മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 41 കേസുകളിൽ നിന്നായി 30,2000 രൂപ പിഴയായി ഈടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കടകൾ, അധിക വില ഈടാക്കിയത്, അളവിലും തൂക്കത്തിലും കൃത്രിമം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്.
സന്നിധാനം ഡ്യൂട്ടി മജിസ്‌ടേറ്റ് ജി.വി. പ്രമോദ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ബാബു കെ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡാണ് കഴിഞ്ഞ ഏഴു ദിവസമായി കർശന പരിശോധനകൾ നടത്തിയത്.
13 പേരടങ്ങുന്ന രണ്ട് സ്‌ക്വാഡുകളായാണ് പരിശോധന. റവന്യൂ, ലീഗൽ മെട്രോളജി, സപ്ലൈകോ, ആരോഗ്യം എന്നീ വകുപ്പുകളാണ് സംയുക്ത സ്‌ക്വാഡിലുള്ളത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുകയും തുടർച്ചായി നിയമലംഘനം കണ്ടെത്തുകയും ചെയ്യുന്ന ഹോട്ടലുകളെയും സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽപ്പെടുത്തി അടുത്ത വർഷങ്ങളിൽ സന്നിധാനത്ത് വ്യാപാരം നടത്തുന്നതിൽ നിന്ന് ഒഴിവാക്കും.