Trending Now

ലൈറ്റ് ഹൗസ്സുകളെ പൂര്‍ണ്ണമായും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും :കേന്ദ്ര തുറമുഖ മന്ത്രി

 

konnivartha.com: ലൈറ്റ് ഹൗസ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ കേരളത്തിലെ വിഴിഞ്ഞത്ത് യോഗം ചേർന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. ചരിത്ര-സാംസ്കാരിക- പ്രകൃതിദൃശ്യ സംഗമകേന്ദ്രങ്ങളായി ലൈറ്റ് ഹൗസുകളുടെ അതുല്യമായ വിനോദസഞ്ചാര സാധ്യതകൾ പ്രദർശിപ്പിക്കുന്നതു വിഭാവനം ചെയ്യുന്നതും തന്ത്രങ്ങൾ മെനയുന്നതും ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലപാത (MoPSW) മന്ത്രാലയത്തിന് കീഴിലുള്ള ലൈറ്റ്‌ഹൗസ്‌- ലൈറ്റ്‌ഷിപ്പ്‌സ് ഡയറക്‌ടറേറ്റ് ജനറൽ സംഘടിപ്പിച്ച ഈ സംഗമം.

“പ്രധാനമന്ത്രി നരേന്ദ്ര മോദി ജി വിഭാവനം ചെയ്തതുപോലെ, ഈ ഐതിഹാസിക സമുദ്ര ഘടനകളെ ഊർജസ്വലമായ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള കാഴ്ചപ്പാട് സാധൂകരിക്കുംവിധം, 2024 ഏപ്രിൽ മുതൽ ജൂൺ വരെ 5 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ലൈറ്റ് ഹൗസുകൾ സന്ദർശിച്ചു”സോനോവാൾ വിലയിരുത്തി. വിഴിഞ്ഞത്ത് പുതിയ ദൃശ്യ-ശ്രവ്യ പ്രദർശനവും വിനോദസഞ്ചാരികൾക്കുള്ള മറ്റ് സൗകര്യങ്ങളും സൗകര്യത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച് വികസിപ്പിക്കും.

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കരുതൽ നൽകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള സമീപനത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ഈ സംഗമം, ലൈറ്റ് ഹൗസ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഐതിഹാസിക ഘടനകളെ ഊർജസ്വലമായ വിനോദസഞ്ചാര കേന്ദ്രങ്ങളായി പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതായി സോനോവാൾ പറഞ്ഞു.

ലൈറ്റ് ഹൗസുകളുടെ ചരിത്രപരവും സാംസ്കാരികവും പ്രകൃതിരമണീയവുമായ മൂല്യത്തിന് ഊന്നൽ നൽകി, അവയുടെ അതുല്യമായ വിനോദസഞ്ചാര സാധ്യതകൾ പ്രദർശിപ്പിക്കുക എന്നതാണ് ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്തതിന്റെ ലക്ഷ്യം. ഗവണ്മെന്റ് സ്ഥാപനങ്ങൾ, വിനോദസഞ്ചാര ഏജൻസികൾ, പ്രാദേശികസമുദായങ്ങൾ, സ്വകാര്യ മേഖലയിലെ പങ്കാളികൾ എന്നിവയ്ക്കിടയിൽ സഹകരണവും പങ്കാളിത്തവും വളർത്താൻ ഇത് ലക്ഷ്യമിടുന്നു.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക സമൂഹങ്ങൾക്ക് സാധ്യമായ സാമ്പത്തിക നേട്ടങ്ങൾ, ലൈറ്റ് ഹൗസ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വെല്ലുവിളികളും തടസ്സങ്ങളും തിരിച്ചറിയൽ, ഇതുമായി ബന്ധപ്പെട്ടവരുടെ സംഭാവനകളുടെ പ്രാധാന്യവും സ്വാധീനവും അടിവരയിടുന്നതിലൂടെ പങ്കാളികളെ പ്രചോദിപ്പിക്കൽ എന്നിവയും ഈ പരിപാടിയുടെ ലക്ഷ്യമാണ്.

“വൈവിധ്യമാർന്ന ഭൂമിശാസ്‌ത്രമുള്ള ഇന്ത്യ, നമ്മുടെ സംസ്‌കാരത്തിന്റെയും സാമൂഹിക ധർമചിന്തയുടെയും ചരിത്രത്തിന്റെയും ചലനാത്മകമായ സംയോജനം പ്രദർശിപ്പിക്കാനുള്ള മഹത്തായ അവസരങ്ങൾ കൊണ്ടുവരുന്നു. ലൈറ്റ് ഹൗസുകൾ, സമുദ്ര മാർഗ്ഗനിർദ്ദേശ സങ്കേതമായി പ്രവർത്തിക്കുന്നതിനു പുറമേ, വിനോദസഞ്ചാരത്തിന്റെ കേന്ദ്രങ്ങളായി മാറാൻ സാധ്യതയുള്ള സമ്പന്നമായ ചരിത്ര വിവരണങ്ങളുടെ വെളിച്ചംകൂടിയാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ ഊർജസ്വലമായ നേതൃത്വത്തിൽ ലൈറ്റ് ഹൗസുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത്, സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ പ്രതീകങ്ങളായി ആഘോഷിക്കാൻ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചു.

