Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/10/2024 )

കോന്നി മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണോദ്ഘാടനം 14 ന്

സംസ്ഥാനസര്‍ക്കാര്‍ 14 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന കോന്നി മെഡിക്കല്‍ കോളജ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഒക്ടോബര്‍ 11 ന് വൈകിട്ട് നാലിന് ആനകുത്തി ജംഗ്ഷനില്‍  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അടൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ കൈക്കൂലി വിവാദം;വിശദമായ അന്വേഷണവും നടപടിയും ഉണ്ടാകും- ഡെപ്യൂട്ടി സ്പീക്കര്‍

അടൂര്‍ ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ശസ്ത്രക്രിയക്കായി കൈക്കൂലി ആവശ്യപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഫോണ്‍ സന്ദേശത്തിന്റെ  ഓഡിയോ ക്ലിപ്പുമായി ഒരു വനിത പരാതിപ്പെട്ട വിഷയത്തിന്മേല്‍  അടിയന്തരമായ വിശദ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ ശിക്ഷണ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.

ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജുമായി ചര്‍ച്ച നടത്തി. പ്രതിദിനം രണ്ടായിരത്തോളം  രോഗികള്‍ അടൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടുന്നുണ്ട്. എംസി റോഡില്‍ ഏനാത്ത് മുതല്‍ പന്തളം വരെയുള്ള ഭാഗങ്ങളിലും അനുബന്ധ റോഡുകളിലും നടക്കുന്ന വിവിധ ആക്‌സിഡന്റുകളില്‍പ്പെടുന്ന രോഗികള്‍ക്കും ആശ്രയകേന്ദ്രമാണ് ഈ ആതുരാലയം.
ആരോഗ്യരംഗത്ത്  കേരള സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ ആശുപത്രികളെ മികച്ച നിലവാരത്തിലെത്തിക്കുവാന്‍ കഴിഞ്ഞു എന്നിരിക്കെ അടൂര്‍ ജനറല്‍ ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ പൊതുആരോഗ്യ കേന്ദ്രങ്ങളില്‍  സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവണതകള്‍ ചില ഉദ്യോഗസ്ഥരില്‍ ഉണ്ടാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് വകുപ്പുതല അന്വേഷണവും  നടപടികളും അടിയന്തിരമായി സ്വീകരിക്കുമെന്ന്  ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

ടെന്‍ഡര്‍

റാന്നി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള നാല് പഞ്ചായത്തുകളിലെ 107 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണംചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന്  ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി  ഒക്ടോബര്‍ 22. വിവരങ്ങള്‍ക്ക്   റാന്നി അഡീഷണല്‍, പെരുനാട്, ഇടത്താവളം കോമ്പണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്. ഫോണ്‍-04735 241440.


ജില്ലാ ആസൂത്രണ സമിതി യോഗം ഒക്ടോബര്‍ 14 ന്

ജില്ലാ ആസൂത്രണസമിതി യോഗം ഒക്ടോബര്‍ 14 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കാവശ്യമായ പരിശീലനപരിപാടിലേക്ക് തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ വിഭാഗക്കാരും 30വയസില്‍ താഴെയുളളവരും 50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തീകരിച്ചവരുമാകണം. അവസാനവര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
കുടുംബവാര്‍ഷികവരുമാനം രണ്ടരലക്ഷം രൂപയില്‍ കവിയരുത്. യാത്രാചെലവ്, കോഴ്സ് ഫീ, താമസം, ഭക്ഷണം, പോക്കറ്റ് മണി ഉള്‍പ്പടെ വകുപ്പില്‍ നിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം  യോഗ്യത, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ ഒക്ടോബര്‍ 11 ന് വൈകുന്നേരം അഞ്ചിന് മുമ്പ് നേരിട്ടോ തപാലിലോ ലഭിക്കണം. 2023-24 വര്‍ഷം പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍ : 04735227703, 1800 425 2312.


ലൈഫ് ഗാര്‍ഡ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട്  റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുളള തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന കുളികടവുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ക്കായി നീന്തല്‍ വൈദഗ്ധ്യമുളള 20 നും 50 നും ഇടയില്‍ പ്രായമുളള ലൈഫ് ഗാര്‍ഡുമാര്‍, പമ്പ കിയോസ്‌കിലേക്ക് ഡേറ്റ  എന്‍ട്രി ഓപ്പറേറ്റര്‍ (പുരുഷന്മാര്‍ മാത്രം) എന്നിവരെ ദിവസവേതനത്തോടെ നിയമിക്കും. പഞ്ചായത്ത് പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. ഒക്ടോബര്‍ 25 ന് വൈകുന്നേരം നാലിനു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : : 04735-240230.

അഭിമുഖം ഒക്ടോബര്‍ 16 ന്

ജില്ലയിലെ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികമാറ്റം (കാറ്റഗറി നമ്പര്‍. 497/2020) തസ്തികയുടെ 23/03/2023ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഏക ഉദ്യോഗാര്‍ഥിയുടെ അഭിമുഖം ഒക്ടോബര്‍ 16 ന് രാവിലെ 9.30 ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.  വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവസഹിതം ഹാജരാകണം. ഫോണ്‍:  0468 2222665.

കോഴികുഞ്ഞുങ്ങളുടെ വിതരണമരുത്

കേരള ഫാം ഡെവലപ്മെന്റ് ആന്‍ഡ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സമഗ്ര കോഴിവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി 75 ദിവസം പ്രായമുള്ള 380 ഇനം കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

പള്ളിക്കല്‍, തുമ്പമണ്‍ഗ്രാമപഞ്ചായത്ത്, പന്തളം മുനിസിപ്പാലിറ്റി, അടൂര്‍ മുനിസിപ്പാലിറ്റി, ആറന്മുള ഗ്രാമപഞ്ചായത്ത്, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നംന്താനം, മല്ലപ്പള്ളി, പുറമറ്റം ഗ്രാമപഞ്ചായത്തുകളും തിരുവല്ല താലൂക്ക് മുഴുവനായും പക്ഷിപ്പനി ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി വിപണനവും  വിതരണവും ഡിസംബര്‍ 31 വരെ പാടുള്ളതല്ലന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

റാങ്ക് പട്ടിക ഇല്ലാതായി

ജില്ലയില്‍ ആരോഗ്യ വകുപ്പിലെ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (സ്പെഷ്ല്‍ റിക്രൂട്ട്മെന്റ്-പട്ടികവര്‍ഗം) കാറ്റഗറി നം.  103/2023 തസ്തികയിലേക്കുള്ള റാങ്ക് പട്ടിക ഇല്ലാതായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  0468 2222665.

error: Content is protected !!