Trending Now

ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി

 

konnivartha.com: ചരിത്ര പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്ക് തുടക്കമായി. ക്ഷേത്രത്തിന് മുമ്പിലെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിസന്റ് പി.എസ്. പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശേഷം തൂശനിലയില്‍ വിഭവങ്ങള്‍ വിളമ്പി അദ്ദേഹം വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു.

വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സംതൃപ്തമായി സദ്യ കഴിച്ചു മടങ്ങുവാനുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

ചീഫ് വിപ്പ് പ്രൊഫ. എന്‍.ജയരാജ്, അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി. സുന്ദരേശന്‍, അഡ്വ. എ. അജികുമാര്‍, ജില്ലാ പോലീസ് മേധാവി വി.അജിത്ത്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പള്ളിയോട സേവാസംഘം പ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ആദ്യദിനം 10 പള്ളിയോടങ്ങളാണ് വള്ളസദ്യയില്‍ പങ്കെടുത്തത്. വെണ്‍പാല പള്ളിയോടമാണ് ആദ്യം എത്തിയത്. ക്ഷേത്രത്തിന്റെ 52 കരകളിലെ പള്ളിയോടങ്ങള്‍ക്കായി നടത്തുന്ന വള്ളസദ്യ ഒക്ടോബര്‍ രണ്ടുവരെ നീണ്ടുനില്‍ക്കും. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്ര പരിസരത്ത് പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.