Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/06/2024 )

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ  (ഹോമിയോ) ആവശ്യത്തിലേക്കായി ഏഴ് സീറ്റര്‍ ടാക്‌സി വാഹനം ( ഡ്രൈവര്‍ സഹിതം) ജൂലൈ ഒന്നു മുതല്‍ മൂന്നുമാസ കാലയളവിലേയ്ക്ക്  വാടകയ്ക്ക് നല്‍കാനായി താത്പര്യമുള്ള കക്ഷികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പരിഗണിക്കില്ല. ക്വട്ടേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 28 പകല്‍ മൂന്നു വരെ.  ക്വട്ടേഷന്‍ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04734 226063.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ അഡ്മിഷന്‍ കൗണ്‍സിലിംഗ് 24 ന്

2024-25 അധ്യയന വര്‍ഷം ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ്/ കേപ്പ് / സ്വാശ്രയ / പോളിടെക്‌നിക്കുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ കൗണ്‍സിലിംഗ് ജൂണ്‍ 24 ന് ജില്ലയിലെ നോഡല്‍ പോളിടെക്‌നിക് കോളജായ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നടക്കും.  ഐടിഐ/ കെജിസിഇ വിഭാഗങ്ങള്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ പത്തുവരേയും പ്ലസ് ടു / വിഎച്ച്എസ്ഇ വിഭാഗങ്ങള്‍ക്ക് രാവിലെ 9:30 മുതല്‍ 11:30 വരേയുമാണ് രജിസ്‌ട്രേഷന്‍. അപേക്ഷകര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷകര്‍ത്താവിനൊപ്പം കൃത്യസമയത്ത് ഹാജരാകണം. പട്ടികജാതി/ പട്ടികവര്‍ഗ/ ഒഇസി വിഭാഗങ്ങള്‍ ഒഴികെയുള്ളവര്‍ സാധാരണ ഫീസിന് പുറമേ 10,000 രൂപ  സ്‌പെഷ്യല്‍ ഫീസ്, 1000 രൂപ കോഷന്‍ ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ 4000 രൂപയും അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കാം

ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പ് പ്രകാരവും കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കാനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും പരമാവധി 100 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം.

ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.


ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്തിക  അഭിമുഖം 26, 27 തീയതികളില്‍

പത്തനംതിട്ട ജില്ലയിലെ ആരോഗ്യ വകുപ്പിലെ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍. 714/22) തസ്തികയുടെ 31/01/24 ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 26, 27 തീയതികളില്‍ രാവിലെ 9.30/ ഉച്ചയ്ക്ക് 12.00 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന്  ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0468 2222665.

സീറ്റ് ഒഴിവ്

ചെന്നീര്‍ക്കര ഗവ. ഐടിഐയില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്മെന്റ്  സപ്പോര്‍ട്ടോടും കൂടി ആറുമാസ ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്‌സിലേക്കും ഒരു വര്‍ഷ  ദൈര്‍ഘ്യമുള്ള  ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് വെയര്‍ ഹൌസ് മാനേജ്മെന്റ് കോഴ്സുകളിലേക്കും ഏതാനും സീറ്റുകള്‍ കൂടി ഒഴിവുണ്ട്. താല്പര്യമുളളവര്‍ നേരിട്ട് എത്തി അഡ്മിഷന്‍ എടുക്കണം. യോഗ്യത: പ്ലസ് ടു/ ബിരുദം. ഫോണ്‍ : 7306119753/ 8301830093.


മെഴുവേലി ഗ്രാമപഞ്ചായത്ത് ദേശീയ വായനശാല ഒന്നാം നില നിര്‍മാണത്തിന് ഭരണാനുമതി


ജോണ്‍ ബ്രിട്ടാസ് എംപി യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു.

മെഴുവേലി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് ദേശീയ വായനശാല ഒന്നാം നില നിര്‍മാണത്തിന് രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസ് എം.പി യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു. പന്തളം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്ക് നിര്‍മാണ ചുമതല നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കാണ് കെട്ടിടം നിര്‍മിക്കുന്നത്.

ബിഎല്‍ബിസി യോഗം 25 വരെ

ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (ബിഎല്‍ബിസി) നാലാം പാദ യോഗം താഴെ പറയും പ്രകാരം ചേരുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു.
ബ്ലോക്ക്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍
മല്ലപ്പള്ളി, ജൂണ്‍ 21, രാവിലെ 11, റോട്ടറി ക്ലബ് മല്ലപ്പള്ളി
പുളിക്കീഴ്, ജൂണ്‍ 21, ഉച്ചയ്ക്ക മൂന്ന് , ബ്ലോക്ക് ഓഫീസ് ഹാള്‍
റാന്നി, ജൂണ്‍ 24, രാവിലെ 11, ബ്ലോക്ക് പഞ്ചായത്ത് ഹാള്‍
കോയിപ്രം, ജൂണ്‍ 24, ഉച്ചയ്ക്ക് മൂന്ന്, ബ്ലോക്ക് കമ്മ്യൂണിറ്റി ഹാള്‍
ഇലന്തൂര്‍, ജൂണ്‍ 25, രാവിലെ 11, വ്യാപാര്‍ ഭവന്‍
കോന്നി, ജൂണ്‍ 25, ഉച്ചയ്ക്ക് മൂന്ന്, ബ്ലോക്ക് ഓഫീസ് ഹാള്‍ (പിഎന്‍പി 1301/24)