
ഡിജിറ്റല്‍ പ്രോപര്‍ട്ടി കാര്‍ഡ് വരുന്നു- മന്ത്രി കെ. രാജന്‍
ഭൂമിയുമായി ബന്ധപ്പെട്ടുള്ള എല്ലാവിവരങ്ങളും ഉള്‍പെടുത്തി ഡിജിറ്റല്‍ പ്രൊപ്പര്‍ട്ടി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച തിരുവല്ല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌കരണമാണ് ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാക്കി വരുന്നത്.
2022-23 ല്‍ നടപ്പാക്കിയ ഡിജിറ്റല്‍ റീസര്‍വേ രാജ്യത്ത് ശ്രദ്ധേയമായി അടയാളപെടുത്താന്‍ കഴിയുന്ന ഒന്നാണ്. രജിസ്ട്രേഷന്‍ വകുപ്പിന്റെ പോര്‍ട്ടലായ പേള്‍, റവന്യൂ വകുപ്പിന്റെ റിലിസ്, സര്‍വേ വകുപ്പിന്റെ എന്റെ ഭൂമി എന്നിവയില്‍ ഭൂരേഖകളുമായി ബന്ധപെട്ടുള്ള സംവിധാനങ്ങളും സേവനങ്ങളും ലഭിക്കും. മൂന്നു പോര്‍ട്ടലുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള സേവനങ്ങളും ആരംഭിച്ചിരുന്നു.
വില്ലേജുകളില്‍ നിന്നും ലഭിക്കേണ്ട 21 സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. മണ്ഡലത്തില്‍ എംഎല്‍എ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആവശ്യമായ നടപടിയെടുക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാര്‍ച്ച് ആദ്യവാരം ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്നും അദേഹം പറഞ്ഞു.
മാത്യു റ്റി. തോമസ് എം.എല്‍.എ അധ്യക്ഷനായി; ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരുവല്ല മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ അനുജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ഷീല വര്‍ഗീസ്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്: ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍
ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് എല്ലാവരും ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍ അറിയിച്ചു.
* പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
* പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം.
* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യണം.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.
* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യണം. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.
* വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും കാട്ടുതീ സാധ്യത ഉള്ളതിനാല്‍ പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളം നല്‍കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉണ്ടാകണം.
* വിദ്യാര്‍ഥികള്‍ക്ക് വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
* അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
* ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ പകല്‍ 11 മുതല്‍ മൂന്ന് വരെ സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം നല്‍കണം.
* മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മുതല്‍ മൂന്ന് വരെ കുടകള്‍ ഉപയോഗിക്കണം.
* പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. പകല്‍ 11 മുതല്‍ മൂന്ന് വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കണം.
* യാത്രയിലേര്‍പ്പെടുന്നവര്‍ കയ്യില്‍ വെള്ളം കരുതുക.
* നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം.
* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കണം.
* പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ ഇരുത്തി പോകാന്‍ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.
* കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണം.
* ചൂടുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലുള്ള സുരക്ഷാമുന്‍കരുതല്‍ നിര്‍ദേശങ്ങളുടെ ബ്രോഷറുകള്‍ https://sdma.kerala.gov.in/
കയര്‍ ഭൂവസ്ത്ര വിതാനം സെമിനാര്‍ സംഘടിപ്പിച്ചു
പരമ്പരാഗത കയര്‍ വ്യവസായത്തിന് താങ്ങായി കയര്‍ വികസന വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന കയര്‍ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. അബാന്‍ ആര്‍കേഡ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ അധ്യക്ഷയായി.
തദ്ദേശസ്വയം ഭരണ വകുപ്പും കയര്‍ വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വികസന പദ്ധതിയാണ് കയര്‍ ഭൂവസ്ത്ര വിതാനം. പ്രകൃതിദത്ത നാരിലൂടെ നിര്‍മ്മിക്കുന്ന ഇവ ഉപയോഗിച്ച് തോട്, കുളങ്ങള്‍, നീര്‍ചാലുകള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയുടെ വശങ്ങള്‍ സംരക്ഷിക്കും. റോഡ് നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്.
