Trending Now

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം 2022 പ്രഖ്യാപിച്ചു

 

konnivartha.com: സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമായ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. സാമൂഹ്യപ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകൾക്കും യുവാ ക്ലബ്ബുകൾക്കും അവളിടം ക്ലബ്ബുകൾക്കുമുള്ള (യുവതി ക്ലബ്ബുകൾ) പുരസ്ക്കാരവും പ്രഖ്യാപിച്ചു.

അവാർഡിനർഹരാകുന്ന വ്യക്തികൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകും. ജില്ലയിലെ മികച്ച യൂത്ത് – യുവാ- അവളിടം ക്ലബ്ബുകൾക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച യൂത്ത് – യുവാ – അവളിടം ക്ലബ്ബുകൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകുമെന്നും മന്ത്രി പറഞ്ഞു.

സാമൂഹികപ്രവർത്തനത്തിനുള്ള പുരസ്കാരം മുഹമ്മദ് ഷബീർ ബി- ക്കാണ്. ഹരിപ്പാട് ആയാപറമ്പിൽ പ്രവർത്തിക്കുന്ന ഗാന്ധിഭവൻ, സ്നേഹ വീടിന്റെ മുഖ്യ ചുമതലക്കാരനായി പ്രവർത്തിക്കുന്നു. ജീവകാരുണ്യ കൂട്ടായ്മകൾ, ബ്ലഡ് ഡൊണേഷൻ സെൽ, ആക്സിഡന്റ് ഹെൽപ്പ് കെയർ, വയോജന സംരക്ഷണ പ്രവർത്തനങ്ങൾ, ഭിന്നശേഷി മേഖലയിലെ പ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, തൊഴിൽ പരിശീലന പ്രവർത്തനങ്ങൾ, കാർഷിക-പരിസ്ഥിതി പ്രവർത്തനങ്ങൾ തുടങ്ങി മുഹമ്മദ് ഷബീർ നടപ്പിലാക്കിയ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹനാക്കിയത്.

ദൃശ്യമാധ്യമ വിഭാഗത്തിലുള്ള പുരസ്കാരം അരുണിമ കൃഷ്ണനാണ്. തിരുവനന്തപുരം ദൂരദർശനിൽ വെള്ളായണി കായൽ ശുചീകരണം വിഷയമാക്കി തയ്യാറാക്കിയ റിപ്പോർട്ട് പരിഗണിച്ചാണ് അരുണിമ കൃഷ്ണനെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹയാക്കിയത്.

പ്രിന്റ് മീഡിയ വിഭാഗത്തിലുള്ള പുരസ്കാരം മാതൃഭൂമി ലേഖകൻ ആർ.റോഷന് ലഭിച്ചു. കഴിഞ്ഞ 18 വർഷമായി ബിസിനസ് ജേർണലിസ്റ്റ്, ബിസിനസ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സംരംഭക രംഗത്തേക്ക് ചുവടുവയ്ക്കുന്ന യുവജനങ്ങൾക്ക് വഴികാട്ടിയാണ് റോഷൻ. സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച പിന്തുണ കൊടുക്കുന്ന ബിസിനസ് റിപ്പോർട്ടറാണ്. യുവാക്കളുടെ സംരംഭക ശേഷിയെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളുടെയും സംഭവങ്ങളുടെയും കണ്ടെത്തലുകളാണ് റോഷന്റെ റിപ്പോർട്ടുകളുടെ സവിശേഷത. ഇവ പരിഗണിച്ചാണ് ആർ.റോഷനെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹനാക്കിയത്.

