Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/02/2025 )

അടൂര്‍ മണ്ഡലത്തില്‍ 30 റോഡുകള്‍ക്ക് ഭരണാനുമതി

അടൂര്‍ മണ്ഡലത്തില്‍ 30 ഗ്രാമീണ റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. സമയബന്ധിതമായി നിര്‍മാണം ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അടൂര്‍ നഗരസഭയിലെ നാലും പന്തളം നഗരസഭയില്‍ മൂന്നും 23 പഞ്ചായത്തുകളിലുമാണ് ഗ്രാമീണ റോഡുകള്‍ക്കാണ് അനുമതി ലഭിച്ചത്.


മലയാലപ്പുഴ ക്ഷേത്ര ഉത്സവം: ക്രമീകരണങ്ങള്‍ ഉറപ്പാക്കും- ജില്ലാ കലക്ടര്‍

മലയാലപ്പുഴ ക്ഷേത്രഉത്സവത്തിനും പൊങ്കാലയ്ക്കും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് അറിയിച്ചത്.

പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍. പൊങ്കാല ദിവസം കൂടുതല്‍ വനിതാ പോലീസിനെ മഫ്തിയില്‍ നിയോഗിക്കും; ട്രാഫിക് ക്രമീകരിക്കും. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളുമായി ചേര്‍ന്ന് വാഹന പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും. ക്ഷേത്രപരിസരത്ത് അഗ്നിശമന സേനയുടെ വാഹനം ഉള്‍പ്പടെയാകും സാന്നിധ്യം. ആരോഗ്യവകുപ്പിന്റെ സംഘവും സ്ഥലത്തുണ്ടാകും;  മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും.
ഉത്സവദിവസങ്ങളില്‍ തടസം കൂടാതെയുള്ള വൈദ്യുതി വിതരണത്തിന് കെഎസ്ഇബി യെ ചുമതലപ്പെടുത്തി. മലയാലപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബയോടോയ്‌ലറ്റ് ക്രമീകരിക്കും. മാലിന്യ സംസ്‌കരണത്തിനും സംവിധാനമുണ്ടാകും.

വ്യാജമദ്യ വില്‍പന, നിരോധിത ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിനുള്ള നടപടികള്‍ എക്‌സൈസ് സ്വീകരിക്കും. എഴുന്നള്ളത്തിനുള്ള ആനകളുടെ ഫിറ്റ്‌നസും ഇന്‍ഷുറന്‍സും വനംവകുപ്പ് ഉറപ്പാക്കും. ആനകളുടെ  ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിക്കും. തടസം കൂടാതെയുള്ള ജലവിതരണം ജല അതോറിറ്റി ഉറപ്പാക്കും. ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കോന്നി തഹസില്‍ദാറിനെ ചുമതലപ്പെടുത്തി. അടൂര്‍ ആര്‍ഡിഒ ബി. രാധാകൃഷ്ണന്‍, ഡി എം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി, ക്ഷേത്ര ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

വയോജനങ്ങള്‍ക്ക് കരുതലായി പന്തളം ബ്ലോക് പഞ്ചായത്ത്

വയോജനങ്ങളെ മുന്നില്‍കണ്ടുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുകയാണ് പന്തളം ബ്ലോക്് പഞ്ചായത്ത്. പൂര്‍ണമായും വയോജന സൗഹൃദമാക്കുന്നതിന് ‘ഒത്തുചേരാം നമുക്ക് മുന്‍പേ നടന്നവര്‍ക്കായി’ വയോജനക്ഷേമ പഠനറിപ്പോര്‍ട്ടിന്റെ ലക്ഷ്യവും മറ്റൊന്നല്ല.