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂവസ്ത്രം വിതാനിച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കും നേതൃത്വം വഹിച്ച ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ആദരവ് നല്‍കി. ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഏഴംകുളം ജില്ലയില്‍ ഒന്നാമതായി. പെരിങ്ങറ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. ബ്ലോക്ക്തല പ്രവര്‍ത്തനങ്ങളില്‍ പറക്കോടാണ് ഒന്നാമത്. തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സമയോചിത പദ്ധതി സാധ്യതകളും എന്ന വിഷയത്തില്‍ മഹാത്മാ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി രാജേഷ് കുമാര്‍ ക്ലാസ് നയിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാ ദേവി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുന്നാട്, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ുമാരായ പി എസ് മോഹനന്‍, റോയ് ഫിലിപ്പ്, മിനി ജിജു ജോസഫ് , വി എസ് ആശ, കേരള കയര്‍ കോര്‍പറേഷന്‍ മാനേജര്‍ അരുണ്‍ ചന്ദ്രന്‍, കൊല്ലം ജില്ലാ കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ ജി ഷാജി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ശില്‍പശാല സംഘടിപ്പിച്ചു
ജാഗ്രതസമിതി ജില്ലാതല ശില്‍പശാല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. മികച്ച ഗ്രാമപഞ്ചായത്തുതല ജാഗ്രതസമിതി അവാര്‍ഡുകള്‍ ചെന്നീര്‍ക്കരയ്ക്കും കൊറ്റനാടിനും വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം ശ്രീന ദേവി കുഞ്ഞമ്മ, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ്, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപി, മുന്‍ പ്രസിഡന്റ് ഉഷ സുരേന്ദ്രനാഥ്, ദിശ ഡയറക്ടര്‍ അഡ്വ എം ബി ദിലീപ് കുമാര്‍, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ നിത ദാസ്, വനിതാ സംരക്ഷണ ഓഫീസര്‍ എ നിസ, കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു എന്നിവര്‍ പങ്കെടുത്തു.
പ്രവാസി ഭദ്രത വായ്പാ പദ്ധതി
കുടുംബശ്രീ നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത വായ്പാ പദ്ധതിക്ക് തൊഴില്‍ നഷ്ടപ്പെട്ടുവന്ന പ്രവാസികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസമെങ്കിലും അയല്‍ക്കൂട്ട അംഗത്വം നേടിയ കുടുംബശ്രീ അംഗമോ കുടുംബാംഗമോ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സംഘടന അംഗത്തിനോ അപേക്ഷിക്കാം. കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും പ്രവാസജീവിതം നയിച്ച വ്യക്തി ആയിരിക്കണം. വായ്പ പരിധി രണ്ടു ലക്ഷം രൂപ. പലിശ നാലു ശതമാനം. തിരിച്ചടവ് രണ്ടുവര്‍ഷം. വെബ്‌സൈറ്റ് : www.kudumbashree.org, www.norkaroots.org , ഫോണ്‍ : 0468 2221807, 6235000825.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി മെഡിക്കല്‍ കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു. ജെപിഎച്ച്എന്‍ യോഗ്യത, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് , മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മാര്‍ച്ച് ആറിന് രാവിലെ 10.30ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 2344803.
കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് ഒന്നിന്
കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
റാന്നി താലൂക്ക് ആശുപത്രിയിലെ ഡി-അഡിക്ഷന്‍ സെന്ററിലേക്ക് താല്‍കാലികമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 11ന് രാവിലെ 10.30ന് റാന്നി താലൂക്ക് ആശുപത്രിയില്‍ നടക്കും. എംബിബിഎസ് / റ്റിസിഎംസി രജിസ്‌ട്രേഷന്‍ (സൈക്യാട്രി പി.ജി അഭികാമ്യം) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 45നും മധ്യേ. ഒഴിവ് -ഒന്ന്. ബയോഡേറ്റയോടൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. ഫോണ്‍ : 9188522990.