കലാ വിഭാഗത്തിലുള്ള പുരസ്കാരത്തിന് ഐശ്വര്യ കെ.എ അർഹയായി. സമകാലിക വിഷയങ്ങളെ നൃത്തരൂപത്തിൽ അവതരിപ്പിച്ചാണ് ഐശ്വര്യ തന്റെ സാമൂഹിക ദൗത്യം നിറവേറ്റുന്നത്. കല സാമൂഹിക പ്രവർത്തനങ്ങൾക്ക് കൂടി വിനിയോഗിക്കാമെന്ന വ്യക്തമായ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് മോഹിനിയാട്ടം എന്ന കലാരൂപത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചതിനാലാണ് ഐശ്വര്യ കെ.എ -യെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹയാക്കിയത്.

കായിക വിഭാഗത്തിലെ പുരുഷന്മാർക്കുള്ള പുരസ്കാരത്തിന് ഷിനു ചൊവ്വ അർഹനായി. കേരളത്തിലെ ആദ്യത്തെ മെൻസ് ഫിസിക് ഇന്റർ നാഷണൽ അത്‌ലറ്റ്, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സൗത്ത് കൊറിയയിൽ നടന്ന വേൾഡ് ബോഡി ബിൽഡിംഗ് ആൻഡ് മെൻസ് ഫിസിക് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി. ഏറ്റവും കൂടുതൽ അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത മലയാളി, ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ മലയാളി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി തായ്‌ലന്റ് ഫുക്കറ്റിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ മുൻ ലോക ചാമ്പ്യനെയും, ഏഷ്യൻ ചാമ്പ്യനെയും പിൻതള്ളി വെങ്കലമെഡൽ കരസ്ഥമാക്കി. ഇവ പരിഗണിച്ചാണ് ഷിനു ചൊവ്വ-യെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹനാക്കിയത്.

കായിക മേഖല വനിത വിഭാഗത്തിൽ രണ്ട് പേർ അവാർഡ് പങ്കിട്ടു. അനഘ വി.പിയും ദേവപ്രിയയുമാണ് പുരസ്കാരത്തിന് അർഹരായത്. അനഘ വേൾഡ് യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് മത്സരത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കി. വിവിധ പവർ ലിഫ്റ്റിംഗ് മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയത് പരിഗണിച്ചാണ് അനഘ വി.പി-യെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹയാക്കിയത്. ദേവപ്രിയ ഡി 2022-ൽ ജമ്മു-കാശ്മീരിൽ വച്ച് നടന്ന അഞ്ചാമത് ഇന്ത്യൻ സ്റ്റേറ്റ് ചലഞ്ചർ നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പ്, ഗുജറാത്തിൽ വച്ച് നടന്ന 36-ാംമത് നാഷണൽ ഗെയിംസിൽ റോവിംഗ് എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ചു. നിരവധി ദേശീയ-അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയത് പരിഗണിച്ചാണ് ദേവപ്രിയ ഡി-യെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹയാക്കിയത്.

സാഹിത്യ വിഭാഗത്തിൽ കിംഗ് ജോൺസ് പുരസ്കാരത്തിന് അർഹനായി. പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമ്പോൾ ഇന്ത്യൻ സമൂഹത്തിൽ തീവ്രമായേക്കാവുന്ന വെറുപ്പിന്റെയും അന്യവൽക്കരണത്തിന്റെയും അഭയാർത്ഥിത്വത്തിന്റെയും ഭാവിയിലേക്ക് സ്വാതന്ത്ര്യമായൊരു ഭാവന സഞ്ചാരമാണ് കിംഗ് ജോൺസിന്റെ “സർക്കാർ’ എന്ന നോവൽ. പൗരത്വഭേദഗതി നിയമത്തെ ആസ്പദമാക്കി രചിച്ച സർക്കാർ എന്ന നോവലാണ് കിംഗ് ജോൺസ്-നെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹനാക്കിയത്.

കൃഷി വിഭാഗത്തിൽ ജെ.ജ്ഞാനശരവണൻ പുരസ്കാരത്തിന് അർഹനായി. സമഗ്രവും നൂതനവുമായ കൃഷിരീതികൾ, വിവിധങ്ങളായ യന്ത്രവൽക്കരണം, മൂല്യ വർദ്ധിത ഉൽപ്പനങ്ങളുടെ സംയോജിത കൃഷി, മണ്ണ്, ജലസംരക്ഷണം, കാർഷിക വൃത്തിയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ജെ. ജ്ഞാനശരവണനെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹനാക്കിയത്.

