Trending Now

ശബരിമല മകരവിളക്ക്‌ ഇന്ന് : പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 14/01/2025 )

 

 

ശബരിമലയിൽ 14.01.2025 ലെ ചടങ്ങുകൾ

പുലർച്ചെ
3ന് നട തുറക്കൽ.. നിർമ്മാല്യം

3.05ന് അഭിഷേകം

3.30ന് ഗണപതി ഹോമം

3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം

7.30ന് ഉഷപൂജ

8. 45 ന് മകര സംക്രമ പൂജ

12.30ന് ഉച്ചപൂജ

1 മണിക്ക് നട അടയ്ക്കൽ

5 മണിക്ക് നട തുറക്കൽ

6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന

9.30ന് അത്താഴ പൂജ

10.50ന് ഹരിവരാസനം

11ന് നട അടയ്ക്കൽ

മകരജ്യോതി ദർശനത്തിനായി എത്തിയ ഭക്തർക്കുള്ള കേരള പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും നിർദേശങ്ങളും ക്രമീകരണങ്ങളും
* കെഎസ്ആർടിസി വാഹനങ്ങളിൽ ക്യൂ പാലിച്ച് മാത്രം കയറുക.
* മകരജ്യോതി ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളിൽ ചാരി നിൽക്കാനോ കെട്ടിയിരിക്കുന്ന വടം മുറിച്ച് കടക്കാനോ ശ്രമിക്കാതിരിക്കുക
* വാട്ടർ ടാങ്കുകൾ, ഉയരം കൂടിയ കെട്ടിടങ്ങൾ എന്നിവയിൽ കയറി നിൽക്കരുത്
* നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കുക
* മണികണ്ഠസ്വാമികൾ, മാളികപ്പുറങ്ങൾ. വയോധികരായ സ്വാമിമാർ എന്നിവരെ കൂട്ടം തെറ്റാതെ പ്രത്യേകം ശ്രദ്ധിക്കുക.
* സ്വാമിമാർ വന്ന വാഹന നമ്പർ, പാർക്ക് ചെയ്ത ഗ്രൗണ്ട് നമ്പർ, ഡ്രൈവർ ഗുരുസ്വാമിമാരുടെ ഫോൺ നമ്പർ എന്നിവ പ്രത്യേകം വാങ്ങി സൂക്ഷിക്കുക.
* മടങ്ങി പോകുന്ന സ്വാമിമാർ അതത് പാർക്കിംഗ് ഗ്രൗണ്ടുകളിലെത്തി വാഹനങ്ങളിൽ കയറി എത്രയും വേഗം നാട്ടിലേയ്ക്ക് മടങ്ങാൻ ശ്രദ്ധിക്കുക.
* സാവധാനവും സുരക്ഷിതവുമായി വാഹനമോടിക്കുവാൻ ഡ്രൈവർ അയ്യപ്പൻമാർ ശ്രദ്ധിക്കുക.
* 14ന് രാവിലെ 7.30 മണിമുതൽ നിലക്കലിൽ ഗതാഗത നിയന്ത്രണ ങ്ങൾ ഏർപ്പെടുത്തുന്നു.
* 10 മണിവരെ മാത്രമെ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടുള്ളു.
* 12 മണിവരെ മാത്രമെ പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുള്ളു. (തിരുവാഭരണം വലിയാനവട്ടത്ത് എത്തുന്ന സമയം മുതൽ) പിന്നീട് തിരുവാഭരണം ശരംകുത്തിയിൽ എത്തിയതിനുശേഷം മാത്രമെ (വൈകുന്നേരം 5.30 മണിക്ക് ശേഷം) ഭക്തരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിടുള്ളു.
* മരത്തിൻറെ മുകളിൽ നിന്നോ, ഉയരമുള്ള കെട്ടിടങ്ങളുടെ ടെറസ്സിൽ കയറിനിന്ന് വാട്ടർ ടാങ്കുകളുടെ ഉയരെ കയറി നിന്ന് മകരജ്യോതി ദർശനം അനുവദിക്കുന്നതല്ല.
* ഒരു കാരണവശാലും അന്നദാനം നടത്താനോ താൽക്കാലിക പാചകം നടത്താനോ ഭക്തരെ അനുവദിക്കില്ല.

