Trending Now

പേരതത്തകളുടെ വിളയാട്ടം : കോന്നിയില്‍ വാഴ ,പയര്‍ കര്‍ഷകര്‍ ദുരിതത്തില്‍

 

konnivartha.com: കോന്നി മേഖലയില്‍ പേരതത്തകളുടെ എണ്ണം പെരുകിയതോടെ വാഴകര്‍ഷകരും പയര്‍ കര്‍ഷകരും ദുരിതത്തിലായി . കാട്ടുപന്നിയും കാട്ടു കുരങ്ങും കാട്ടാനയും ആണ് കൃഷി മൂടോടെ നശിപ്പിച്ചത് എങ്കില്‍ ഇപ്പോള്‍ ഏത്തവാഴ കുലകള്‍ തിന്നുന്നത് പേരതത്തകള്‍ ആണ് . മൂപ്പ് എത്തി വരുന്ന ഏത്തവാഴകുലകളിലെ കറുത്ത അരിയാണ് ഇവ തിന്നുന്നത് . ആദായം ഉള്ള മേല്‍ പടലയിലെ കായകള്‍ കൊത്തിയരിഞ്ഞു ഉള്ളില്‍ ഉള്ള കറുത്ത അരിയാണ് തിന്നുന്നത് .

കൂട്ടമായി പറന്നിറങ്ങുന്ന പേര തത്തകള്‍ കൊണ്ട് കോന്നി അരുവാപ്പുലം വകയാര്‍ മേഖലയിലെ കര്‍ഷകരാണ് പ്രതിസന്ധിയിലായത് . പടക്കം പൊട്ടിച്ചാലോ പാട്ട കൊട്ടി ഒച്ച ഉണ്ടാക്കിയാലോ ഒന്നും ഇവ പറന്ന് പോകുന്നില്ല . വാഴ കച്ചിവെച്ചു കുലകള്‍ മറച്ചാലും ഉള്ളിലേക്ക് കയറി കായകള്‍ അരിഞ്ഞു കളയുന്നു . ഇത് മൂലം ഏത്തക്കുലകള്‍ മൂപ്പ് എത്തുന്നതിനു മുന്നേ വിപണിയില്‍ എത്തിക്കേണ്ട അവസ്ഥയില്‍ ആണ് കര്‍ഷകര്‍ . ഒരു കിലോ ഏത്തക്കുലയ്ക്ക് ഇന്ന് 57 രൂപ വില എത്തി നില്‍ക്കുമ്പോള്‍ ആണ് പേരതത്തയുടെ ആക്രമണം .

ഏത്തക്കുല കൂടാതെ പയര്‍ കൃഷിയിടങ്ങില്‍ കൂട്ടമായി എത്തുന്ന പേരതത്തകള്‍ പയര്‍ മണികള്‍ തിന്നു തീര്‍ക്കുകയാണ് . മുന്‍പ് എങ്ങും ഇല്ലാത്ത നിലയില്‍ പേരതത്തകള്‍ പ്രദേശത്ത് കൂടി . പേര മരങ്ങളില്‍ ഉള്ള പേരക്കായ തിന്നുന്ന ഈ പക്ഷിയ്ക്ക് പേരതത്ത എന്ന പേര് ആണ് ഉള്ളത് . വിത്ത് മാത്രം തിന്നുന്ന ഈ പക്ഷികള്‍ കര്‍ഷകരുടെ പേടിയായി മാറി . പച്ചക്കറിവരുന്ന ചാക്കുകള്‍ കൊണ്ട് വാഴക്കുലകള്‍ മറച്ചാണ് അല്പം എങ്കിലും വിള സംരക്ഷിക്കുന്നത് . പേരതത്തകള്‍ കൂട്ടമായി നല്ല ഇലയുള്ള മരത്തില്‍ ആണ് ഇരിക്കുന്നത് . രാവിലെയും വൈകിട്ടും ആണ് ഈ കിളികളുടെ ശല്യം ഏറെ ഉള്ളത് . ഇവയെ തുരത്താന്‍ യാതൊരു മാര്‍ഗവും ഇല്ല എന്ന് കര്‍ഷകര്‍ പറയുന്നു .

 

error: Content is protected !!