വനിതാ കമ്മിഷന്‍ അദാലത്ത്: 15 പരാതികള്‍ക്ക് പരിഹാരം
തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. ആകെ ലഭിച്ചത് 66 എണ്ണം. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും മൂന്ന് എണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനുമായി നല്‍കി. ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 41 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. അഡ്വ. സീമ, അഡ്വ. സബീന, ഡാലിയ റോബിന്‍, വീണ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപതിരഞ്ഞെടുപ്പ് ഫലം
പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ (സ്ത്രീസംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശോഭിക ഗോപി സി.പി.ഐ (എം)വിജയിച്ചു. ഭൂരിപക്ഷം: 152.
സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍: ശോഭിക ഗോപി (സി.പി.ഐ(എം)) 320, ജോയിസ് മാത്യു (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- 168, അനിമോള്‍ (ബി.ജെ.പി)- 97.
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍ (സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രീത ബി. നായര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) വിജയിച്ചു. ഭൂരിപക്ഷം 106.
സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍: പ്രീത ബി. നായര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- 343, കലാമണ്ഡലം ലോണിഷ ഉല്ലാസ് (സി.പി.ഐ (എം)) 237, ആശ എസ്. (ബി.ജെ.പി)- 97.
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് (സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജിമോള്‍ മാത്യു (എല്‍.ഡി.എഫ് സ്വതന്ത്ര) വിജയിച്ചു. ഭൂരിപക്ഷം മൂന്ന് വോട്ട്.
സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍: ബിജിമോള്‍ മാത്യു (എല്‍.ഡി.എഫ് സ്വതന്ത്ര) -285, സോബി റജി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- 282, പ്രിയ സതീഷ് (ബി.ജെ.പി)-53.
പഞ്ചായത്തുകള്‍ മാതൃകയാകണം : മന്ത്രി സജി ചെറിയാന്‍
വികസനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് പഞ്ചായത്തുകള്‍ മാതൃകയാകണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാല്‍ നൂറ്റാണ്ടിന് മുന്‍പ് വികസനത്തില്‍ പിന്നിലായിരുന്നു ഗ്രാമങ്ങള്‍. ജനകീയ ആസൂത്രണം നിലവില്‍വന്നതോടെ അധികാരവികേന്ദ്രീകരണം സാധ്യമായി. വാര്‍ഡ്-ഗ്രാമസഭകളില്‍ തീരുമാനമെടുത്ത് വികസന പദ്ധതികള്‍ നടപ്പാക്കാനായി. പദ്ധതിആസൂത്രണത്തില്‍ ജനപങ്കാളിത്തം വര്‍ദ്ധിച്ചു. അടിസ്ഥാനസൗകര്യവികസനത്തിനോടൊപ്
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് നടത്തിയ വികസന- ക്ഷേമപ്രവര്‍ത്തന മികവിന്റെ അംഗീകാരമായാണ് സ്വരാജ് ട്രോഫിയില്‍ രണ്ടാം സ്ഥാനം നേടാനായത് എന്ന് മന്ത്രി പറഞ്ഞു.
രാഷ്ട്രപതിയുടെ ജീവന്‍രക്ഷാപതക് ലഭിച്ച ദിയാ ഫാത്തിമയെ മന്ത്രി അനുമോദിച്ചു.
വികസന പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒരുപോലെ പങ്കാളികളാകണമെന്ന് അധ്യക്ഷനായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ വി. പി. വിദ്യാധരപ്പണിക്കര്‍, എന്‍. കെ. ശ്രീകുമാര്‍, പ്രിയ ജ്യോതികുമാര്‍, വാര്‍ഡ് അംഗങ്ങളായ എ. കെ. സുരേഷ്, ബി. ശരത് കുമാര്‍, സി. എസ്. ശ്രീകല, അംബിക ദേവരാജന്‍, ബി. പ്രസാദ് കുമാര്‍, വി. പി. ജയദേവി, കെ. ആര്‍. രഞ്ജിത്ത്, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയാണ് ലക്ഷ്യം: മന്ത്രി കെ രാജന്‍
എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അഞ്ച് ലക്ഷം പട്ടയം വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ജില്ലയിലെ പട്ടയപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അവസാനഘട്ടത്തിലുമാണ്.
