Trending Now

കടുവ യുവതിയെ കൊന്നുതിന്നു: വെടിവയ്ക്കാൻ ഉത്തരവ്

Spread the love

 

വയനാട്ടിൽ കടുവ യുവതിയെ കൊന്നുതിന്നു. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്.പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്.

ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേർന്നു പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. മൃതദേഹം അൽപ്പദൂരം വലിച്ചിഴച്ചുകൊണ്ടുപോയി.

കടുവയെ കണ്ടാല്‍ ഉടന്‍ വെടി വെക്കാന്‍ ഉത്തരവ് ഇറങ്ങി .വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. വനത്തോട് ചേര്‍ന്നുകിടക്കുന്ന തോട്ടം മേഖലയിലാണ് കടുവ ആക്രമണം ഉണ്ടായത്. വയനാട് പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഈ മാസം 17നാണ് പിടികൂടിയിരുന്നത്. ഇതിന് പിന്നാലെയാണ് ഭീതി പരത്തുന്ന മറ്റൊരു കടുവ ആക്രമണം നടന്നത്.

error: Content is protected !!