Trending Now

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

 

konnivartha.com: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് നിരക്കിൽ 60 ശതമാനം വരെ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയർ മീറ്റർ മുതൽ 300 സ്‌ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ ചതുരശ്ര മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്.

300 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

2023 ഏപ്രിൽ 1 ന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാൽ 2023 ഏപ്രിൽ 1ന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും.

കേരളത്തിൽ നിലവിലുള്ള പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസാണ് എന്ന വസ്തുത നിലനിൽക്കെ തന്നെയാണ് സർക്കാർ ജനങ്ങളുടെ ആവശ്യം മുൻനിർത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം ഏപ്രിൽ 30നകം ഒടുക്കുകയാണെങ്കിൽ അഞ്ച് ശതമാനം റിബേറ്റ് അനുവദിക്കാനും സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നികുതിദായകർക്ക് നൽകുന്നത്.

നാമമാത്രമായ പെർമിറ്റ് ഫീസായിരുന്നു മുൻപുണ്ടായിരുന്നത്. കാലാനുസൃതമായി പെർമിറ്റ് ഫീസ് വർധിപ്പിക്കാത്തത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വരുമാനത്തെയും ബാധിച്ചപ്പോഴാണ് സർക്കാർ പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ അന്ന് തീരുമാനമെടുത്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തിൽ വർധിക്കണമെന്നത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ നിബന്ധനയാണ്. ഈ വരുമാനത്തിന്റെ തോത് കൈവരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി 24 നഗരസഭകളുടെ ധനകാര്യ കമ്മീഷൻ ഗ്രാന്റ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വർധിപ്പിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സിഎജിയും സംസ്ഥാന ധനകാര്യ കമ്മീഷനും നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ, കോവിഡ് പോലുള്ള മഹാമാരികൾ തുടങ്ങിയവ മൂലമുള്ള അധികച്ചെലവും വരുമാന ശോഷണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കാലാനുസൃതവും നവീനവുമായ വികസന ആവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തികമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക അനിവാര്യമാണ്. ഈ വസ്തുതകളുടെയും നിർദേശങ്ങളുടെയും നഗരസഭകളുടെ ആവശ്യത്തിന്റെയും ഭാഗമായാണ് സർക്കാർ തനതുവരുമാനം വർധിപ്പിക്കാനുള്ള നടപടികളിലേക്ക് അന്ന് കടന്നതെന്ന് മന്ത്രി പറഞ്ഞു. 5 വർഷം കൂടുമ്പോൾ 25 ശതമാനം വസ്തുനികുതി വർധിപ്പിക്കണമെന്നത് ധനകാര്യ കമ്മീഷന്റെ ശുപാർശയും നേരത്തെ ആക്ടിലുണ്ടായിരുന്ന വ്യവസ്ഥയുമാണ്. 2018 ഏപ്രിലിൽ നടപ്പാക്കേണ്ടിയിരുന്ന നികുതി പരിഷ്‌കരണം കോവിഡും രണ്ട് പ്രളയങ്ങളും മൂലം മാറ്റിവെച്ച് 2023 ലാണ് സർക്കാർ നടപ്പിലാക്കിയത്. 25 ശതമാനം ഒറ്റയടിക്ക് വർധന എന്നത്, ആക്ടിൽ ഭേദഗതി വരുത്തി ഓരോ വർഷവും 5 ശതമാനം വീതമാക്കി സർക്കാർ ലഘൂകരിക്കുകയായിരുന്നു. ഒറ്റയടിക്ക് 25 ശതമാനം വർധിപ്പിക്കുന്നതിന് പകരം ഇങ്ങനെ ചെയ്യുമ്പോൾ, ആദ്യ വർഷം 20 ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 15,10,5 ശതമാനം നികുതിദായകന് കുറവ് ലഭിക്കുന്നുണ്ട്.

പെർമിറ്റ് ഫീസായി ലഭിക്കുന്ന പണത്തിൽ നിന്ന് ഒരു രൂപ പോലും സർക്കാരിന് ലഭിക്കുന്നില്ല. ഇത് പൂർണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്കാണ് ഇത് ചെലവഴിക്കുന്നത്.

