ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തർക്കത്തിൽ ഏർപ്പെടുകയും, മർദ്ദനത്തെതുടർന്ന് യുവാവ് കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കോന്നി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ കൂടൽ പോലീസ് അതിവേഗം പിടികൂടി.
കൂടൽ കലഞ്ഞൂർ കഞ്ചോട് അലിയാത്ത് വീട്ടിൽ മനു (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. കലഞ്ഞൂർ ഒന്നാംകുറ്റി കൊച്ചുപുത്തൻ വീട്ടിൽ ശിവപ്രസാദ് (36) ആണ് ഉടനടി പോലീസിന്റെ പിടിയിലായത്.
സുഹൃത്തുക്കളായ ഇരുവരും ഇന്നലെ രാത്രി തുടങ്ങിയ മദ്യപാനം ഒടുവിൽ വാക്കുതർക്കത്തിലും അടിപിടിയിലും കലാശിക്കുകയായിരുന്നു. മനു ഹിറ്റാച്ചി ഡ്രൈവറാണ്, പരിക്കേറ്റ ഇയാളെ പ്രതി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം സ്ഥലത്തുനിന്നും കടന്നു. വിവരമറിഞ്ഞയുടൻ കൂടൽ പോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങിയിരുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, കോന്നി ഡി വൈ എസ് പി റ്റി രാജപ്പന്റെ നേതൃത്വത്തിൽ വ്യാപകമാക്കിയ തെരച്ചിലിൽ കുമ്പഴയിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ ശിവപ്രസാദിനെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ ഇവിടുത്തെ വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിയുടെ വീട്ടിലിരുന്നായിരുന്നു ഇരുവരും മദ്യപിച്ചത്, സ്ഥിരമദ്യപാനിയായ ഇയാൾ ഒറ്റയ്ക്കാണ് താമസം.സംഭവശേഷം ഇയാൾ തന്നെ സ്ഥലത്തെ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു, തുടർന്ന് ആംബുലൻസ് വരുത്തി മനുവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞയുടനെ പോലീസ് സംഘം വീട്ടിലെത്തുമ്പോഴേക്കും മനുവിനെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന്, പോലീസ് പത്തനാപുരത്തെ ആശുപത്രിയിൽ അന്വേഷിച്ചെത്തിയപ്പോൾ യുവാവ് കൊല്ലപ്പെട്ടതറിഞ്ഞ പ്രതി മുങ്ങിയിരുന്നു.
ഫോണിന്റെ ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശേഖരിച്ച പോലീസ്, ലഭ്യമായ രഹസ്യവിവരത്തെതുടർന്നു ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അതിവേഗം നടത്തിയ നീക്കത്തിലാണ് പ്രതിയെ വലയിലാക്കിയത്. സംഘത്തിൽ കോന്നി പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും, കൂടൽ സ്റ്റേഷനിലെ എസ് ഐമാരായ ആർ അനിൽ കുമാർ, ബിജുമോൻ , എസ് സി പി ഓമാരായ അജികർമ്മ, പ്രശാന്ത് , രാജേഷ് , അനിൽകുമാർ , സി പി ഓ വിജീഷ് എന്നിവരും ഉണ്ടായിരുന്നു.