Trending Now

റവന്യൂ ഇ- സാക്ഷരത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: മന്ത്രി കെ. രാജന്‍

 

റവന്യൂ ഇ-സേവനം സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കുന്നതിന് ഇ- സാക്ഷരത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. 44 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കുന്നന്താനം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വീട്ടില്‍ ഒരാള്‍ക്കെങ്കിലും സ്വന്തം മൊബൈലില്‍ റവന്യൂ സേവനം നേടാന്‍ കഴിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇ-സാക്ഷരതയിലൂടെ നടപ്പാക്കും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന റവന്യു സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനാണ് ഓഫീസുകളെ ഓണ്‍ലൈനാക്കിയത്.

ഇ-സാക്ഷരതയിലൂടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരിചിതമാക്കുകയാണ് ലക്ഷ്യം. തിരുവല്ല-മല്ലപ്പള്ളി റോഡ് നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എംഎല്‍എ, ജില്ലാ കലക്ടര്‍, ലാന്‍ഡ് അക്വിസിഷന്‍ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം അടുത്ത മാസം ചേരുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, എഡിഎം. ബി ജ്യോതി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ ജാസ്മിന്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു…

error: Content is protected !!