പെരുമ്പെട്ടി വലിയകാവ് പൊന്തന്‍പുഴ, അരയാലിമണ്ണ്, അടിച്ചിപ്പുഴ പ്രദേശങ്ങളിലെ പട്ടയപ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും. പ്രാദേശിക പട്ടയ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അവസരം ഒരുക്കി പട്ടയഅസംബ്ലി മാര്‍ച്ച് മാസത്തില്‍ സംഘടിപ്പിക്കും. താലൂക്ക്-ജില്ലാതലത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ പട്ടയഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ പരിഹാരം കാണും.
കുറ്റൂര്‍ വില്ലേജ് ഓഫീസിനായി കണ്ടെത്തിയ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടുന്നതിന് സബ് കലക്ടറെ ചുമതലപ്പെടുത്തി. സ്ഥലം ഏറ്റെടുത്താല്‍ സ്മാര്‍ട്ട് വില്ലേജിനുള്ള തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്പര്‍ കുട്ടനാട് മേഖലയില്‍ഉള്‍പ്പെടുന്ന തിരുവല്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് പരിഗണന ലഭ്യമാക്കിയിട്ടുണ്ടെന്നു അധ്യക്ഷനായ അഡ്വ. മാത്യു ടി. തോമസ് എംഎല്‍ എ പറഞ്ഞു.
44 ലക്ഷം രൂപ ചെലവഴിച്ചാണ് കടപ്ര വില്ലേജ് ഓഫീസ് നിര്‍മിച്ചത്. ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു, കടപ്ര, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ നിഷാ അശോകന്‍, അലക്‌സ് ജോണ്‍ പുത്തുപ്പള്ളില്‍, ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍, എ ഡി എം. ബി ജ്യോതി, നിര്‍മ്മിതികേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ എ.കെ. ഗീതമ്മാള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വരുമാനത്തിന്റെ പുതുവഴി തുറന്ന് വിദേശ അലങ്കാരചെടി
മസഞ്ചിയാനോ (Dracaena fragrans) കേരളത്തിലെത്തിയത് ആഫ്രിക്കയില്‍നിന്ന്. ഒരു കൊല്ലം മുമ്പാണ് പൂക്കൂടകളിലെ ഹരിതസാന്നിധ്യമായ ഈ ചെടി (common name-corn plant) കൊടുമണ്‍ ഗ്രാമത്തിലെ കാര്‍ഷികകാഴ്ചയായത്. പരീക്ഷണമെന്ന നിലയ്ക്ക് പഞ്ചായത്ത് തുടങ്ങിയ കൃഷി ഇന്ന് സംസ്ഥാനാന്തര പ്രിയംനേടി മുന്നേറുന്നു. വിദേശ വിപണിയിലേക്ക് കൂടി കടന്ന് വരുമാനത്തിന്റെ സാധ്യതകള്‍ പരമാവധിയാക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തും കര്‍ഷകരും.
പഞ്ചായത്തിലെ തരിശിടങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാണ് കൃഷി. 11 ഏക്കറിലായി കഴിഞ്ഞ വര്‍ഷമാണ് തുടക്കം. കൊടുമണ്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ 29 കര്‍ഷകര്‍ക്ക് 120 തൈകളും വളകിറ്റുകളും സൗജന്യമായി വിതരണം ചെയ്തു. റബര്‍ വിലവ്യതിയാനത്തെ തുടര്‍ന്ന് അധികവരുമാന സാധ്യത കണക്കിലെടുത്ത് ഇടവിളകൃഷിയായാണ് ഈ അലങ്കാരചെടി നട്ടത്.