സാമ്പത്തിക വികസനത്തിനും ഇന്ത്യയുടെ തീരപ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷത്തിനും വഴിയൊരുക്കുന്നതിന് ലൈറ്റ് ഹൗസുകളെ പുനരുജ്ജീവിപ്പിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. അതുല്യമായ ദൃശ്യ-ശ്രവ്യ പ്രദർശനത്തിലൂടെ വിഴിഞ്ഞം ലൈറ്റ് ഹൗസിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള തുടർനടപടികളുടെ ശ്രമമായിരുന്നു ഇതുമായി ബന്ധപ്പെട്ടവരുടെ സംഗമം.” – സോനോവാൾ പറഞ്ഞു,

ലൈറ്റ് ഹൗസുകളെ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള തന്ത്രങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം ചർച്ച ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിനോദസഞ്ചാര സൗകര്യങ്ങളുള്ള 75 ലൈറ്റ് ഹൗസുകൾ സമർപ്പിച്ചിരുന്നു. ‘മൻ കീ ബാത്തി’ന്റെ 75-ാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ലൈറ്റ് ഹൗസുകൾ വികസിപ്പിക്കാനുള്ള നിർദേശം നൽകിയത്. കേരള വിനോദസഞ്ചാര മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വിഴിഞ്ഞം ലൈറ്റ് ഹൗസിൽ നിരവധി വിനോദസഞ്ചാര സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ കളിസ്ഥലം, അക്യുപ്രഷർ പാത, സംഗീത ജലധാര എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ലൈറ്റ് ഹൗസിന്റെ മുകളിൽ നിന്ന് വിശാലമായ കാഴ്ച ആസ്വദിക്കാൻ ലിഫ്റ്റ് സൗകര്യം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, മൃഗങ്ങളുടെ പ്രതിമകളുള്ള സെൽഫി പോയിന്റുകൾ, വിനോദസഞ്ചാരികൾക്കുള്ള കഫറ്റീരിയ, വിശ്രമിക്കാനുള്ള പ്രത്യേക സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം വിഴിഞ്ഞം ലൈറ്റ്ഹൗസിനെ എല്ലാ സന്ദർശകർക്കും കൂടുതൽ ആകർഷകവും പ്രാപ്യവുമായ ഇടമാക്കി മാറ്റുന്നു.

ഗതാഗതം സുഗമമാക്കുന്നതിന് ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകളും ഉപയോഗപ്പെടുത്തുന്നു. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇത് ഏറെ പ്രയോജനപ്പെടും. പുതിയ സൗകര്യങ്ങൾ കൂടി വരുന്നതോടെ പ്രതിമാസം ശരാശരി 15,000 പേർ എന്ന നിലയിൽ സന്ദർശകരുടെ എണ്ണം വരും മാസങ്ങളിൽ കുതിച്ചുയരാൻ സാധ്യതയുണ്ട്.

ദീർഘവീക്ഷണത്തോടെയുള്ള MIV 2030 സംരംഭത്തിന് കീഴിൽ, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്‌ഹൗസ്‌സ് ആൻഡ് ലൈറ്റ്‌ഷിപ്പ്‌സ് (DGLL) ഇന്ത്യയിലുടനീളം ലൈറ്റ്‌ഹൗസ് വിനോദസഞ്ചാരം സജീവമായി പ്രോത്സാഹിപ്പിക്കുന്നു. പൈതൃകത്തിന്റെയും സമുദ്ര മ്യൂസിയങ്ങളുടെയും വികസനം ഉൾപ്പെടെയുള്ള ബദൽ ഉപയോഗങ്ങൾക്കായി നിലവിലുള്ള ലൈറ്റ് ഹൗസ് സൗകര്യങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ശ്രദ്ധേയമായ പരിവർത്തനങ്ങളിൽ ചെന്നൈ, കേരളത്തിലെ ആലപ്പുഴ, കണ്ണൂർ, വിഴിഞ്ഞം, തങ്കശ്ശേരി, വൈപ്പിൻ, ഒഡിഷയിലെ ചന്ദ്രഭാഗ എന്നീ ലൈറ്റ് ഹൗസുകള്‍ ഉൾപ്പെടുന്നു. കൂടാതെ, ‘മാരിടൈം അമൃത് കാൽ വിഷൻ 2047’ ലൈറ്റ് ഹൗസുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാനും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

ലൈറ്റ് ഹൗസ്

ലൈറ്റ് ഹൗസ് ആകർഷണീയമായ ഒരു ആഗോള വിനോദ സഞ്ചാര കേന്ദ്രമാണ്.വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് രാജ്യത്തെ 203 ലൈറ്റ്ഹൗസുകളിൽ 75 എണ്ണം ഇതിനകം വികസിപ്പിച്ചു .ഇവിടങ്ങളിൽ കുട്ടികളുടെ കളിസ്ഥലം, ലിഫ്റ്റ് സൗകര്യം, സെൽഫി പോയിൻ്റ്, കഫറ്റീരിയ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്.കേരളത്തിലെ 17 ലൈറ്റ് ഹൗസുകളിൽ 11 എണ്ണവും പദ്ധതിയുടെ ഭാഗമായി പുനരുദ്ധാരണം ചെയ്തു .കോവളം ലൈറ്റ്ഹൗസിൽ പ്രതിവർഷം 35 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് കൂടുതൽ ലൈറ്റ് ഹൗസുകൾ ഉടൻ വികസിപ്പിക്കും .

പരിപാടിയുടെ ഭാഗമായി ലൈറ്റ് ഹൌസ് പരിസരത്ത് കേന്ദ്രമന്ത്രി മരം നട്ടു .ഇന്ത്യാ ഗവൺമെൻ്റിൻ്റെ തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്‌ഹൗസ് ആൻഡ് ലൈറ്റ്‌ഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രാലയം അഡ്വൈസർ കെ കെ നാഥ്‌ സ്വാഗതം പറഞ്ഞു . എം വിൻസെന്റ് എം എൽ എ , ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്‌ഹൗസ് ആൻഡ് ലൈറ്റ്‌ഷിപ്പ് ഡയറക്ടർ എം മുരുഗാനന്ദം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

error: Content is protected !!