ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക് ‘ എന്ന ക്യാമ്പയിനിലൂടെ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരളം പ്രയത്‌നിക്കുന്നത്. ഇതിൽ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി. ബാധിതരായവരിൽ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി. രോഗാവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി അണുബാധിതരായി കണ്ടെത്തിയവരിൽ 95 ശതമാനവും എ.ആർ.ടി. ചികിത്സയ്ക്ക് വിധേയരാക്കുക എന്നതാണ്. ഇവരിലെ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്. 2024ലെ കണക്ക് പ്രകാരം കേരളം രണ്ടാമത്തേയും മൂന്നാമത്തോയും ലക്ഷ്യം കൈവരിച്ചു. ഒന്നാമത്തെ ലക്ഷ്യം 76 ശതമാനം വരെ കൈവരിച്ചു. എച്ച്.ഐ.വി. ബാധിതരായവരിൽ മുഴുവൻ പേരുടേയും രോഗബാധ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
ലോകമെമ്പാടും 1988 മുതൽ ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചു വരുന്നു. എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കു’ (Take the rights path) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം.
ലോകത്താകമാനം 3.9 കോടി എച്ച്.ഐ.വി ബാധിതർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2023ൽ മാത്രം 13 ലക്ഷം ആളുകളിൽ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. ഇന്ത്യയിൽ 2023ലെ കണക്ക് പ്രകാരം 25.44 ലക്ഷം ആളുകൾ എച്ച്.ഐ.വി ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. 2023ൽ ഇന്ത്യയിൽ 68,451 ആളുകളിൽ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ 1263 പേരിലാണ് എച്ച്.ഐ.വി അണുബാധ കണ്ടെത്തിയത്.
എച്ച്.ഐ.വി. അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയിൽ 0.20 ആണെങ്കിൽ അത് കേരളത്തിൽ 0.07 ആണ്.
എച്ച്.ഐ.വി. ബാധിതരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്. സംസ്ഥാനത്ത് 793 ജ്യോതിസ് കേന്ദ്രങ്ങൾ (ഐ.സി.റ്റി.സി) കൗൺസിലിംഗിനും പരിശോധനയ്ക്കുമായി പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും മാനന്തവാടി, കാസർഗോഡ്, എറണാകുളം ജനറൽ ആശുപത്രികളിലുമായി 15 ഉഷസ് കേന്ദ്രങ്ങൾ (എ.ആർ.ടി.) പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ മറ്റ് പ്രധാന ആശുപത്രികളിൽ ലിങ്ക് എ.ആർ.ടി സെന്ററുകളായി ഉഷസ് ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. എ.ആർ.ടി. കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്.ഐ.വി. അണുബാധിതർക്ക് ആവശ്യമായ തുടർസേവനങ്ങൾ ലഭ്യമാക്കുന്നതിന് ഏഴു ജില്ലകളിൽ കെയർ സപ്പോർട്ട് കേന്ദ്രങ്ങൾ (സി.എസ്.സി) പ്രവർത്തിക്കുന്നു. ലൈംഗിക-ജന്യ രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിന് 23 പുലരി കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. എച്ച്.ഐ.വി. അണുബാധാ സാധ്യത കൂടുതലുള്ള ലക്ഷ്യ വിഭാഗങ്ങൾക്കിടയിൽ എച്ച്.ഐ.വി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാ ജില്ലകളിലുമായി 64 സുരക്ഷാ പദ്ധതികളും പ്രവർത്തിച്ചു വരുന്നു.