10 മുതല്‍ 12 മാസംവരെയാണ് ഇലപാകമാകാന്‍ വേണ്ടത്. ഭാഗികമായി വെയിലും തണലുമാണ് കൃഷിക്ക് അനുയോജ്യം. ജൈവ വളങ്ങള്‍ക്ക് പുറമെ പ്രത്യേകമായ വളം വേണമെന്നില്ലെങ്കിലും ജൈവ വളങ്ങള്‍ വളര്‍ച്ചയുടെ തോത് ഉയര്‍ത്തും. പാകമായ ഇലകള്‍ വെട്ടിയെടുത്ത് കഴുകി വൃത്തിയാക്കി കെട്ടുകളാക്കി കര്‍ഷകര്‍ എഫ്പിഒയിലേക്കാണ് കൈമാറുന്നത്. (ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി) ഇവിടെ നിന്നാണ് വിപണിയിലെത്തിക്കുന്നതെന്ന് ചെയര്‍മാര്‍ എ എന്‍ സലിം വ്യക്തമാക്കി.
ഇലകളുടെ ഗുണനിലവാരമനുസരിച്ച് ഒരു രൂപ മുതല്‍ ഒന്നര രൂപവരെ വില കിട്ടും. ഒരു വര്‍ഷം കഴിഞ്ഞ ചെടിയില്‍ നിന്നും അഞ്ചോ അതില്‍ അധികമോ ഇലകള്‍ ലഭിക്കും. എട്ടാംമാസംമുതല്‍ ഇലകള്‍ എടുക്കാം. കൂടുതല്‍ മേഖലകളില്‍ കൃഷിചെയ്യുന്നവര്‍ക്ക് തികച്ചും ലാഭമേറും. പുഷ്പാലങ്കാരങ്ങള്‍ക്ക് പശ്ചാത്തലമായാണ് ഇലകള്‍ ക്രമീകരിക്കാറുള്ളത്. പച്ചയും മഞ്ഞയും ഇടകലര്‍ന്ന വര്‍ണവിന്യാസത്തിന് ഏറെ സ്വീകാര്യതയുമുണ്ട്. ബൊക്കെകളിലും വേദിഅലങ്കാരങ്ങള്‍ക്കും വിവാഹം, ഇതരചടങ്ങുകളിലുമൊക്കെ നിറസാന്നിധ്യമാണ് മസഞ്ചിയാനോ.
തൈനട്ടു ഒരുവര്‍ഷം പിന്നിടാറാകുമ്പോള്‍ കൈനിറയെ ഓഡറുകളാണ് കൊടുമണ്ണിലെ കര്‍ഷകരെ തേടിഎത്തിയത്. നിലവില്‍ ആവശ്യക്കാര്‍ ഏറെയും ബാംഗ്ലൂരിലാണ്. പരിപാലിക്കാന്‍ എളുപ്പമുള്ള അലങ്കാര സസ്യം കൂടിയാണിത്. തണ്ട് വെട്ടിയെടുത്താണ് ഇവയുടെ പുനരുജ്ജീവനം സാധ്യമാക്കുന്നത്.
വിപണിയില്‍ ചലനങ്ങള്‍ തീര്‍ക്കുന്ന മസഞ്ചിയാനകൃഷി പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തും കൃഷിഭവനുമെന്ന് കൃഷി ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. അലങ്കാരസസ്യമായ ഹെലികോണിയുടെ കൃഷിക്കും പഞ്ചായത്തില്‍ തുടക്കമിട്ടിട്ടുണ്ട്. ഫ്ളോറി വില്ലേജിലൂടെ കര്‍ഷകര്‍ക്കിടയില്‍ സംഘടിതകൃഷിയുടെയും വിപണനത്തിന്റെയും പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ കഴിയുമെന്നപ്രതീക്ഷയില്‍ എല്ലാപിന്തുണയും നല്‍കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍ പറഞ്ഞു.