Trending Now

കോന്നി ഗവ.മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ജൂലൈ 24 ന് പ്രവര്‍ത്തനം ആരംഭിക്കും

കോളജ് പ്രവര്‍ത്തനം ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം

കോന്നി ഗവ.മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ജൂലൈ 24 ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി. നൂഹും പങ്കെടുത്ത കോന്നി മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി എംഎല്‍എയും, ജില്ലാ കളക്ടറും പങ്കെടുത്ത് ആഴ്ചതോറും അവലോകന യോഗം നടത്താന്‍ തീരുമാനിച്ചിരുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളജില്‍ യോഗം ചേര്‍ന്നത്.
വ്യവസ്ഥകളോടെ പരിസ്ഥിതി അനുമതി നല്‍കാന്‍ പരിസ്ഥിതി വിലയിരുത്തല്‍ സമിതി ശുപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് മാസത്തില്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി ദ്രുതഗതിയിലുള്ള ഒരുക്കങ്ങളാണ് നടന്നു വരുന്നത്. വരും ദിവസങ്ങളില്‍ രണ്ടു ദിവസം കൂടുമ്പോള്‍ എംഎല്‍എയും ജില്ലാ കളക്ടറും മെഡിക്കല്‍ കോളജിലെത്തി നിര്‍മാണപുരോഗതി വിലയിരുത്തും.
മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓഗസ്റ്റ് അവസാനത്തോടെ മാത്രമേ കമ്മീഷന്‍ ചെയ്യാന്‍ കഴിയുകയുള്ളു എന്ന് വാട്ടര്‍ അതോറിറ്റി പ്രൊജക്ട് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. അതുവരെ ടാങ്കറില്‍ വാട്ടര്‍ അതോറിറ്റി ആവശ്യമായ ജലം മറ്റു ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്‍ നിന്നും എത്തിച്ചു നല്‍കും. ഫരീദാബാദില്‍ നിന്നും പമ്പ് സെറ്റും, പോണ്ടിച്ചേരിയില്‍ നിന്നും ഫില്‍റ്റര്‍ മെറ്റീരിയലും എത്തിക്കാന്‍ ലോക്ക്ഡൗണ്‍ കാരണം തടസങ്ങള്‍ ഉണ്ടായി. ഇവയുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സുഗമമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. ക്ലോറിനേഷന്‍ സിസ്റ്റം രണ്ട് ദിവസത്തിനകം എത്തും.
ട്രീറ്റ്‌മെന്റ് പ്ലാന്റിനു സമീപം പൊട്ടിച്ചു കൂട്ടിയ പാറകള്‍ നീക്കം ചെയ്യുന്ന ജോലി പുരോഗമിക്കുന്നു.
ലോ ടെന്‍ഷന്‍ ഇലക്ട്രിക്കല്‍ കണക്ഷന്‍ ഉടന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി 75 ലക്ഷം രൂപയുടെ മരുന്ന് വാങ്ങാന്‍ യോഗത്തില്‍ തീരുമാനമായി. എക്‌സ് റേ യൂണിറ്റ് ഉള്‍പ്പടെയുള്ള ആശുപത്രി ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി വാങ്ങും. ബെഡ്, മറ്റ് ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ സിഡ്‌കോയില്‍ നിന്നും വാങ്ങാനും യോഗത്തില്‍ തീരുമാനിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപയും ഇതിനായി ഉപയോഗിക്കും.
നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത് 270 ടൊയ്‌ലറ്റുകളാണ്. നാല് സെപ്റ്റിക്ക് ടാങ്കുകളുടെ നിര്‍മാണം ജൂലൈ 25നകം പൂര്‍ത്തീകരിക്കും. ജൂലൈ 30 ന് മുന്‍പായി മെഡിക്കല്‍ കോളജിലേക്കുള്ള റോഡിന്റെ അറ്റകുറ്റപണികള്‍ പൊതുമരാമത്ത് നിരത്തു വിഭാഗം പൂര്‍ത്തിയാക്കും. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ക്ലീനിംഗ് നടത്താനും യോഗം നിര്‍ദേശം നല്‍കി. ഇതിനായി മോപ്പിംഗ് മെഷീനും വാങ്ങും. സംസ്ഥാനത്തെ ഇതര മെഡിക്കല്‍ കോളജുകളില്‍ നിന്ന് ജോലി ക്രമീകരണവ്യവസ്ഥയില്‍ കോന്നി മെഡിക്കല്‍ കോളജിലേക്ക് ജീവനക്കാരെ എത്തിക്കും. ഉടന്‍ ഇതു സംബന്ധിച്ച ഉത്തരവിറങ്ങും.
മെഡിക്കല്‍ കോളജ് എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണകൂടം നടത്തി വരികയാണെന്നും കളക്ടര്‍ പറഞ്ഞു.
കോവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുമ്പോഴും മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനം തടസം കൂടാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള നിരന്തര ഇടപെടലാണ് നടത്തുന്നതെന്ന് എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും, ആരോഗ്യ മന്ത്രിയുടെ ഓഫീസും, ജില്ലാ ഭരണകൂടവും, കളക്ടറും ഇതിനായി സജീവ ഇടപെടല്‍ നടത്തുന്നതായും എംഎല്‍എ പറഞ്ഞു.
എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോന്നി വിജയകുമാര്‍, ഡിഎംഒ ഡോ. എ.എല്‍.ഷീജ (ആരോഗ്യം), മെഡിക്കല്‍ കോളജ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. ഹരികുമാരന്‍ നായര്‍, സൂപ്രണ്ട് ഡോ. സജിത്കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. സി.എസ്.വിക്രമന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, വാട്ടര്‍ അതോറിറ്റി പ്രൊജക്ട് വിഭാഗം എക്‌സി. എന്‍ജിനീയര്‍ തോമസ് ജോണ്‍, രഘുനാഥ് ഇടത്തിട്ട, നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു