konnivartha.com: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളുടെ കാരണം പരിശോധിച്ചു അപകടങ്ങൾ ഉണ്ടാകുന്നത് പരിഹരിക്കുന്നതിനായി വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ കെ എസ് ടി പി അധികൃതർക്ക് എംഎൽഎ നിർദ്ദേശം നൽകി.
സംസ്ഥാനപാതയുടെ ആധുനിക നിലവാരത്തിലുള്ള നിർമ്മാണം പൂർത്തിയായതിനു ശേഷം എല്ലാദിവസവും തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നത് കോന്നി താലൂക് വികസന സമിതിയിൽ ചർച്ച ഉയർന്നപ്പോഴാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ കെ.എസ്.ടി.പി അധികൃതരോട് എംഎൽഎ നിർദ്ദേശിച്ചത്.
ടെണ്ടർ പൂർത്തിയായ കോന്നി മെഡിക്കൽ കോളേജ് റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുവാൻ പൊതുമരാമത്ത് അധികൃതരോട് എംഎൽഎ നിർദേശിച്ചു.
വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയത് മൂലം പുനലൂർ മൂവാറ്റുപുഴ റോഡിൽ കൊല്ലൻ പടി ജംഗ്ഷനിലുൾപ്പെടെ രൂപപ്പെട്ട കുഴികൾ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കെ എസ് ടി പി അധികൃതർക്ക് എംഎൽഎ നിർദ്ദേശം നൽകി.
കോന്നിയിലും പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പോലീസ് എക്സൈസ് അധികൃതർ ആവശ്യമായ പരിശോധനകൾ നടത്തണമെന്നും എംഎൽഎ നിർദ്ദേശിച്ചു.
16 കോടി രൂപ ചിലവിൽ നിർമ്മാണം പുരോഗമിക്കുന്ന മലയാലപ്പുഴ റോഡിന്റെ പ്രവർത്തികൾ വേഗത്തിലാക്കുവാൻ പൊതുമരാമത്ത് അധികൃതർക്ക് എംഎൽഎ നിർദേശം നൽകി.
മെഡിക്കൽ കോളേജ് റോഡിന്റെ ഇരുവശവും കാട് വളർന്നു നിൽക്കുന്നത് അടിയന്തരമായി വെട്ടിമാറ്റുന്നതിന് പൊതുമരാമത്ത് അധികൃതർക്ക് എംഎൽഎ നിർദ്ദേശം നൽകി.
യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ മിനി, കോന്നി തഹസീൽദാർ
കെ മഞ്ജുഷ പഞ്ചായത്ത് പ്രസിഡണ്ട്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.