Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 02/11/2024 )

അജൈവ മാലിന്യ ശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കണം- ജില്ലാ കലക്ടര്‍

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംക്യഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ശുചിത്വ-മാലിന്യ സംസ്‌കരണ പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു. പ്രത്യേക പദ്ധതികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സമയബന്ധിത ഇടപെടല്‍ ഉണ്ടാകണം. എഫ്എസ്ടിപി, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡബിള്‍ ചേമ്പേഴ്ഡ് ഇന്‍സിനെറേറ്റര്‍ സംബന്ധിച്ചവയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം കലക്ടര്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ മാലിന്യം മുക്തിക്കായി കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും ഓര്‍മ്മിപ്പിച്ചു. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എ എസ് മായ, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന ഉപരിപഠന
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസായവര്‍ക്ക് ഹയര്‍സെക്കന്‍ഡറിതല കോഴ്‌സുകള്‍ക്കും മെഡിക്കല്‍ ബിരുദം, എഞ്ചിനീയറിംഗ് ബിരുദം, നഴ്‌സിംഗ് ബിരുദം, പാരാമെഡിക്കല്‍ ബിരുദം, പോളിടെക്‌നിക് ത്രിവത്സര കോഴ്‌സുകള്‍, ബിരുദകോഴ്‌സുകള്‍, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, എംബിഎ, എംസിഎ തുടങ്ങിയ റഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 30. ഫോണ്‍ : 0468 2222709.

 

ടെന്‍ഡര്‍

തിരുവല്ല താലൂക്ക് ആശുപത്രി രക്തബാങ്കിലെ ജനറേറ്റര്‍ ഓട്ടോമാറ്റിക് ആക്കുന്നതിന് ആവശ്യമായ പ്രവൃത്തികള്‍ നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്ന്. ഫോണ്‍ : 0469 2602494.

ക്വട്ടേഷന്‍

പന്തളം-2 ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 91 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11. ഫോണ്‍ : 04734 292620, 262620.

ക്ലീനിംഗ് സ്റ്റാഫ് നിയമനം

ശബരിമല മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ആരോഗ്യക്ഷമതയുളള പുരുഷന്മാരായ ക്ലീനിംഗ് സ്റ്റാഫുകളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മേലെവെട്ടിപ്പുറം നാഷണല്‍ ആയുഷ്മാന്‍ ഡിപിഎംഎസ്‌യു ഓഫീസില്‍ നവംബര്‍ അഞ്ചിന് രാവിലെ 10.30 ന് കൂടികാഴ്ച നടത്തും. പത്തനംതിട്ട ജില്ലക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 50 വയസില്‍ കവിയരുത്. ഫോണ്‍: 0468 2995008. വിലാസം: ഒരികൊമ്പില്‍ ബില്‍ഡിംഗ് രണ്ടാംനില, മേലെവെട്ടിപ്പുറം എല്‍പി സ്‌കൂളിനടുത്ത്.

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുന്നംന്താനം പഞ്ചായത്ത് ഹാളില്‍ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. കുന്നംന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസൂദനന്‍ നായര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.സിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു, ഡോ . അമല മാത്യു ,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രഞ്ജിനി അജിത്ത് ,സിഡബ്ല്യുഎഫ് റിഞ്ചു മോള്‍, മിഷന്‍ ശക്തി കോര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ എന്നിവര്‍ പങ്കെടുത്തു.

യുവജന ജാഗ്രതാസഭ യോഗം നവംബര്‍ ഏഴിന്

വിദ്യാര്‍ഥി- യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതല ജാഗ്രതാസഭ യോഗം യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ നവംബര്‍ ഏഴിന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നിവയാണ് ലക്ഷ്യം.

അംശദായം അടക്കാം

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി നവംബര്‍ നാലിന് മല്ലപ്പളളി ഗ്രാമപഞ്ചായത്തിന്റെ ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നുവരെ പ്രത്യേക സിറ്റിംഗ് നടത്തുന്നു. അംശദായം അടയ്ക്കാന്‍ എത്തുന്നവര്‍ ക്ഷേമനിധി ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുവരണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

പുരുഷ നഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്

ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടനകാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) നഴ്‌സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് ദിവസ വേതനത്തില്‍ 40 പുരുഷ നഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. നിയമിക്കുന്ന തീയതി മുതല്‍ 2025 ജനുവരി 21 വരെയാണ് സേവന കാലാവധി.

അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ജോലിപരിചയ സര്‍ട്ടിഫിക്കറ്റുമായി ജില്ലാ കലക്ട്രേറ്റിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ഏഴിന് ഉച്ചക്ക് ഒന്നിന് മുമ്പ് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 9446685049, 825758722, 0468 2222642.

മസ്റ്ററിങ്

റാന്നി താലൂക്കില്‍ എഎവൈ, പിഎച്ച്എച്ച് (മഞ്ഞ, പിങ്ക്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ ഇ-കെവൈസി അപ്‌ഡേഷനില്‍ വിരല്‍ പതിയാത്തതുമൂലം മസ്റ്ററിങ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് കണ്ണ് പരിശോധിച്ച് മസ്റ്ററിങ് നടത്തുന്നു. നവംബര്‍ നാല്, അഞ്ച് തീയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ റാന്നി താലൂക്ക് സപ്ലൈ ഓഫീസില്‍ നടത്തുന്നു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കരുതണം.