konnivartha.com: കാൻസർ രോഗബാധിതരായവരെ തിരികെ സാധാരണ ജീവിത ക്രമത്തിലേയ്ക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ഓങ്കോ റിഹാബിലിറ്റേഷൻ ക്ലിനിക് ലോക കാൻസർ ദിനത്തിൽ കൊച്ചി അമൃത ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു . സംസ്ഥാനത്ത് ചുരുക്കം ചില ആശുപത്രികളിൽ മാത്രമാണ് ഇത്തരം ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.
ഇതോടൊപ്പം പ്രാരംഭ ദശയിൽ തന്നെ അർബുദ നിർണയം നടത്തി രോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ പ്രവർത്തനവും അമൃതയിൽ ആരംഭിച്ചു. ലോക കാൻസർ ദിനത്തിൽ നടന്ന ചടങ്ങിൽ പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിനിമാതാരം ഊർമ്മിള ഉണ്ണി നിർവഹിച്ചു.
കാന്‍സര്‍ ശരീരത്തെ മാത്രമല്ല, രോഗിയുടെ മനസിനെയും ബാധിച്ചേക്കാം. കാന്‍സറാണെന്ന് അറിയുന്ന നിമിഷം ഒരാള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. അതുകൊണ്ടു തന്നെ രോഗിയുടെ ശാരീരികവും, മാനസികവുമായ ചികിത്സ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓങ്കോ റിഹാബലിറ്റേഷൻ സെൻ്ററിൻ്റെ പ്രവർത്തനം അമൃത ആശുപത്രിയിൽ തുടങ്ങിയതെന്ന് റിഹാബിലിറ്റേഷൻ ക്ലിനിക്കിനു നേതൃത്വം നൽകുന്ന ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മേധാവി ഡോ. രവി ശങ്കരൻ, ഡോ. ആനന്ദ് രാജ എന്നിവർ വ്യക്തമാക്കി.
ഇതോടനുബന്ധിച്ച് ഡിജിറ്റൽ കാൻസർ രജിസ്ട്രിയുടെ ഉദ്ഘാടനം ICMR ഡയറക്ടർ ഡോ. പ്രശാന്ത് മധുറും , അമൃതം ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം എഴുത്തികാരിയും നടിയുമായ ഷേർലി സോമസുന്ദരവും നിർവഹിച്ചു. അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ ബീന. കെ. വി, മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. പവിത്രൻ, ഡോ പ്രിയ ഭാട്ടി, ഡോ. ഡി. കെ. വിജയകുമാർ, ഡോ. നീതു. പി. കെ, ഡോ. രശ്മി, തുടങ്ങിവർ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി ‘പ്രിവൻ്റീവ് ഓങ്കോളജി’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ. ദേബ് നാരായൺ ദത്ത, ഡോ. വിജയകുമാർ, ഡോ. പ്രിയ നായർ, ഡോ. നീതു. പി. കെ, ഡോ. ലക്ഷ്മി, ഡോ. നിഖിൽ കെ. എച്ച് തുടങ്ങിയവർ പങ്കെടുത്തു.