Trending Now

ശമ്പളം വീണ്ടും മുടങ്ങി : 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ

 

konnivartha.com: ജൂണിലെ ശമ്പളം മുടങ്ങിയതോടെ സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. 16-ാം തീയതിയായിട്ടും ശമ്പളം കിട്ടാത്തതോടെയാണിത്. ഈ വർഷം മൂന്നാം തവണയാണ് ശമ്പളം മുടങ്ങിയതിനെത്തുടർന്ന് ജീവനക്കാർ സമരം നടത്തുന്നത് എന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.)പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ അറിയിച്ചു .

ഒരാശുപത്രിയിൽനിന്ന്‌ മറ്റൊരാശുപത്രിയിലേക്ക് കേസുകൾ എടുക്കാതെയാണ് സമരം. എന്നാൽ, റോഡപകടങ്ങൾ ഉൾപ്പെടെ അടിയന്തര സർവീസുകൾ തടസ്സപ്പെടില്ലെന്നു കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) അറിയിച്ചു.സർക്കാരിന്റെ കനിവ് പദ്ധതിയുടെ ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ. ഗ്രീൻ ഹെൽത്ത് കമ്പനിയാണ് ശമ്പളം നൽകുന്നത്. സർക്കാരും കമ്പനിയുമായുള്ള അഞ്ചുവർഷക്കരാർ മേയ് മൂന്നിന്‌ അവസാനിച്ചിരുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മൂന്നുമാസത്തേക്കു കൂടി നീട്ടി ഓഗസ്റ്റ് മൂന്നുവരെയാക്കി.

ശമ്പളം ലഭിക്കാതെ വന്നതിനാല്‍ ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ വീട്ടു ആവശ്യങ്ങള്‍ ലോണ്‍ ആവശ്യങ്ങള്‍ എന്നിവ മുടങ്ങി . കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഉള്ള സ്കൂള്‍ വാഹന ഫീസ്‌ പോലും മുടങ്ങുന്ന അവസ്ഥയില്‍ ആണ് . ഏഴാംതീയതിക്കു മുൻപ് ശമ്പളം നൽകണമെന്നിരിക്കേ, ഒരറിയിപ്പുമില്ലാതെയാണ് ശമ്പളം മുടങ്ങിയത്. ‌

സംസ്ഥാനത്ത് 315  ആംബുലൻസുകളിലായി ആയിരത്തോളം ജീവനക്കാരാണുള്ളത് എന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.)പത്തനംതിട്ട  ജില്ലാ ഭാരവാഹികളായ  സെക്രട്ടറി ജാക്സൺ ജേക്കബ്,ജോ: സെക്രട്ടറി ജോബിൻ വെട്ടിക്കാടൻ,പ്രസിഡന്റ് അനിൽ കുമാർ,വൈ: പ്രസിഡന്റ് ഗോൾഡ എന്നിവര്‍ പറഞ്ഞു .

2019 മുതല്‍ കേരളത്തില്‍ എല്ലായിടത്തും സൌജന്യമായി സര്‍വീസ് നടത്തുന്ന പദ്ധതിയാണ് 108 ആംബുലന്‍സ് സര്‍വീസ് .ഇതിലെ ജീവനക്കാര്‍ക്ക് കൃത്യമായി ശബളം നല്‍കണം . ഏതു സമയത്തും എവിടെയും ഓടി എത്തി ജീവന്‍ രക്ഷിക്കുന്ന ഈ ജീവനക്കാരെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കണം .ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഇടപെടീല്‍ ഉടന്‍ ഉണ്ടാകണം .

error: Content is protected !!