Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 19/12/2024 )

കാനനപാതയിലൂടെ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് പ്രത്യേകം പാസ്സ് ശബരിമല എ ഡി എം ഉദ്ഘാടനം ചെയ്തു

കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേകം പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ ഓളം കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽകുന്നത്.

 

മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസ്സുമായി പുതുശ്ശേരി താവളത്തിൽ നിന്ന് സീൽ വാങ്ങി തുടർന്ന് വലിയാനവട്ടം താവളത്തിൽ നിന്ന് എക്സിറ്റ് സീൽ വാങ്ങി മരക്കൂട്ടത്ത് എത്തുന്ന ഭക്തരെ ക്യൂ നിൽക്കാതെ ദർശനം അനുവദിക്കുന്നതിനു വേണ്ടിയാണ് പാസ് സമ്പ്രദായം ഏർപ്പെടുത്തിയത്. വനം വകുപ്പാണ് പാസ് നൽകുന്നത്.

രാവിലെ മുക്കുഴിയിൽ നടന്ന ചടങ്ങിൽ ശബരിമല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഡോ അരുൺ എസ് നായർ പാസ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുകേഷ് എം കെ, മുക്കുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ജയപ്രകാശ് കെ സാപ്പ് ഇ.ഡി സി ചെയർമാൻ ജോഷി മറ്റ് ഉദ്യോഗസ്ഥർ ക്ഷേത്ര ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

ആചാര വഴിയിൽ മണർകാട് സംഘം പണക്കിഴി സമർപ്പിച്ചു

 

ആചാര വഴിയിൽ കോട്ടയം മണർകാട് സംഘം ശാസ്താവിന് പണക്കിഴി സമർപ്പിച്ചു വണങ്ങി. 40 പേരടങ്ങുന്ന സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്ക് സന്നിധാനത്ത് എത്തിയത്.

മണർകാട് ഭഗവതി ക്ഷേത്രത്തിലെ ശാസ്ത സന്നിധിയിൽ നിന്ന് കെട്ടുമുറുക്കി എരുമേലിയിലെത്തിയ സംഘം പരമ്പരാഗത കാനന പാതയായ പേരൂർതോട്, കാളകെട്ടി, അഴുത, കരിമല വഴി പമ്പയിലെത്തി. തുടർന്ന് പമ്പാ സദ്യയും നടത്തി ധനു മൂന്നിന് രാവിലെ പമ്പ ഗണതി ക്ഷേത്രത്തിൽ ദർശനം നടത്തി നീലമല, അപ്പാച്ചിമേട്, ശരംകുത്തി വഴി സന്നിധാനത്തെത്തി.

നീലപ്പട്ട് വിരിച്ച് ഇരുപത്തിയെട്ടര കരകളിലെ ഭക്തജനങ്ങൾ സമർപ്പിച്ച കാണിയ്ക്ക സന്നിധാനത്തെ സോപാനപ്പടിയിൽ ഭക്തിപൂർവ്വം സമർപ്പിച്ചു. ശേഷം തന്ത്രിയിൽ നിന്ന് തീർത്ഥവും പ്രസാദവും സ്വീകരിച്ചു. പെരിയ സ്വാമിമാരായ രവിമനോഹർ, പ്രകാശ് കുമാർ എന്നിവർ സംഘത്തിൻ്റെ യാത്രക്ക് നേതൃത്വം നൽകി.

ദശാബ്ദങ്ങൾക്ക് മുൻപ് ശബരിമലയിൽ പൂജ ചെയ്യാൻ കാൽനടയായി വനത്തിലൂടെ വരുന്ന തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും മണർകാട് സംഘമാണ് അകമ്പടി സേവിച്ചിരുന്നത് എന്നാണ് വിശ്വാസം. പിന്നീട് പൂജ സമയത്തിലും മറ്റും മാറ്റം വന്നതോടെ അകമ്പടി പോകൽ നിലച്ചു. ഇതിന് പ്രായശ്ചിത്തമായാണ് കാണിയ്ക്ക സമർപ്പിക്കുന്നത്.

പ്രത്യേക പാസുമായി കാനന പാതയിലൂടെ വന്ന ആദ്യ സംഘത്തെ സ്വീകരിച്ചു:-പുതിയ സംവിധാനം അനുഗ്രഹമെന്ന് തീർത്ഥാടകർ

അയ്യനെ കാണാൻ എരുമേലിയിൽ നിന്ന് കാനന പാതയിലൂടെ വരുന്നവർക്ക് വനം വകുപ്പ് അനുവദിച്ച പ്രത്യേക പാസുമായി എത്തിയ ആദ്യ സംഘത്തെ നടപ്പന്തലിൽ
സ്വീകരിച്ചു.