സംരംഭകത്വ വിഭാഗത്തിൽ അൻസിയ കെ.എ അവാർഡിനർഹയായി. ഉമ്മീസ് നാച്ച്വറൽസ് എന്ന സ്ഥാപനത്തിന്റെ ഉടമ. പുതിയ വിപണന തന്ത്രങ്ങൾ ഫല പ്രദമായി ഉപയോഗിച്ച് പാരമ്പര്യത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് സംരംഭകത്വമേഖലയിൽ കഴിവ് തെളിയിച്ചതിനാണ് അൻസിയ കെ.എ-യെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹയാക്കിയത്.

സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബായി ചങ്ങാതിക്കൂട്ടം സാംസ്കാരിക കലാവേദി കോവിൽവിള, ഉച്ചക്കട, തിരുവനന്തപുരവും സംസ്ഥാനത്തെ മികച്ച യുവാ ക്ലബ്ബായി യുവാ ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി പി.ഒ, കോട്ടയവും സംസ്ഥാനത്തെ മികച്ച അവളിടം ക്ലബ്ബായി അവളിടം യുവതി ക്ലബ്ബ് മാന്നാറും മികച്ച യൂത്ത് ക്ലബ്ബുകളായി.

ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബുകളായി ചങ്ങാതിക്കൂട്ടം കലാ-കായിക-സാംസ്കാരിക വേദി, ഉച്ചക്കട, തിരുവനന്തപുരം, ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്, അമ്പലമുക്ക്, ഇളമാട് പി.ഒ, കൊല്ലം, പ്രതീക്ഷ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, ഇളംപള്ളിൽ, പയ്യനല്ലൂർ പി.ഒ, പത്തനംതിട്ട, കൈത്താങ്ങ് സേവാഗ്രാമം & പാലിയേറ്റീവ് കെയർ, ഈരേഴ വടക്ക്, ചെട്ടിക്കുളങ്ങര, ആലപ്പുഴ, മഹാത്മാഗാന്ധി ആർട്സ് & സ്പോർട്സ് ക്ലബ്ബ്, പെരുന്ന, ചങ്ങനാശേരി പി.ഒ, കോട്ടയം, യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബ്, നാലുമുക്ക്, നെല്ലിപ്പാറ പി.ഒ, ഇടുക്കി, പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാ വിനോദിനി ലൈബ്രറി, അശോകപുരം, ആലുവ പി.ഒ, നെഹ്റു സ്മാരക വായനശാല, തളി പി.ഒ, തൃശൂർ, എയിംസ് കലാ-കായികവേദി & ഗ്രന്ഥശാല, കാവിൻപടി, കാരാകുർശ്ശി പി.ഒ, പാലക്കാട്, സിൻസിയാർ കലാ-കായിക സാംസ്കാരിക വേദി, കുഴിപ്പുറം, കവല, മറ്റത്തൂർ പി.ഒ, മലപ്പുറം, ഹെൽത്ത് കെയർ ഫൗണ്ടേഷൻ കാരുണ്യപീഠം ക്യാമ്പസ്, കട്ടിപ്പാറ പി.ഒ, കോഴിക്കോട്, ടി.ആർ.വി സ്മാരക ഗ്രന്ഥശാല, എടഗുനി, പുഴമുടി പി.ഒ, കൽപ്പറ്റ, വയനാട്, യുവപ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, മാതോടം വാരം കടവ്, കണ്ണാടിപ്പറമ്പ് പി.ഒ, കണ്ണൂർ, റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, കീക്കാംകോട്ട്, മടിക്കൈ പി.ഒ, കാസർഗോഡും അവാർഡിന് അർഹമായി.

