konnivartha.com :പുതുവൽ- മങ്ങാട് റോഡ് നിർമ്മാണ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു വിലയിരുത്തി. സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തി ആദ്യഘട്ട നിർമ്മാണ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തിക്കായി 10 കോടി രൂപ സംസ്‌ഥാന ബജറ്റിൽ അനുവദിച്ചിട്ട് ഉണ്ട്.നിലവിൽ റോഡിന്റെ സംരക്ഷണഭിത്തി നിർമ്മാണമാണ് നടക്കുന്നത്.
റോഡ് നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പായി വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ഏനാദിമംഗലം സമഗ്ര കുടിവെള്ള പദ്ധതിക്ക് 102 കോടി രൂപയുടെ പ്രവർത്തിയാണ് പഞ്ചായത്തിൽ പുരോഗമിക്കുന്നത്. ദീർഘനാളായി തകർന്നു കിടന്ന പുതുവൽ മങ്ങാട് റോഡിന്റെ പുതുവൽ മുതലുള്ള നാലര കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്.
അഞ്ചര മീറ്റർ വീതിയിൽ ബിഎംബിസി സാങ്കേതികവിദ്യയിൽ ഉന്നത നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി ഐറിഷ് ഓടയും സംരക്ഷണഭിത്തിയും ട്രാഫിക് സുരക്ഷാ പ്രവർത്തികളും ഒരുക്കുന്നുണ്ട്.
വാട്ടർ അതോറിറ്റി പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിൽ എംഎൽഎ യോടൊപ്പം ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജഗോപാലൻ നായർ, വൈസ് പ്രസിഡണ്ട് ഉദയ രശ്മി, ഗ്രാമപഞ്ചായത്ത് അംഗം വിദ്യ ഹരികുമാർ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുരാജ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ വിപിൻ ചന്ദ്രൻ, പൊതുമരാമത്ത് അസി .എക്സിക്യൂട്ടീവ് എഞ്ചിനീയർ സുഭാഷ്, അസി. എൻജിനീയർ വിനീത, വാട്ടർ അതോറിറ്റി അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖ അലക്സ് , അസി. എൻജിനീയർ അൻപുലാൽ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ദീപ, വാട്ടർ അതോറിറ്റി- പൊതുമരാമത്ത് കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.