2023-2024 വാര്‍ഷിക പദ്ധതിപ്രകാരമുള്ള സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബ്ലോക്കിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളായ പന്തളം തെക്കേക്കര, തുമ്പമണ്‍, ആറ•ുള, മെഴുവേലി, കുളനട എന്നിവിടങ്ങളിലെ വയോജനങ്ങളുമായി സംവദിച്ചാണ് പഠനം നടത്തിയത്. ആരോഗ്യ സംരക്ഷണം, സാമ്പത്തിക-സാമൂഹിക സുരക്ഷ, സഹായഉപകരണങ്ങളുടെ ആവശ്യകത, വിധവകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന അവസ്ഥ, കിടപ്പു രോഗികള്‍ക്ക് ഫിസിയോ തെറാപ്പി സംവിധാനം, പകല്‍ വീടിന്റെ ആവശ്യകത, വയോജന ക്ലബ്, ഉല്ലാസ കേന്ദ്രങ്ങളുടെ ആവശ്യകത എന്നിവയ്ക്കാകും പദ്ധതിയില്‍ പ്രാധാന്യം നല്‍കുക.
പഞ്ചായത്ത് തലത്തിലുള്ള വയോജന ക്ലബ്ബുകള്‍വഴി വയോജനങ്ങളുടെ സാമൂഹികവും വൈകാരികവുമായ അടുപ്പം വര്‍ധിപ്പിക്കാനാണ് വഴിയൊരുങ്ങുന്നത്.

പൊതുഇടങ്ങളിലുംപരിപാടികളിലും വയോജനങ്ങള്‍ക്ക് പങ്കെടുക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതും പദ്ധതിയുടെ ഭാഗമായാണ്. വയോജനങ്ങള്‍ക്കൊപ്പവും സര്‍ക്കാരുണ്ട് എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് പദ്ധതികളിലൂടെ സാധ്യമാകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ബി എസ് അനീഷ് മോന്‍ പറഞ്ഞു.

വൈവിധ്യവത്കരണ മാതൃകയുമായി കുന്നന്താനം ഗ്രീന്‍പാര്‍ക്ക്

പാഴ് വസ്തുക്കളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അടുത്തമാസം മുതല്‍

വൈവിധ്യമാര്‍ന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളിലേക്കുള്ള ചുവട് വയ്പുമായി കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ തുടങ്ങിയ ഗ്രീന്‍ പാര്‍ക്ക്. പാഴ് വസ്തുക്കള്‍ സംസ്‌കരിച്ച് കിട്ടുന്ന വസ്തുക്കള്‍ ചെറുകണങ്ങളാക്കി (ഗ്രന്യൂള്‍) മാറ്റുന്ന സംവിധാനമാണ് അടുത്തമാസം തുടങ്ങുന്നത്. ഇതോടെ വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മിതിക്കായി ഇവ പ്രയോജനപ്പെടുത്താനാകും.

ഹരിത കര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് പാഴ്വസ്തുക്കള്‍ തദ്ദേശ സ്ഥാപനതലത്തില്‍ തരംതിരിച്ച് പുനഃചംക്രമണ യോഗ്യമായവ ഫാക്ടറിയില്‍ എത്തിച്ചാണ് തരികളാക്കുന്നത്. 100-150 ടണ്‍ പ്ലാസ്റ്റിക്ക് വരെ ജില്ലയില്‍ ഒരു മാസം ശേഖരിക്കുന്നുണ്ട്. പുനഃചംക്രമണ യോഗ്യമല്ലാത്ത 200 ടണ്ണും. ദിവസവും രണ്ട് മുതല്‍ അഞ്ച് ടണ്‍ വരെ പ്ലാസ്റ്റിക്ക് സംസ്‌കരണമാണ് സാധ്യമാകുന്നത്.
10000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തില്‍ ബെയ്ലിങ്ങിനും വാഷിങ്ങിനുമുള്ള യന്ത്രങ്ങള്‍, ഗ്രാന്യൂള്‍സ് സൂക്ഷിച്ചുവയ്ക്കാനുള്ള ഗോഡൗണ്‍, സോളര്‍ പവര്‍ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനവും ക്ലീന്‍കേരള കമ്പനിയും ജില്ലാപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയുടെ ഭാഗമാണ് അതിവേഗപുരോഗതിയില്‍.
മാലിന്യമുക്ത കേരളത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ കാമ്പയിനുകള്‍ സംഘടിപ്പിച്ചുവരികയാണ്. മാലിന്യശേഖരണത്തിനൊപ്പം സ്ത്രീകള്‍ക്ക് മികച്ച വരുമാന മാര്‍ഗമായി ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം മാറിയിട്ടുമുണ്ട്. വൃത്തിയാക്കിയ അജൈവമാലിന്യങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച്, എംസിഎഫില്‍ എത്തിക്കുന്നത്് സേനാംഗങ്ങളുടെ പ്രധാന ജോലിയാണ്.
ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കളെല്ലാം ഇവിടെ ഒരുക്കിയിട്ടുള്ള ആധുനിക സംവിധാനങ്ങളിലൂടയാണ് പുന:ചംക്രമണത്തിന് വിധേയമാക്കുന്നത്. ഇതാണ് ഉത്പന്നവൈവിധ്യത്തിന്റ അനന്തസാധ്യതകളിലേക്ക് കടക്കുന്നത്. പുതിയൊരു വരുമാന സ്രോതസുകൂടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ വികസിക്കുന്നതും.
പോഷ് നിയമ ബോധവല്‍ക്കരണം