മകരജ്യോതി ദർശിക്കാവുന്ന സ്ഥലങ്ങൾ

I. നിലയ്്ക്കൽ
* അട്ടത്തോട്
* അട്ടത്തോട് പടിഞ്ഞാറെ കോളനി
* ഇലവുങ്കൽ
* നെല്ലിമല
* അയ്യൻമല
II. പമ്പ
* ഹിൽടോപ്പ്
* ഹിൽടോപ്പ് മധ്യഭാഗം
* വലിയാനവട്ടം
III. സന്നിധാനം
* പാണ്ടിത്താവളം
* ദർശനം കോപ്ലക്‌സിന്റെ പരിസരം
* അന്നദാന മണ്ഡപത്തിന്റെ മുൻവശം
* തിരുമുറ്റം തെക്കുഭാഗം
* ആഴിയുടെ പരിസരം
* കൊപ്രാക്കളം
* ജ്യോതി നഗർ
* ഫോറസ്റ്റ് ഓഫീസിന്റെ മുൻവശം
* വാട്ടർ അതോറിറ്റി ഓഫീസിന്റെ പരിസരം

എമർജൻസി മെഡിക്കൽ സെൻററുകൾ
* പാണ്ടിത്താവളം ജംഗ്ഷൻ
* വാവർ നട
* ശരംകുത്തി
* ക്യൂ കോംപ്ലക്‌സ്
* മരക്കൂട്ടം
* ചരൽ മേട്

മകരവിളക്ക്: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

മകരവിളക്കിനു മുന്നോടിയായുള്ള സന്നിധാനത്തുള്ള സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് സ്‌പെഷ്യൽ ഓഫീസർ വി. അജിത്തിന്റെയും എഡിഎം അരുൺ എസ് നായരുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിലയിരുത്തി. പോലീസ്, എൻഡിആർഎഫ്, ആർ പി എഫ്, ഫയർ ഫോഴ്സ്, റവന്യു, ദേവസ്വം ബോർഡ്, കെഎസ്ഇബി, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ സംയുക്തമായി തിങ്കളാഴ്ച വൈകുന്നേരം സന്നിധാനത്തെ പ്രധാന കേന്ദ്രങ്ങൾ പരിശോധിച്ചു. മകരവിളക്ക് ദർശിക്കാനായുള്ള വ്യൂ പോയിന്റുകളിൽ ബാരിക്കേഡ് സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും സജ്ജമാണ്. മതിയായ വെളിച്ചം, മലയിറങ്ങുന്ന വിവിധ പോയിന്റുകളിൽ വൈദ്യസഹായം എന്നിവ ഉൾപ്പടെ മകരവിളക്കിന് ശേഷം ഭക്തർക്ക് തിരിച്ചുപോകുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് എസ് പി വി. അജിത്ത് പറഞ്ഞു.

ചൊവ്വാഴ്ചത്തെ തിരുവഭരണ ഘോഷയാത്രയുടെയും മകരവിളക്കിന്റെയും ഒരുക്കങ്ങൾ പൂർണമായതായി എഡിഎം അരുൺ എസ് നായർ അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര ഉച്ചയോടെ വലിയാനവട്ടത്ത് എത്തി തുടർന്ന് സന്നിധാനത്ത് എത്തിച്ചേരും. വലിയാനവട്ടത്തും പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഘോഷയാത്ര സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. അയ്യായിരം പോലീസുകാരെ വിന്യസിച്ചു. ഭക്തരെ മകരവിളക്കിന് ശേഷം സുരക്ഷിതമായി തിരിച്ചിറക്കുന്നതിന് കൃത്യമായ എക്സിറ്റ് പ്ലാനുണ്ട്. കൃത്യമായ ഇടവേളകളിൽ കെഎസ്ആർടിസി സർവീസ് ഉണ്ടാകും. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഏകോപനം സംയുക്ത പരിശോധനയിൽ ഉറപ്പിച്ചു. എല്ലാ ഭക്തരും ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എഡിഎം അറിയിച്ചു.

