ ഡിപ്ലോമ, ബി ടെക്, എം.ബി.എ, എംസിഎ, പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം. രജിസ്ട്രേഷന് bit.ly/DEEPTA , ഫോണ്‍ : 04735-224388, 8592948876.
വോക്ക് -ഇന്‍ ഇന്റര്‍വ്യൂ 11ന്
ജില്ലാ ശുചിത്വ മിഷനില്‍ ഒരു വര്‍ഷ കാലാവധിയില്‍ ഐഇസി ഇന്റേണിനെ നിയമിക്കുന്നു. യോഗ്യത : ബിരുദത്തോടൊപ്പം ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ. മാസം പതിനായിരം രൂപ സ്‌റ്റൈപ്പന്റ് നല്‍കും. സിവി/ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 11ന് രാവിലെ 11 ന് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ വോക്ക്- ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ : 9744324071.
ക്വട്ടേഷന്‍
പന്തളം തെക്കേകര ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെളള വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ഏഴ് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04734 228498.
അപേക്ഷ ക്ഷണിച്ചു
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്‍ മാര്‍ച്ച് 15 ന് നടത്തുന്ന പ്രതിമാസ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് റിക്രൂട്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9495999688.
ക്ഷേമനിധി വിഹിതം
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ വിഹിതം ഒടുക്കാനുളളവര്‍ മാര്‍ച്ച് 10 നകം പോസ്റ്റ് ഓഫീസില്‍ അടയ്ക്കണം. വിഹിതം അടക്കാത്തവരുടെ അംഗത്വം റദ്ദാകുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2966577.