ആറംഗ സംഘമാണ് ബുധനാഴ്ച രാവിലെ ഏഴിന് മുക്കുഴിയിൽ നിന്ന് പാസുമായി
35-ഓളം കിലോമീറ്ററുകൾ നടന്ന് വൈകിട്ട് മൂന്ന് മണിയോടെ നടപ്പന്തലിൽ എത്തിയത്.

പതിനെട്ടാം പടിയ്ക്ക് സമീപം എഡിഎം അരുൺ എസ് നായർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. തീർത്ഥാടകരിൽ അഞ്ച് പേർ കോഴിക്കോട്, നരിക്കാട്ടേരി സ്വദേശികളും ഒരാൾ കണ്ണൂരുകാരനുമാണ്.

സത്രം വഴി കാനന പാതയിലൂടെ നടന്നു വരുന്നവർക്ക് വരി ഒഴിവാക്കി നേരെ പതിനെട്ടാംപടി വഴി ദർശനം അനുവദിക്കുന്ന സംവിധാനം നേരത്തെ ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ എരുമേലി വഴി വരുന്നവർക്ക് കൂടി ലഭ്യമാക്കിയത്.

പുതിയ പാസ് സംവിധാനം വലിയ അനുഗ്രഹമാണെന്ന് പാസുമായി എത്തിയ തീർത്ഥാടകർ പറഞ്ഞു.കാനനപാതയിലൂടെ വരുന്ന തീർത്ഥാടകർക്ക് പ്രത്യേക പാസ് ഉപകാരപ്രദമാകും എഡിഎം

“എരുമേലി വഴി കിലോമീറ്ററുകൾ താണ്ടി വരുന്നവർക്കും പ്രത്യേക പരിഗണന വേണമെന്ന നിർദ്ദേശം ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് എന്നിവരുടെ മുൻപാകെ കുറച്ചുകാലമായി ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ചേർന്ന ഉന്നതതല യോഗം ഇത് ചർച്ച ചെയ്തു. മന്ത്രിയുടെയും ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എരുമേലി വഴി വരുന്നവർക്കും പാസ് അനുവദിച്ചത്. ഇവർക്ക് പരമ്പരാഗത പാത ഒഴിവാക്കി നടപ്പന്തലിൽ എത്തി, അവിടെയുള്ള വരിയും ഒഴിവാക്കി നേരെ പതിനെട്ടാംപടി കയറി ദർശനം നടത്താം,” എഡിഎം പറഞ്ഞു.

ഡ്യൂട്ടി മജിസ്ട്രേറ്റ് കെ മനോജ്, ഫോറസ്റ്റ് കൺട്രോൾ റൂം റേഞ്ച് ഓഫീസർ ജി എസ് രഞ്ജിത്ത്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി ആർ രാജീവ്, പോലീസ് ഇൻസ്പെക്ടർ പി അനിൽകുമാർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

ശബരീശന് കളഭാഭിഷേകം

ഉച്ചപൂജയോട് അനുബന്ധിച്ച് നടക്കുന്ന കളഭാഭിഷേകം ശബരിമല ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ്. ആഘോഷമായി ക്ഷേത്രത്തിന് വലം വച്ച് ശ്രീലകത്ത് എത്തിക്കുന്ന കളഭ കലശം തന്ത്രിയുടെയും മേൽശാന്തിയുടെയും കാർമികത്വത്തിലാണ് അയ്യപ്പ സ്വാമിക്കു അഭിഷേകം ചെയ്യുന്നത്.

കളഭം കിഴക്കേ മണ്ഡപത്തിൽ പൂജിച്ച് കളഭകലശം ക്ഷേത്രത്തിന് വലം വച്ച് തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്തു. 38400 രൂപയാണ് കളഭാഭിഷേകത്തിനുള്ള വഴിപാട് തുക .സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലാണ് വഴിപാട് തുക അടയ്ക്കേണ്ടത്.

 

181 കേസുകളിലായി ലീഗൽ മെട്രോളജി വിഭാഗം പിഴ ഈടാക്കിയത് 10.87 ലക്ഷം:-കൂടുതൽ ക്രമക്കേട് തൂക്കത്തിൽ കുറവ് സാധനങ്ങൾ നൽകുക, അമിത നിരക്ക് ഈടാക്കുക എന്നിങ്ങനെ

ശബരിമല മണ്ഡലകാലം തുടങ്ങിയശേഷം ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധനകളിൽ 181 കേസുകളിലായി പിഴ ഈടാക്കിയത് 10,87,000 രൂപ. ഡിസംബർ 17 വരെയുള്ള കണക്കാണിത്.

