
konnivartha.com: മസഞ്ചിയാനോ (Dracaena fragrans) കേരളത്തിലെത്തിയത് ആഫ്രിക്കയില്‍നിന്ന്. ഒരു കൊല്ലം മുമ്പാണ് പൂക്കൂടകളിലെ ഹരിതസാന്നിധ്യമായ ഈ ചെടി (common name-corn plant) കൊടുമണ്‍ ഗ്രാമത്തിലെ കാര്‍ഷികകാഴ്ചയായത്. പരീക്ഷണമെന്ന നിലയ്ക്ക് പഞ്ചായത്ത് തുടങ്ങിയ കൃഷി ഇന്ന് സംസ്ഥാനാന്തര പ്രിയംനേടി മുന്നേറുന്നു. വിദേശ വിപണിയിലേക്ക് കൂടി കടന്ന് വരുമാനത്തിന്റെ സാധ്യതകള്‍ പരമാവധിയാക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തും കര്‍ഷകരും.
പഞ്ചായത്തിലെ തരിശിടങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാണ് കൃഷി. 11 ഏക്കറിലായി കഴിഞ്ഞ വര്‍ഷമാണ് തുടക്കം. കൊടുമണ്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ 29 കര്‍ഷകര്‍ക്ക് 120 തൈകളും വളകിറ്റുകളും സൗജന്യമായി വിതരണം ചെയ്തു. റബര്‍ വിലവ്യതിയാനത്തെ തുടര്‍ന്ന് അധികവരുമാന സാധ്യത കണക്കിലെടുത്ത് ഇടവിളകൃഷിയായാണ് ഈ അലങ്കാരചെടി നട്ടത്.
10 മുതല്‍ 12 മാസംവരെയാണ് ഇലപാകമാകാന്‍ വേണ്ടത്. ഭാഗികമായി വെയിലും തണലുമാണ് കൃഷിക്ക് അനുയോജ്യം. ജൈവ വളങ്ങള്‍ക്ക് പുറമെ പ്രത്യേകമായ വളം വേണമെന്നില്ലെങ്കിലും ജൈവ വളങ്ങള്‍ വളര്‍ച്ചയുടെ തോത് ഉയര്‍ത്തും. പാകമായ ഇലകള്‍ വെട്ടിയെടുത്ത് കഴുകി വൃത്തിയാക്കി കെട്ടുകളാക്കി കര്‍ഷകര്‍ എഫ്പിഒയിലേക്കാണ് കൈമാറുന്നത്. (ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി) ഇവിടെ നിന്നാണ് വിപണിയിലെത്തിക്കുന്നതെന്ന് ചെയര്‍മാര്‍ എ എന്‍ സലിം വ്യക്തമാക്കി.
ഇലകളുടെ ഗുണനിലവാരമനുസരിച്ച് ഒരു രൂപ മുതല്‍ ഒന്നര രൂപവരെ വില കിട്ടും. ഒരു വര്‍ഷം കഴിഞ്ഞ ചെടിയില്‍ നിന്നും അഞ്ചോ അതില്‍ അധികമോ ഇലകള്‍ ലഭിക്കും. എട്ടാംമാസംമുതല്‍ ഇലകള്‍ എടുക്കാം. കൂടുതല്‍ മേഖലകളില്‍ കൃഷിചെയ്യുന്നവര്‍ക്ക് തികച്ചും ലാഭമേറും. പുഷ്പാലങ്കാരങ്ങള്‍ക്ക് പശ്ചാത്തലമായാണ് ഇലകള്‍ ക്രമീകരിക്കാറുള്ളത്. പച്ചയും മഞ്ഞയും ഇടകലര്‍ന്ന വര്‍ണവിന്യാസത്തിന് ഏറെ സ്വീകാര്യതയുമുണ്ട്. ബൊക്കെകളിലും വേദിഅലങ്കാരങ്ങള്‍ക്കും വിവാഹം, ഇതരചടങ്ങുകളിലുമൊക്കെ നിറസാന്നിധ്യമാണ് മസഞ്ചിയാനോ.
തൈനട്ടു ഒരുവര്‍ഷം പിന്നിടാറാകുമ്പോള്‍ കൈനിറയെ ഓഡറുകളാണ് കൊടുമണ്ണിലെ കര്‍ഷകരെ തേടിഎത്തിയത്. നിലവില്‍ ആവശ്യക്കാര്‍ ഏറെയും ബാംഗ്ലൂരിലാണ്. പരിപാലിക്കാന്‍ എളുപ്പമുള്ള അലങ്കാര സസ്യം കൂടിയാണിത്. തണ്ട് വെട്ടിയെടുത്താണ് ഇവയുടെ പുനരുജ്ജീവനം സാധ്യമാക്കുന്നത്.
വിപണിയില്‍ ചലനങ്ങള്‍ തീര്‍ക്കുന്ന മസഞ്ചിയാനകൃഷി പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തും കൃഷിഭവനുമെന്ന് കൃഷി ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. അലങ്കാരസസ്യമായ ഹെലികോണിയുടെ കൃഷിക്കും പഞ്ചായത്തില്‍ തുടക്കമിട്ടിട്ടുണ്ട്. ഫ്ളോറി വില്ലേജിലൂടെ കര്‍ഷകര്‍ക്കിടയില്‍ സംഘടിതകൃഷിയുടെയും വിപണനത്തിന്റെയും പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ കഴിയുമെന്നപ്രതീക്ഷയില്‍ എല്ലാപിന്തുണയും നല്‍കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍ പറഞ്ഞു.