പോഷ് വാരാചരണത്തിന്റെ ഭാഗമായി ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണപരിപാടി ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം  ചെയ്തു. സ്ത്രീകള്‍ക്ക് അന്തസോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം പോഷ് ആക്ടിലൂടെ സാധ്യമായെന്ന് കലക്ടര്‍ പറഞ്ഞു. ഭാവിയില്‍ തൊഴിലിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ നിയമവ്യവസ്ഥയെ കുറിച്ച് കൂടുതല്‍ അറിയണമെന്നും ഓര്‍മിപ്പിച്ചു.
ജില്ലാ വനിതാ-ശിശുവികസന ഓഫീസ് പുറത്തിറക്കിയ  ഡയറക്ടറി പ്രകാശനവും ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു.

പ്രിന്‍സിപ്പല്‍ ആന്‍ വി. ഈശോ അധ്യക്ഷയായി.  ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ നിത ദാസ് മുഖ്യപ്രഭാഷണം നടത്തി.  പോഷ് ആക്ട്-2013, നിയമ ബോധവല്‍കരണ ക്ലാസ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്-റിസോഴ്സ് പേഴ്സണ്‍ അഡ്വ. മുഹമ്മദ് അന്‍സാരി നയിച്ചു.
ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു

പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കുന്നതിനായി ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ച് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്. ഓമല്ലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി കേരള ഗ്രാമീണ്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ഇവ സ്ഥാപിച്ചത്. മറ്റു മാലിന്യങ്ങള്‍ ബോട്ടില്‍ ബൂത്തില്‍ നിക്ഷേപിച്ചാല്‍ പിഴ ചുമത്തും.

വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അധ്യക്ഷയായി. അംഗങ്ങളായ മിനി വര്‍ഗീസ്, ഉഷ റോയി , ജി സുരേഷ് കുമാര്‍, റിജു കോശി, എന്‍ മിഥുന്‍, കെ അമ്പിളി, പഞ്ചായത്ത് സെക്രട്ടറി രഞ്ജിമ, അസിസ്റ്റന്റ് സെക്രട്ടറി പ്രമോജ് കുമാര്‍, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ക്രിസ്റ്റി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിജിറ്റല്‍ ഫ്രീലാന്‍സിങ് കോഴ്‌സ്

തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ ഫ്രീലാന്‍സിങ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 6000 രൂപ ചെലവുള്ള കോഴ്‌സില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 പേര്‍ക്ക് 50ശതമാനം സ്‌കോളര്‍ഷിപ്പോടെ 3000 രൂപ മാത്രം. ഫോണ്‍:  9495999688.

77 ഗ്രാമീണ റോഡുകള്‍ക്ക് അനുമതി

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ  പി എം ജി എസ് വൈയുടെ നാലാം ഘട്ടത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ 77 റോഡുകള്‍ക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു.  ദേശീയ നിലവാരത്തില്‍ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ്  മുന്‍ഗണന നല്‍കുന്നത്. 6 മീറ്റര്‍ വീതിയും കുറഞ്ഞത് 500 മീറ്റര്‍ മുതല്‍ നീളവുമുള്ള ഗ്രാമീണറോഡുകളാണ് പ്രാഥമികപരിശോധനകള്‍ക്ക്‌ശേഷം പട്ടികയില്‍ ഇടം പിടിച്ചത്. 5 വര്‍ഷത്തേക്കാണ് പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ റോഡുകളില്‍ നിന്നും 10 ശതമാനം റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും വ്യക്തമാക്കി.

error: Content is protected !!