ശബരിമല തീർഥാടനകാലം സംതൃപ്തിയോടെ അവസാനഘട്ടത്തിലേക്ക്: മന്ത്രി വി എൻ വാസവൻ

ശബരിമല തീർഥാടന കാലം സംതൃപ്തിയോടെ, പരാതിരഹിതമായി അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ സന്നിധാനത്ത് പറഞ്ഞു. ജനുവരി 12ന് പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര കാനന പാതയിലൂടെ സഞ്ചരിച്ച് 14ന് വൈകീട്ട് സന്നിധാനത്ത് എത്തിച്ചേരും. തിരുവാഭരണം അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. അതേസമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ഇതോടെ മണ്ഡല-മകരവിളക്ക് ഉത്സവകാലം സമാപനത്തോട് അടുക്കും. മുന്നൊരുക്കങ്ങൾ വളരെ മുമ്പേ തന്നെ നടത്താൻ സാധിച്ചതാണ് മികച്ച തീർഥാടനം കാലം ഒരുക്കാൻ വഴിവെച്ചതെന്ന് മന്ത്രി പറഞ്ഞു.

മകരവിളക്ക് കാണാൻ പർണശാലകളിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ഭക്തന്മാർക്ക് ഭക്ഷണം നൽകാൻ സൗകര്യമൊരുക്കി. പർണശാലകളിൽ ഭക്ഷണം പാചകം ചെയ്ത് അപകടം വരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണ് ഈ നടപടി. മകരജ്യോതി വ്യൂ പോയിന്റുകളിൽ പോലീസും ഫയർഫോഴ്സും നേരിട്ട് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കാനന പാതകളിലൂടെ വരുന്ന ഭക്തന്മാർക്കുള്ള സുരക്ഷ പ്രത്യേകമായി ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ജൂലൈ മാസം തന്നെ ആദ്യഘട്ടമായി എഴോളം കേന്ദ്രീകൃത യോഗങ്ങൾ ചേർന്നിരുന്നു. മുഖ്യമന്ത്രി നേരിട്ട് രണ്ട് യോഗങ്ങളിൽ പങ്കെടുത്ത് കാര്യങ്ങൾ വിലയിരുത്തി. എല്ലാ ഇടത്താവളങ്ങളും നേരിട്ട് സന്ദർശിച്ചു. തീർഥാടന തുടക്കത്തിൽ തന്നെ 40 ലക്ഷത്തോളം അരവണ ബഫർ സ്റ്റോക്ക് ഉണ്ടായിരുന്നു. എല്ലാ തീർഥാടകർക്കും ദർശനം ഉറപ്പാക്കാനും അന്നദാനവും ലഘുഭക്ഷണവും നൽകാനായി. തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായി.

മകരവിളക്കിന് ശേഷമുള്ള മടക്കയാത്രയ്ക്കായി എണ്ണൂറോളം കെഎസ്ആർടിസി ബസുകൾ നിലയ്ക്കലിൽ സജ്ജമാക്കിയിട്ടുണ്ട്. മടക്കയാത്രയിൽ തീർഥാടകരുടെ വാഹനങ്ങളുടെ ഡ്രൈവർമാർക്കായി ചുക്കുകാപ്പി വിതരണം ചെയ്യാനുള്ള നിർദേശങ്ങൾ വിവിധ ജില്ലകളിൽ നൽകിയിട്ടുണ്ട്. ആതിഥേയമൂല്യങ്ങൾ ഉറപ്പിച്ചാണ് എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും ശബരിമലയിൽ ഭക്തരെ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

ഉരുൾപൊട്ടലിനെ അതിജീവിച്ച് അയ്യപ്പനെ കാണാ൯ ചൂരൽമലയിൽ നിന്ന്

ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിൽ വേ൪പിരിച്ച ജീവിതങ്ങൾ ജ്യോതി ദ൪ശനത്തിനായി അയ്യപ്പ സന്നിധിയിൽ. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മകര ജ്യോതി ദ൪ശിക്കാനായി മല കയറിയെത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇവർ സന്നിധാനത്ത് എത്തിയത്.

