Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/01/2025 )

ജില്ലാ ക്ഷീരസംഗമത്തിന് തുടക്കം

ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമം ‘നിറവ്-2025’ ന് കോട്ട ശ്രീദേവി ക്ഷേത്രഓഡിറ്റോറിയത്തില്‍ തുടക്കം. ഉദ്ഘാടനത്തോടനുബന്ധിച്ച് കിഡ്‌സ് ഡയറി ഫെസ്റ്റ് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ ബി മഞ്ജു ഉദ്ഘാടനം ചെയ്തു.

ക്ഷീരസംഗമത്തിന്റെ രണ്ടാം ദിനമായ  (ജനുവരി 17) രാവിലെ 7.30 ന് കന്നുകാലി പ്രദര്‍ശനമല്‍സരവും മില്‍മയുടെ നേതൃത്വത്തില്‍ ഗോരക്ഷാ ക്യാമ്പും ക്ഷീരസംഘം ജിവനക്കാര്‍ക്ക് ശില്‍പശാലയും നടക്കും.

(ജനുവരി 18) രാവിലെ 11 ന് പൊതുസമ്മേളനം ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം പി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ് നടത്തി; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നേതൃത്വം നല്‍കി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷനുകളുടെ വിഭജനവും അതിര്‍ത്തി നിര്‍ണയവും നടത്തുന്നതിനായി ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ ഹിയറിങ് തുടങ്ങി. സംസ്ഥാനത്തെ ആദ്യ ഹിയറിങ് ആണ് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നത്.

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കാന്‍ പരാതിക്കാരെ നേരില്‍ കേള്‍ക്കുകയായിരുന്നു കമ്മീഷന്‍.

മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും തിരുവല്ല മുനിസിപ്പാലിറ്റിയും ഇലന്തൂര്‍, റാന്നി, പന്തളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളുമാണ് ആദ്യം പരിഗണിച്ചത്.കോന്നി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട മുനിസിപ്പാലിറ്റിക്കും ഉച്ചയ്ക്കു ശേഷമാണ് ഹിയറിങ് അനുവദിച്ചത്.

പരാതികളില്‍ ന്യായമായ തീര്‍പ്പ് കല്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കമ്മീഷന്‍ അംഗമായ പിഡബ്ല്യുഡി സെക്രട്ടറി കെ.ബിജു, ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി എസ്. ജോസ്‌നാമോള്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ഡീലിമിറ്റേഷന്‍ കമ്മീഷന്‍- ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




മണ്ണടി യൂ.ഐ.ടി സെന്ററിന് 28. 57 ആര്‍ സ്ഥലം അനുവദിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍

കേരള സര്‍വകലാശാലയുടെ യൂ.ഐ.ടി.സെന്ററിന് കെട്ടിടം പണിയുന്നതിന് കടമ്പനാട് വില്ലേജില്‍, മണ്ണടിയില്‍ 28. 57 ആര്‍ ഭൂമി കേരള സര്‍വകലാശാലയുടെ പേരില്‍ പാട്ടത്തിന് നല്‍കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 30 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രീയ വാഴകൃഷി പ്രോത്സാഹിപ്പിക്കണം : ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍

ശാസ്ത്രീയ വാഴകൃഷി പ്രോത്സാഹിപ്പിച്ച് മൂല്യവര്‍ദ്ധിത ഉതപ്ന്നനിര്‍മാണത്തിലൂടെ സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനായി പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന ശാസ്ത്രീയ വാഴകൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴതൈ, വളങ്ങള്‍ എന്നിവയും കീടനാശിനി ഉപകരണങ്ങളും വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള അധ്യക്ഷനായി. വാഴഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗവാസ് രാഗേഷ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റോണി വര്‍ഗീസ്, ഡോ. എം. ഡിക്ടോജോസ്  എന്നിവര്‍ സംസാരിച്ചു.


