konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നീതു ചാർളിയ്ക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി ഉൾപ്പെടെ ഏഴ് അംഗങ്ങൾ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സമർപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസിൻ പ്രകാരം ബ്ലോക്ക് പഞ്ചായത്തിൽ ഈ മാസം 30 ന് രാവിലെ 11 മണിയ്ക്ക് അവിശ്വാസം ചർച്ചയ്ക്ക് എടുക്കും.
കോന്നി ബ്ലോക്ക് പഞ്ചായത്തിൽ 13 അംഗങ്ങളാണ് ആകെ ഉള്ളത്. ഭരണസമിതിയുടെ തുടക്കകാലമായ 2021 ജനുവരിയിൽ യുഡിഎഫ് 07 എൽഡിഎഫ് 06 എന്ന നിലയിലായിരുന്നു. യുഡിഎഫ് അംഗമായ മുൻ തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തണ്ണിത്തോട് ഡിവിഷൻ അംഗം എം.വി അമ്പിളി പ്രസിഡൻ്റ് വകയാർ ഡിവിഷൻ അംഗം ആർ. ദേവകുമാർ വൈസ് പ്രസിഡൻ്റ് എന്ന ഭരണസമിതിയാണ് ഭരണത്തിന് നേതൃത്വം നൽകിയത്. സ്റ്റാൻ്റിങ് കമ്മിറ്റികളായ വികസനം, ആരോഗ്യ വിദ്യാഭ്യാസം എന്നിവ യുഡിഎഫിനും ക്ഷേമകാര്യം എൽഡിഎഫിനും ലഭിച്ചു. എന്നാൽ യുഡിഎഫ് അംഗമായി ഇളകൊള്ളൂർ ഡിവിഷനിൽ നിന്നും ജയിച്ച ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കൂടിയായിരുന്ന ജിജി സജി എൽ ഡി എഫ് പക്ഷത്തേക്ക് കൂറുമാറിയതിനെ തുടർന്ന് 28.07.2021 ൽ പ്രസിഡൻ്റിനെതിരെ അവിശ്വാസം കൊണ്ടുവന്നതിനെ തുടർന്ന് ഭരണമാറ്റം വരുകയും 25.08.2021 ൽ കൂറുമാറിയ അംഗം ജിജി സജി പ്രസിഡൻ്റാകുകയും വൈസ് പ്രസിഡൻ്റായി കൈപ്പട്ടൂർ ഡിവിഷനിൽ നിന്നും വിജയിച്ച സി പി ഐ അംഗം നീതു ചാർളിയും അധികാരത്തിൽ എത്തി.
തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ നിർദേശത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷൻ അംഗം പ്രവീൺ പ്ലാവിളയിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ കൂറുമാറ്റ നിരോദന നിയമപ്രകാരം 20/2021 നമ്പർ കേസ് നൽകുകയും ചെയ്തു. 2023 ജൂലൈ 04 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കൂറുമാറ്റം ശരി വെച്ച് ജിജി സജിയെ ആറ് വർഷത്തേക്ക് അയോഗ്യയാക്കി വിധി പുറപ്പെടുവിച്ചു. തുടർന്ന് അംഗങ്ങളുടെ എണ്ണം 06-06 എന്നാകുകയും ചെയ്തു. 2023 ആഗസ്റ്റ് 03 ന് ഒഴിവു വന്ന പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വരുകയും വോട്ടെടുപ്പിൽ തുല്യത വന്നതോടുകൂടി നറുക്കെടുപ്പിൽ യുഡിഎഫ് അംഗം എം.വി അമ്പിളി വീണ്ടും പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധിയ്ക്കെതിരെ ബഹു.ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അതിനെ തുടർന്ന് ബഹു ഹൈക്കോടതി തുടർ നടപടികൾ തടഞ്ഞു കൊണ്ട് വിധിയ്ക്ക് സ്റ്റേ നൽകി. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ കക്ഷി ചേരുകയും ചെയ്തു. അതിനെ തുടർന്ന് 2024 ജൂലൈ 18 ന് ബഹു ഹൈക്കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് ശരിവെച്ചു. തുടർന്നാണ് ഡിസംബർ 10 ന് ഇളകൊള്ളൂർ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗം ജോളി ഡാനിയൽ 1309 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതോടുകൂടി യുഡിഎഫ് 07 എൽഡിഎഫ് 06 എന്ന നിലയിൽ യുഡിഎഫിന് ഭൂരിപക്ഷമായിരിക്കുകയാണ്. ഇതിനെ തുടർന്ന് ഭരണസമിതിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങളിലും പദ്ധതികളുടെ പൂർത്തീകരണത്തിലും രാഷ്ട്രീയ ഇടപെടൽ നടത്തി പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന വൈസ് പ്രസിഡൻ്റ് നീതു ചാർളിയ്ക്കെതിരെ പ്രസിഡൻ്റ് എം.വി അമ്പിളി, വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എൽസി ഈശോ, അർ.ദേവകുമാർ, ജോളി ഡാനിയൽ, ശ്രീകല നായർ, കെ.ആർ പ്രമോദ്, പ്രവീൺ പ്ലാവിളയിൽ എന്നിവർ ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. ഇതിനെ തുടർന്നാണ് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 157, 1995 ലെ കേരള പഞ്ചായത്ത് രാജ് ( പഞ്ചായത്തിൻ്റെ യോഗ നടപടിക്രമം) ചട്ടങ്ങളുടെ ഭാഗമായി ഈ മാസം 30 ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നത്.