ജില്ലകളിലെ മികച്ച യുവാ ക്ലബ്ബുകളായി യുവ ക്ലബ്ബ് കുളത്തൂർ, തിരുവനന്തപുരം, യുവ ക്ലബ്ബ് കവിയൂർ, കവിയൂർ പി.ഒ, തിരുവല്ല, പത്തനംതിട്ട, യുവ ക്ലബ്ബ് പള്ളിപ്പാട്, പള്ളിക്കാട് പി.ഒ, ആലപ്പുഴ, യുവ ചങ്ങനാശ്ശേരി, ചങ്ങാനാശ്ശേരി പി.ഒ, കോട്ടയം, യുവ ക്ലബ്ബ് കുറ്റാനശ്ശേരി, പാലക്കാട്, യുവ ക്ലബ്ബ് മങ്കട പള്ളിപ്പുറം, മങ്കട പള്ളിപ്പുറം പി.ഒ, മങ്കട വഴി, മലപ്പുറം, യുവ ബാലുശ്ശേരി, ബാലുശ്ശേരി പി.ഒ, കോഴിക്കോട്, യുവ ക്ലബ്ബ് എമിലി, എമിലി, കൽപ്പറ്റ, വയനാട്, യുവ ക്ലബ്ബ് കാട്ടുവാടി, കാട്ടുവാടി നാറാത്ത് പി.ഒ, കണ്ണൂരും അവാർഡിന് അർഹരായി.

ജില്ലയിലെ മികച്ച അവളിടം ക്ലബ്ബുകളായി അവളിടം യുവതി ക്ലബ്ബ് അഴൂർ, തിരുവനന്തപുരം, അവളിടം യുവതി ക്ലബ്ബ് സീതത്തോട്, പത്തനംതിട്ട, അവളിടം യുവതി ക്ലബ്ബ് മാന്നാർ, മാന്നാർ പി.ഒ, ആലപ്പുഴ, അവളിടം ക്ലബ്ബ് വാഴപ്പള്ളി, കുരുശുംമൂട് പി.ഒ, വാഴപ്പള്ളി, കോട്ടയം, അവളിടം യുവതി ക്ലബ്ബ് കള്ളിപ്പാറ-വണ്ണപ്പുറം, മുണ്ടൻ മുടി പി.ഒ, കള്ളിപ്പാറ, ഇടുക്കി, അവളിടം ക്ലബ്ബ് തൃക്കാക്കര, എറണാകുളം, അവളിടം യുവതി ക്ലബ്ബ് പാവറട്ടി, മീഡിയ സിറ്റി, സെന്റ് തോമസ് ഷോപ്പിംഗ് കോംപ്ലക്സ് പാവറട്ടി, തൃശൂർ, അവളിടം ചിറ്റൂർ, പാലക്കാട്, അവളിടം യുവതി ക്ലബ്ബ് പറപ്പൂർ, ഇരിങ്ങല്ലൂർ, അമ്പലമാട്, വേങ്ങര വഴി, മലപ്പുറം, അവളിടം യുവതി ക്ലബ്ബ് മുക്കം, മുക്കം പി.ഒ, കോഴിക്കോട്, അവളിടം യുവതി ക്ലബ്ബ് തൊണ്ടർനാട്, തൊണ്ടർനാട് പി.ഒ, വയനാട്, അവളിടം യുവതി ക്ലബ്ബ് മയ്യിൽ, മയ്യിൽ പി.ഒ, കണ്ണൂർ, അവളിടം യുവതി ക്ലബ്ബ് പിലിക്കോട്, കാലിക്കടവ് പി.ഒ, പിലിക്കോട്, കാസർഗോഡും അവാർഡിനർഹരായതായും മന്ത്രി അറിയിച്ചു.

സെക്രട്ടേറിയറ്റ് പി.ആർ ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, മെമ്പർ സെക്രട്ടറി പ്രസന്നകുമാർ വി ഡി എന്നിവർ പങ്കെടുത്തു.

error: Content is protected !!