ക്രമക്കേടുകളിൽ കൂടുതലും തൂക്കത്തിൽ കുറച്ച് സാധനങ്ങൾ വിൽക്കുക, നിശ്ചയിച്ച വിലയിൽ അധികം ഈടാക്കുക, വിരി വെക്കാനും പായയും തലയിണയും വാടകയായി നൽകാനും നിശ്ചയിച്ച നിരക്കിൽ അധികം ഈടാക്കുക എന്നിവയാണ്.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ഔട്ടർ പമ്പ എന്നീ നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്‌ക്വാഡുകളായി നടത്തിയ പരിശോധനകളിലാണ് ക്രമക്കേട് കണ്ടെത്തി പിഴ ഈടാക്കിയത്.

സന്നിധാനത്ത് 91 കേസുകളിലായി 5,76,000 രൂപയും പമ്പയിൽ 53 കേസുകളിലായി 2,70,000 രൂപയും നിലയ്ക്കലിൽ 32 കേസുകളിലായി 2,22,000 രൂപയും ഔട്ടർ പമ്പയിൽ അഞ്ച് കേസുകളിൽ 19,000 രൂപയുമാണ് പിഴ ഈടാക്കിയത്.

രാവിലെയും വൈകിട്ടും രാത്രിയിലുമാണ് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി സ്‌ക്വാഡ് കടകളിലും ഹോട്ടലുകളിലും വിരികളിലും സ്റ്റാളുകളിലും മറ്റുമായി പരിശോധന നടത്തുന്നത്. സന്നിധാനത്തും പരിസരത്തുമായി മാത്രം 85 കടകൾ ഉണ്ട് .

ചായ ഒരു കപ്പിൽ 150 മില്ലി ലിറ്റർ ഉണ്ടായിരിക്കണമെന്ന നിബന്ധന പല കടകളിലും പാലിക്കപ്പെടുന്നില്ല.

വിരി വെക്കാനുള്ള സ്ഥലത്തിന് 24 മണിക്കൂറിന് 30 രൂപയാണ് വാടക. ഇതേ സമയത്തേക്ക് പായയ്ക്ക് 10 രൂപയും തലയിണയ്ക്ക് 20 രൂപയുമാണ് വാടക നിരക്ക്. മൊബൈൽ ചാർജ് ചെയ്യാൻ ഒരു മണിക്കൂറിന് 20 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, പല സ്ഥലങ്ങളിലും അധിക നിരക്ക് വാങ്ങുന്നു.

വിലവിവര പട്ടികയിലെ നിരക്കിനേക്കാൾ കൂടുതൽ തുക തീർത്ഥാടകരിൽ നിന്ന് ഈടാക്കിയതിനും കേസ് എടുത്തിട്ടുണ്ട്.ഏഴ് പേർ അടങ്ങിയ ഓരോ സ്ക്വാഡിലും ലീഗൽ മെട്രോളജി വകുപ്പിന്റെ രണ്ട് ജീവനക്കാർ ആണുള്ളത്-ഇൻസ്പെക്ടറും ഇൻസ്‌പെക്ടിങ് അസിസ്റ്റന്റും. ബാക്കി ജീവനക്കാർ റവന്യൂ വിഭാഗത്തിൽ നിന്നാണ്.അതേസമയം, വിലവിവരപ്പട്ടിക ഏതാണ്ട് എല്ലാ കടകളിലും സ്റ്റാളുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

വിശുദ്ധി സേന 18 റീച്ചുകളിൽ മേൽനോട്ടം സർക്കാർ ഉദ്യോഗസ്ഥർക്ക്

സന്നിധാനത്ത് ചരൽമേട് മുതൽ മരക്കൂട്ടം വരെ 18 റീച്ചുകളിലായി വിശുദ്ധി സേനയുടെ ശുചീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥരാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാർ ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയതോടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി.

 

ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡ്യൂട്ടി മജിസ്ട്രേറ്റ് ഏകോപനം നിർവഹിക്കുന്നു. ശബരിമല എഡിഎമ്മിന്റെ നിയന്ത്രണത്തിലാണ് വിശുദ്ധ സേനയുടെയും പ്രവർത്തനം. മണ്ഡലം വിളക്ക് മഹോത്സവകാലത്ത് സന്നിധാനവും പരിസരവും വൃത്തിയുടെ സൂക്ഷിക്കാൻ കഴിഞ്ഞത് എഡിഎമ്മിന്റെ നിർദ്ദേശങ്ങളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിന്റെയും ഫലമായാണെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് കെ മനോജ് പറഞ്ഞു.

സൂപ്പർവൈസർമാരായ സർക്കാർ ഉദ്യോഗസ്ഥരുടെ കീഴിൽ പത്തും ഇരുപതും വിശുദ്ധി സേന പ്രവർത്തകരാണ് ശുചീകരണ ജോലികളിൽ ഏർപ്പെടുന്നത്. മുൻകാലങ്ങളിൽ വിശുദ്ധ സേനാംഗങ്ങൾ തന്നെയാണ് മേൽനോട്ടം നടത്തിയിരുന്നത്.

error: Content is protected !!