Trending Now

പി.എം.എ.വൈയുടെ പേരിലെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്- സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പി.എം.എ.വൈ പദ്ധതിയില്‍ ഓഗസ്റ്റ് 14 വരെ ഗുണഭോക്താക്കളെ ചേര്‍ക്കുന്നുവെന്ന പേരിലുള്ള വ്യാജ പ്രചാരണത്തില്‍ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീണ്‍) സ്റ്റേറ്റ് നോഡല്‍ ഓഫീസറും അഡീഷണല്‍ ഡവലപ്പ്മെന്റ് കമ്മീഷണറുമായ വി.എസ്.സന്തോഷ് കുമാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നുണ്ട്. ഈ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാണ് പി.എം.എ.വൈ യുടെ പേരില്‍ വ്യാജ വാട്ട്സ്അപ്പ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്.
പി.എം.എ.വൈ(ജി)യില്‍ ആവാസ്പ്ലസ് മൊബൈല്‍ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് 2019 മാര്‍ച്ച് എട്ടു വരെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി തന്നിരുന്നത്. അങ്ങനെ ചേര്‍ത്ത ഗുണഭോക്താക്കളുടെ ആധാര്‍ പരിശോധനയ്ക്കു ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ വ്യാജ പ്രചാരണങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ച് വി.ഇ.ഒമാരെയോ, ജനപ്രതിനിധികളെയോ സമ്മര്‍ദത്തിലാക്കരുതെന്ന് അഭ്യര്‍ഥിക്കുന്നതായും പി.എം.എ.വൈ (ഗ്രാമീണ്‍) സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹര്‍ക്ക് അപേക്ഷിക്കാന്‍ 14 വരെ അവസരമുണ്ട്. ശനിയാഴ്ച (ഓഗസ്റ്റ് ഒന്ന്) രജിസ്ട്രേഷന്‍ ആരംഭിച്ചതു മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശനിയാഴ്ച രാവിലെ 10.30 ഓടെ തന്നെ 500 ല്‍ അധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 14 വരെ സമയമുള്ളതിനാല്‍ അപേക്ഷകര്‍ തിരക്കുകൂട്ടാതെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.
കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ സമയം നീട്ടികൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.
നേരിട്ടോ, തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌കുകള്‍ വഴിയോ അക്ഷയ കേന്ദ്രം മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാന്‍ 40 രൂപയാണ് ഫീസ്. വിശദവിവരങ്ങളും അപേക്ഷ ഫോറവും www.life2020.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!