Trending Now

റിവേഴ്‌സ് ക്വാറന്റൈന്‍  സെന്‍ററുകള്‍  സജ്ജമാക്കണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അറുപത് വയസിനു മുകളില്‍ പ്രായമായവര്‍ക്ക് റിവേഴ്സ് ക്വാറന്റൈന്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിവേഴ്സ് ക്വാറന്റൈന്‍ സെന്ററുകള്‍ തയാറാക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഇതിനായി ജില്ലയില്‍ ഭാവിയില്‍ കൂടുതല്‍ റിവേഴ്സ് ക്വാറന്റൈന്‍ സെന്ററുകള്‍ ആരംഭിക്കേണ്ടി വരുമെന്നും അതിനായി കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

36 ഓള്‍ഡ് ഏജ് ഹോമുകള്‍, നാലു മാനസിക, സാമൂഹ്യ പുനരധിവാസ കേന്ദ്രങ്ങള്‍, ആറ് ഭിന്നശേഷി സൗഹൃദ ഹോമുകള്‍, മൂന്ന് അഗതിമന്ദിരങ്ങള്‍, 38 അനാഥാലയങ്ങള്‍ എന്നിവ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് വിലയിരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സംബന്ധിച്ച പ്രൊഫോര്‍മ റിപ്പോര്‍ട്ട് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സമര്‍പ്പിക്കണം. ഒരാഴ്ചയ്ക്കുളളില്‍ ഈ സ്ഥാപനങ്ങളിലെ എല്ലാ അന്തേവാസികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിനുളള സൗകര്യം ചെയ്തു നല്‍കുന്നതിന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കായി പരമാവധി 20 കിടക്കകളുളള സിഎഫ്എല്‍ടിസി സജ്ജീകരിക്കേണ്ടതാണെന്നും മതിയായ സുരക്ഷ ഉണ്ടാകണമെന്നും കോഴഞ്ചേരി തഹസില്‍ദാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
റിവേഴ്സ് ക്വാറന്റൈനിലുളളവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നതിനായി ആശാ വര്‍ക്കര്‍, അംഗന്‍വാടി വര്‍ക്കര്‍, കുടുംബശ്രീ എന്നിവരുടെ സേവനം ഉപയോഗിക്കാം.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ചിട്ടുളള പഞ്ചായത്ത്തല ഹെല്‍പ്പ് ഡെസ്‌ക് മുഖേന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുളളവ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണം. സാമൂഹ്യ നീതി വകുപ്പ് ഇതിനായി ജില്ലാതല കോ-ഓര്‍ഡിനേഷന്‍ നടത്തണം.
റിവേഴ്സ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആശാ വര്‍ക്കര്‍മാര്‍ മുഖേന മരുന്നുകള്‍ എത്തിച്ചു നല്‍കണം. റിവേഴ്സ് ക്വാറന്റൈനില്‍ കഴിയുന്നവരില്‍ രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് ടെസ്റ്റുകള്‍ നടത്തണം. ഇത്തരത്തിലുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്ക്കുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ആക്ഷന്‍ പ്ലാന്‍ തയ്യാറാകണം .
യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ ചെല്‍സാ സിനി, ജില്ലാ ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ. എല്‍.ഷീജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ ജാഫര്‍ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു