കോന്നി വാര്‍ത്ത ഡോട്ട് കോം : സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിനായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു.
അടിസ്ഥാന രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കുന്നവര്‍ക്ക് ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, കൈകഴുകല്‍ എന്നിവയോട് ഉദാസീന സമീപനം പുലര്‍ത്തുന്നവര്‍ രോഗബാധിതരാകാന്‍ സാധ്യതയുണ്ട്. രോഗനിര്‍ണയത്തിനായി വിവിധ തരത്തിലുള്ള പരിശോധനകള്‍ ജില്ലയില്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.
ആര്‍.റ്റി.പി.സി.ആര്‍ (റിയല്‍ ടൈം റിവേഴ്‌സ് റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേയ്‌സ്
പോളിമറൈസ്ഡ് ചെയിന്‍ റിയാക്ഷന്‍) പരിശോധന- ക്വാറന്റൈനിലുള്ള ആളുകള്‍ക്ക് രോഗമുണ്ടോ എന്ന് അറിയുന്നതിനും രോഗം ഭേദമായോ എന്ന് അറിയുന്നതിനും സാധാരണ നടത്തുന്ന പരിശോധനയാണിത്. അതത് ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും നിര്‍ദേശിക്കുന്നതനുസരിച്ച് വേണം ഈ പരിശോധനയ്ക്ക് ഹാജാരാകാന്‍. പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, കോന്നി, മല്ലപ്പള്ളി, തിരുവല്ല താലൂക്ക് ആശുപത്രികള്‍, സി.എഫ്.എല്‍.റ്റി.സികളായ റാന്നി മേനാതോട്ടം, പന്തളം അര്‍ച്ചന എന്നിവിടങ്ങളില്‍ ഇതിനുവേണ്ടി സാമ്പിളുകള്‍ ശേഖരിക്കും. തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബിലാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്. ഈ വിഭാഗത്തില്‍ ഇതുവരെ 21865 സാമ്പിളുകള്‍ ജില്ലയില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്.