വനിതാ കമ്മിഷന്‍ അദാലത്ത്: 15 പരാതികള്‍ക്ക് പരിഹാരം

തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. ആകെ ലഭിച്ചത് 60 എണ്ണം. ഏഴെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും രണ്ട് എണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനുമായി നല്‍കി. ജില്ലാ നിയമ സഹായ വേദിയിലേക്ക് മൂന്ന് പരാതി കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 33 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. അഡ്വ. സിനി, അഡ്വ. രേഖ, ഐസിഡിഎസ് കൗണ്‍സിലര്‍മാരായ അഞ്ജു തോമസ്, ശ്രേയ ശ്രീകുമാര്‍, പൊലിസ് ഉദ്യോഗസ്ഥരായ വി വിനീത, പാര്‍വതി കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.


അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വായ്പാവിതരണം : സംസ്ഥാനതല ഉദ്ഘാടനം  (ജനുവരി 17)

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ കുടുംബശ്രീ സിഡിഎസ് മുഖേന നല്‍കുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുളള വായ്പാവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  (ജനുവരി 17) വൈകിട്ട് മൂന്നിന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍ കേളു അബാന്‍ ആര്‍ക്കേഡില്‍ നിര്‍വഹിക്കും. ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്് അധ്യക്ഷയാകും.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ , ആന്റോ ആന്റണി എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ മാത്യൂ ടി. തോമസ്, കെ. യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍,പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍  ചെയര്‍മാന്‍ കെ.കെ ഷാജു തുടങ്ങിയവര്‍ പങ്കെടുക്കും.

ന്യൂനപക്ഷ  കമ്മീഷന്‍ സിറ്റിംഗ് 18ന്

സംസ്ഥാന ന്യൂനപക്ഷ  കമ്മീഷന്‍ പത്തനംതിട്ട സിറ്റിംഗ് ജനുവരി 18ന് രാവിലെ 10ന് പത്തനംതിട്ട സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. നിലവിലുളള പരാതികളോടൊപ്പം പുതിയപരാതികളും സ്വീകരിക്കും. 9746515133 നമ്പരില്‍ വാട്സാപ്പിലൂടെയും പരാതി അയക്കാം.

ഇ-ലേലം 22ന്

പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിലുള്ള ഉപയോഗശൂന്യമായ തടി, ഫര്‍ണിച്ചറുകള്‍, പ്ലൈവുഡ്, സ്‌ക്രാപ്പ് മുതലായവ www.mstcecommerce.com വെബ്സൈറ്റ് മുഖേന ജനുവരി 22 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ-ലേലം നടത്തും. വെബ്സൈറ്റില്‍ ബയര്‍ (വാങ്ങുന്ന വ്യക്തി)  ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2222630.

ഇ-ലേലം 18ന്

ജില്ലാ പോലീസ് സായുധ സേന ആസ്ഥാനത്തുളള ആറ് വാഹനങ്ങള്‍ www.mstcecommerce.com  വെബ്സൈറ്റ് മുഖേന ജനുവരി 18ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ-ലേലം നടത്തും. വെബ്സൈറ്റില്‍ ബയര്‍ (വാങ്ങുന്ന വ്യക്തി) ആയി പേര് രജിസ്റ്റര്‍ ചെയ്ത്പങ്കെടുക്കാം. ഫോണ്‍ : 0468 2222630.

ലേലം

പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സ് ഫാമിലെ കായ്ഫലമുളള 56 തെങ്ങുകളുടെ  ലേലാദായം ശേഖരിക്കുന്നതിനുളള അവകാശം ജനുവരി 29ന്  പകല്‍ 12.30 ന് സൂപ്രണ്ട് ഓഫീസില്‍ ലേലം ചെയ്യും. 1500 രൂപ നിരതദ്രവ്യം കെട്ടിപങ്കെടുക്കാം. ഫോണ്‍ : 0468 2214589.

ടെന്‍ഡര്‍

മല്ലപ്പളളി ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ അങ്കണവാടികള്‍ക്ക്  ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്ന്  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31. ഫോണ്‍ :8281999122.

error: Content is protected !!