പുതുക്കിയ പെർമിറ്റ് ഫീസ് വഴിയുള്ള തനതുവരുമാനവർധനവിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 177.9 കോടിയുടെ അധികവരുമാനമാണ് ലഭിച്ചത്. ഇത് പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്കാണ് പൂർണമായും വിനിയോഗിച്ചത്.

കാലോചിതമായി പെർമിറ്റ് ഫീസ് വർധിപ്പിക്കണമെന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആവശ്യമായിരുന്നു. കാരണം പല സ്ഥാപനങ്ങൾക്കും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കാര്യങ്ങൾ നിർവഹിക്കാൻ സർക്കാർ ഗ്യാപ് ഫണ്ട് നൽകേണ്ടിവന്നിരുന്നു. വിവിധ നടപടികളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചതിലൂടെ ഗ്യാപ് ഫണ്ട് ആവശ്യമായി വന്നിരുന്ന പഞ്ചായത്തുകളുടെ എണ്ണം 2022-23 ലെ 68ൽ നിന്ന് 2023-24ൽ 45 ആയി കുറഞ്ഞു. മുൻസിപ്പാലിറ്റികളുടെ എണ്ണം 10 ൽ നിന്ന് 6 ആയിട്ട് കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.

പെർമിറ്റുകൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതി മുമ്പ് വ്യാപകമായിരുന്നു. നഗരങ്ങളിൽ 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്‌ക് കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ തത്സമയം പെർമിറ്റ് നൽകാൻ കഴിഞ്ഞ ഏപ്രിൽ 1 മുതൽ സംവിധാനമൊരുക്കി. ജനുവരി ഒന്നുമുതൽ കെ സ്മാർട്ടിൽ ഈ സൗകര്യം ലഭ്യമാക്കി. കെ സ്മാർട്ടിലൂടെ കഴിഞ്ഞ ആറ് മാസം കൊണ്ടുമാത്രം 8807 പെർമിറ്റുകളാണ് മിനുട്ടുകൾക്കകം ഇങ്ങനെ സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി.

പെർമിറ്റ് ഫീസ് പരിഷ്‌കരിച്ചത് നിർമ്മാണ മേഖലയെ ഒരു തരത്തിലും ദോഷകരമായി ബാധിച്ചിട്ടില്ലെന്നും കണക്കുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2022- 23ൽ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് അനുവദിച്ച പെർമിറ്റുകൾ 328518 ആയിരുന്നെങ്കിൽ 2023-24ൽ ഇത് 359331 ആയി വർധിച്ചു. 30813 പെർമിറ്റുകൾ അഥവാ 9.37 ശതമാനം വർധനവാണ് എണ്ണത്തിലുണ്ടായത്. നഗരങ്ങളിലെ പെർമിറ്റുകൾ ഒരു സാമ്പത്തിക വർഷം കൊണ്ട് 20311 ൽ നിന്ന് 40401 ആയി വർധിച്ചു. ഇരട്ടിയോളമാണ് വർധന.

വൻകിട കെട്ടിടങ്ങളുടെ എണ്ണത്തിലും വൻവർധനയാണെന്ന് കെ റെറയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 159 പ്രൊജക്ടുകൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ 2023ൽ ഇത് 211 ആയി വർധിച്ചു, 32.7ശതമാനം വർധന. 2023ൽ മാത്രം രജിസ്റ്റർ ചെയ്തത് 6800 കോടിയുടെ വൻ ഭവനസമുച്ചയങ്ങളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു.

ഇന്ന് പ്രഖ്യാപിച്ച പുതിയ ഫീസിനു 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കും . ഈ കാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്ക്, ഒടുക്കിയ അധിക തുക തിരിച്ചുനൽകുക തന്നെ ചെയ്യും. ഇതിന് കെ സ്മാർട്ട് വഴിയും ഐ എൽ ജി എം എസ് വഴിയും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കും. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. അതിനാൽ ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകും. പണം ഓണ്‍ ലൈനായി ലഭ്യമാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്, ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓൺലൈൻ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്.

error: Content is protected !!