കോന്നി മെഡിക്കല്‍ കൊളജ് ഫോറന്‍സിക് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു
കോന്നി മെഡിക്കല്‍ കൊളജ് ഫോറന്‍സിക് ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2.09 കോടി രൂപയാണ് ഫോറന്‍സിക് ബ്ലോക്കിന്റെ നിര്‍മാണ ചിലവ്. ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ് ചേമ്പര്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്‌സി ടേബിള്‍, മെഡിക്കല്‍ ഓഫീസര്‍ റൂം, സ്റ്റാഫ് റൂമുകള്‍, റിസപ്ഷന്‍ എന്നിവ ക്രമീകരിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.
ഒന്നാം ഘട്ടത്തില്‍ 167.33 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച 300 കിടക്കകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി വഴി 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. പീഡിയാട്രിക് ഐസിയു, ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ ലേബര്‍ റൂം, വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഡീന്‍ വില്ല, ബ്ലഡ് ബാങ്ക് എന്നിവ യാഥാര്‍ത്ഥ്യമാക്കി. ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാന്‍ സ്ഥാപിച്ചു. 200 കിടക്കകളുള്ള ആശുപത്രി കെട്ടിടം, 1000 സീറ്റുകളുള്ള ഓഡിറ്റോറിയം, അക്കാഡമിക് ബ്ലോക്ക് ഫേസ് രണ്ട് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
പരാതികളും പോരായ്മകളുമില്ലാതെയാണ് മെഡിക്കല്‍ കൊളജിന്റെ പ്രവര്‍ത്തനമെന്ന് അധ്യക്ഷന്‍ കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, കോന്നി മെഡിക്കല്‍ കൊളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. എസ്. നിഷ, സൂപ്രണ്ട് ഡോ. എ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബശ്രീ ‘ഹാപ്പി കേരളം ഇടം കേളീരവ’ ത്തിന് തുടക്കം
കുടുംബശ്രീ ഹാപ്പികേരളം ഹാപ്പിനസ് സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വള്ളിക്കോട് മോഡല്‍ സി.ഡി.എസില്‍ ഇടം കേളീരവം രൂപീകരണ ഉദ്ഘാടനം ആരോഗ്യവനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് നിര്‍വഹിച്ചു.
വ്യക്തികള്‍ സന്തോഷമുള്ളവരാകുക അതുവഴി കുടുംബത്തില്‍ സന്തോഷമുണ്ടാകുക അങ്ങനെ സന്തോഷസമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഹാപ്പി കേരളം ഇടം കേളീരവം. ഓരോ വ്യക്തികളുടെയും സന്തോഷത്തിന് വിഘാതമാകുന്ന ഘടകങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കുകയും മുന്‍ഗണന അടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരം നടത്തുകയുമാണ് ആദ്യഘട്ടം. ഒരു വാര്‍ഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് ഇടം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. കുടുംബങ്ങളുടെ സന്തോഷസൂചിക കണ്ടെത്താന്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും പരിശീലനവും ക്രമീകരിച്ചിട്ടുണ്ട്. മോഡല്‍ സി.ഡി.എസുകളിലെ അടുത്തടുത്തുള്ള 20 വീടുകള്‍ ചേര്‍ന്നതാണ് ഇടം എന്ന് അറിയപ്പെടുക.
അഡ്വ. കെ. യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹന്‍ നായര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു രേഖ, ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ, ജനപ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ്-എ.ഡി.എസ് അംഗങ്ങള്‍, ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹാപ്പികേരളം റിസോഴ്‌സ് പേഴ്‌സണ്‍മാരായ അര്‍ച്ചന കൃഷ്ണന്‍, വിനീത വി. ഷൈലജ കുമാരി, ബീനാസോമന്‍, ഹാപ്പിനസ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ആശ എസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
സ്‌കൂളുകള്‍ക്ക് അവധി
മല്ലപ്പളളി താലൂക്കിലെ 12 സ്‌കൂളുകള്‍ക്ക് കോട്ടാങ്ങല്‍ പടയണിയോടനുബന്ധിച്ച് ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉത്തരവായി.
സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കുളത്തൂര്‍, എന്‍എസ്എസ് എച്ച്എസ്എസ് വായ്പൂര്‍, സെന്റ് ജോസഫ് എച്ച്എസ് കുളത്തൂര്‍, ലക്ഷ്മിവിലാസം എല്‍പി സ്‌കൂള്‍ പൊറ്റമല കുളത്തൂര്‍, ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചുങ്കപ്പാറ, സെന്റ് ജോര്‍ജ് എച്ച്എസ് ചുങ്കപ്പാറ, സിഎംഎസ് എല്‍പിഎസ് ചുങ്കപ്പാറ, അല്‍ ഹിന്ദ് പബ്ലിക് സ്‌കൂള്‍ കോട്ടാങ്ങല്‍, സര്‍ക്കാര്‍ എല്‍പിഎസ് കോട്ടാങ്ങല്‍, ലിറ്റില്‍ ത്രേസിയാസ് എല്‍പി സ്‌കൂള്‍ കോട്ടാങ്ങല്‍ ആലപ്രക്കാട്, മുഹമ്മദന്‍സ് എല്‍പി സ്‌കൂള്‍ ശാസ്താംകോയിക്കല്‍ വായ്പൂര്‍, സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ശാസ്താംകോയിക്കല്‍ വായ്പൂര്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്ന 50 വയസ് പൂര്‍ത്തിയാകാത്ത(2024 ഡിസംബര്‍ 31 നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് സമയം അനുവദിച്ചു. അടൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2025 മാര്‍ച്ച് 18വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്‌ട്രേഷന്‍ കാര്‍ഡ്, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരായോ/ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 04734 224810.
അപേക്ഷാ തീയതി നീട്ടി
എസ്ആര്‍സി കമ്മ്യൂണിറ്റി കൊളജില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ, അഡ്വാന്‍സിഡ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷിക്കാനുളള തീയതി ഫെബ്രുവരി 15 വരെ നീട്ടി. ഫോണ്‍: 0471 2325101, 8281114464. വെബ് സൈറ്റ് : www.srccc.in
കരാര്‍ നിയമനം
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ കെമിക്കല്‍ വിഭാഗത്തിലേക്ക് ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് തസ്തികകളിലേക്ക് ഒരുവര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
സീനിയര്‍ അനലിസ്റ്റ് : യോഗ്യത 50ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നുവര്‍ഷം കുറയാത്ത പ്രവൃത്തി പരിചയവും (എന്‍എബിഐ അക്രഡിറ്റേഷന്‍ ഉളള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം) പ്രതിമാസ വേതനം 25000 രൂപ.
ജൂനിയര്‍ അനലിസ്റ്റ്: യോഗ്യത : 50ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ ഫുഡ് ടെക്‌നോളജി ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരുവര്‍ഷം കുറയാത്ത പ്രവൃത്തി പരിചയവും. പ്രതിമാസ വേതനം 15000 രൂപ. അവസാന തീയതി ഫെബ്രുവരി 15.
വെബ് സൈറ്റ് : www.supplycokerala.com, www.cfrdkerala.in
ഫോണ്‍ : 0468 2961144.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ , ബ്യൂട്ടീഷന്‍ പരിശീലനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8330010232.
ഡോക്ടര്‍ നിയമനം
വടശ്ശേരിക്കര പഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 11. യോഗ്യത : എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ഉണ്ടായിരിക്കണം.
ഫോണ്‍: 6235659410, 04735 251773.
അധ്യാപക ഒഴിവ്
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 10ന് നടക്കും. പിജിടി (ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്) ടിജിടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്,സോഷ്യല്‍ സയന്‍സ്,സംസ്‌കൃതം, കണക്ക് ) പ്രൈമറി ടീച്ചര്‍ , പ്രീ-പ്രൈമറി ടീച്ചര്‍ (ബാലവാടിക), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, നഴ്‌സ് അഭിമുഖം ഫെബ്രുവരി 10ന് രാവിലെ ഒമ്പത് മുതലും ഇന്‍സ്ട്രക്ടര്‍ (യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്) കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, മലയാളം ടീച്ചര്‍ തസ്തികകളില്‍ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് ഒന്നുമുതലും നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റ്, ഒരു സെറ്റ് കോപ്പി, തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. വെബ്‌സൈറ്റ് :www.chenneerkara.kvs.ac.in
ഫോണ്‍ : 0468 2256000.
ആനുകൂല്യ വിതരണം
കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് തൊഴിലാളികള്‍ക്ക് 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ചികിത്സ, മരണാനന്തരം, വിവാഹം, പ്രസവം, വിദ്യാഭ്യാസം, പെന്‍ഷന്‍കാര്‍ക്ക് അംശദായ റീഫണ്ട്, മരണാനന്തര ചെലവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ വി. ശശികുമാര്‍ അറിയിച്ചു. 53.73 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നത്.
സൗജന്യ പരിശീലനം
നാല്‍പ്പത് വയസില്‍ താഴെ പ്രായമുള്ള എസ്സി/ ജനറല്‍ വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന സൗജന്യ പരിശീലനം നല്‍കുന്നു. ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതിയായ ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചുള്ള സര്‍വേയിംഗില്‍, ഐടിഐ സിവില്‍/ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനിയറിംഗ്/ ബി.ടെക് സിവില്‍ ആണ് യോഗ്യത. അവസാന തീയതി ഫെബ്രുവരി 10. ഫോണ്‍: 0468 2224070