ഈ മൂന്ന് ഗ്രാമങ്ങളിൽ നിന്നും 150 ലധികം ഭക്ത൪ ഓരോ വ൪ഷവും അയ്യപ്പസന്നിധിയിലെത്താറുണ്ട്. മുണ്ടക്കൈ മാരിയമ്മ൯ ക്ഷേത്രത്തിൽ നിന്ന് സുബ്രഹ്മണ്യ൯ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇവ൪ എത്താറുളളത്. എന്നാൽ മാരിയമ്മ൯ ക്ഷേത്രവും സുബ്രഹ്മണ്യ൯ സ്വാമിയും അദ്ദേഹത്തിന്റെ 13 ബന്ധുക്കളും ഉരുൾപൊട്ടലിൽ ഒലിച്ച് പോയി. ഒന്നിച്ച് കഴിഞ്ഞിരുന്ന ഈ മൂന്ന് ഗ്രാമങ്ങളിലെയും ഭക്ത൪ ഇപ്പോൾ പലയിടങ്ങളിലായി വാടക വീടുകളിലാണ് താമസം. മേപ്പാടിയിലെ മാരിയമ്മ൯ ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് ഗുരുസ്വാമി രാമൻകുട്ടിയുടെ നേതൃത്വത്തിൽ 50 പേരാണ് ഇക്കുറി മല ചവിട്ടിയത്.

കഴിഞ്ഞ വ൪ഷം വന്നുപോയ നിരവധി പേ൪ ഇത്തവണ തങ്ങൾക്കൊപ്പമില്ലെന്ന് ഡ്രൈവറായ എം. സോബി൯ വേദനയോടെ പറഞ്ഞു. മുണ്ടക്കൈയിൽ നിന്ന് സോബി൯ മാത്രമാണ് സംഘത്തിലുള്ളത്. അട്ടമലയിൽ നിന്നും കുറച്ച് പേ൪ മാത്രമാണുള്ളത്. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവ൪ക്ക് എത്രയും വേഗം പുനരധിവാസം നൽകാ൯ സ൪ക്കാരിന് കഴിയട്ടെ എന്ന് മാത്രമാണ് ഇവരുടെ പ്രാ൪ഥനയും പ്രത്യാശയും.

കുട്ടികളും മുതി൪ന്നവരുടമക്കം സംഘത്തിൽ 48 പേരാണുള്ളത്. ഇതിൽ അഞ്ച് മാളികപ്പുറങ്ങളും അഞ്ച് കുട്ടികളും 38 പുരുഷന്മാരുമാണുള്ളത്.

സംഘത്തിലുള്ളതിൽ നിരവധി പേ൪ക്ക് വീടുകൾ നഷ്ടമായി. പെയിന്റിംഗ്, ടൈൽസ് ജോലികൾ തുടങ്ങി വിവിധ ജോലികൾ ചെയ്യുന്നവരാണിവ൪. മേപ്പാടിയിൽ വാടക വീട്ടിലാണ് മിക്കവരും ഇപ്പോൾ താമസിക്കുന്നത്. സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ സർക്കാർ സംഘടിപ്പിച്ച അദാലത്ത് വഴി ലഭിച്ചു. ഒരു രാത്രിയിൽ തകർന്ന ജീവിതം രണ്ടാമതും കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണിവ൪. ഉരുൾപൊട്ടലിനെ അതിജീവിച്ച് അയ്യപ്പനെ തൊഴാനെത്തിയ ഇത്തവണ സുഖകരമായ ദ൪ശനം സാധ്യമായെന്ന് കാക്കവയൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ൪ഥിയായ പ്രജ്വൽ എസ് പ്രവീൺ പറഞ്ഞു.

error: Content is protected !!