Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 19/06/2024 )

ശബരിമല: മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നു

ശബരിമല മണ്ഡല -മകരവിളക്ക് തീര്‍ത്ഥാടനം മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇത്തവണ മുന്നൊരുക്കങ്ങള്‍ കുറച്ചുകൂടി നേരത്തെയാക്കുന്നതിന്റെ ഭാഗമായാണ് നിലയ്ക്കല്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നത്. ദേവസ്വം ഉന്നതഉദ്യോഗസ്ഥരുടെയും കഴിഞ്ഞ സീസണില്‍ ശബരിമല ഡ്യൂട്ടി നോക്കിയിട്ടുള്ള ഓഫീസര്‍മാരുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വരുന്ന സീസണിലേക്ക് ഭക്തര്‍ക്കായി ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ചും ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട കൂടുതല്‍ സംവിധാനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇനി എല്ലാ മാസവും അവലോകന യോഗം ചേരാനും മുന്നൊരുക്ക പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനും തീരുമാനമായി.

രാവിലെ 10.30 ന് ആരംഭിച്ച യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. അജികുമാര്‍, എ. സുന്ദരേശന്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത്, സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായന പക്ഷാചരണം: ജില്ലയില്‍ വിപുലമായ പരിപാടികളോടെ തുടക്കം     

കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വായന പക്ഷാചരണപരിപാടികള്‍ക്ക് ജില്ലയില്‍ വിപുലമായ തുടക്കം. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ. പി. ജയന്‍ നിര്‍വഹിച്ചു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി. ജെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊ. ടി.കെ.ജി നായര്‍ മുഖ്യപ്രഭാഷണം, വായന അനുഭവം പങ്കു വെയ്ക്കല്‍ എന്നിവ നിര്‍വഹിച്ചു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ജി. ആനന്ദന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ആര്‍. തുളസീധരന്‍ പിള്ള, അടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി. ബാബു,അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, ബോയ്‌സ് എച്ച് എസ് എസ് ഹെഡ്മിസ്ട്രെസ് സന്തോഷ് റാണി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബി. സതികുമാരി, അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ്, വൈസ് പ്രസിഡന്റ് കെ.ജി. വാസുദേവന്‍, ജോയിന്റ് സെക്രട്ടറി എന്‍.ആര്‍. പ്രസാദ്, സെക്രട്ടറി ജി. കൃഷ്ണകുമാര്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എസ്. മീരാ സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു. അടൂര്‍ ഗവ എച് എസ് എസ്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ജെ. സംഗീത് വരച്ച പി. എന്‍. പണിക്കരുടെ ചിത്രം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റിന് കൈമാറി. പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 നു ആരംഭിച്ചു ഐ. വി. ദാസിന്റെ ജന്മദിനമായ ജൂലൈ എഴിനു അവസാനിക്കുന്ന  പരിപാടികളാണ് വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

 

പി.എന്‍. പണിക്കര്‍ മലയാളിയെ വായന സംസ്‌കാരത്തോട് അടിപ്പിച്ചു നിര്‍ത്തിയ മഹാന്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

മലയാളിയെ വായന സംസ്‌കാരത്തോട് അടിപ്പിച്ചു നിര്‍ത്തിയ മഹാനായിരുന്നു പി.എന്‍. പണിക്കരെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പറഞ്ഞു. 29-ാമത് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വായനാദിനമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

വായനയിലൂടെ മാത്രമേ സമൂഹത്തിന് നന്മയും വളര്‍ച്ചയും കൈവരിക്കാനാകു. ഈ കാലഘട്ടത്തില്‍ വായന എന്നത് പുസ്തങ്ങളില്‍ നിന്നും മൊബൈല്‍ സ്‌ക്രീനുകളിലേക്ക് മാറി. ഏറിയ പങ്ക് പൗരന്‍മാരും ഡിജിറ്റന്‍ ഉപകരണങ്ങളിലൂടെ വായന രൂപപ്പെടുത്തുന്നവരായി മാറികഴിഞ്ഞു. ദൃശ്യവും ശബ്ദവും ചേര്‍ന്ന ഒരു വായനാനുഭവം നല്‍കാന്‍ നവീന കാലഘട്ടത്തിന്റെ വായന രീതിക്ക് സാധിക്കുന്നുണ്ട്. ഏതു രീതി തെരഞ്ഞെടുത്താലും വായിക്കുക എന്നതാണ് പ്രധാനം. ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളില്ലാതെ മനോഹരമായ മാനവ സമൂഹം സ്വഷ്ടിക്കപ്പെടുകയാണെങ്കില്‍ അത് വായിച്ചു വളരുന്ന ഒരു പുതുതലമുറയുടെ സൃഷ്ടിയായിരിക്കും. വായന അറിവ് നല്‍കുന്നതിനൊപ്പം ഒരു വ്യക്തിയെ ലോകത്തെക്കുറിച്ചും തന്റെ ചുറ്റുപാടുകളെക്കുറിച്ചും മനസിലാക്കി മുന്നോട്ട് പോകുന്നതിനും പ്രതികരിക്കുന്നതിനും പരുവപ്പെടുത്തുന്നു .

സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് വായനയെക്കുറിച്ചും ഗ്രസ്ഥശാലകളെക്കുറിച്ചുമുള്ള പ്രാധാന്യം പ്രചരിപ്പിച്ച മഹത് വ്യക്തിയാണ് പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്റെ ഓര്‍മദിനം വായനാദിനമായി ആചരിക്കുമ്പോള്‍ വായിച്ചു വളരുകയും ചിന്തിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നല്ലൊരു സമൂഹത്തെ വായനയിലൂടെ രൂപപ്പെടുത്തി എടുക്കാന്‍ ശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനന്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായ എസ്. അമീര്‍ജാന്‍ മുഖ്യപ്രഭാഷണം നടത്തി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . മുന്‍ എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ മണക്കാല ഗോപാലകൃഷ്ണന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി സംസാരിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി സി.കെ. നസീര്‍ ,തിരുവല്ല എ.ഇ.ഒ മിനി കുമാരി, പിറ്റിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് , സ്‌കള്‍ പ്രിന്‍സിപ്പല്‍ നവനീത് കൃഷ്ണന്‍, ഹെഡ്മിസ്ട്രസ്സ് എസ. ലത എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സ്‌കൂളിലെ മുന്‍ അധ്യാപകരായ കെ.വി. ഇന്ദുലേഖ, വി.വി. ജെയിംസ് എന്നിവരെ ആദരിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, കാന്‍ഫെഡ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വയനാദിന മാസാചരണവും സംഘടിപ്പിച്ചത്.

പി.എന്‍. പണിക്കര്‍ അനുസ്മരണവും ആല്‍ബ പ്രകാശനവും നടത്തി

പി.എന്‍. പണിക്കര്‍ അനുസ്മരണത്തോട് അനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ വാഴമുട്ടം ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന വായനാദിനാചരണം ഇലന്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മഹാത്മഗാന്ധി, ഡോ. ബി.ആര്‍ അംബേദ്ക്കര്‍, അബ്ദുള്‍ കലാം ആസാദ്, പി.എന്‍. പണിക്കര്‍ എന്നിവരുടെ ആല്‍ബം സ്‌കൂള്‍ വിദ്യാര്‍ഥിനി അഭിരാമി പി. പ്രദീപ് പ്രകാശനം ചെയ്തു. പി. ദേവാനന്ദ്, ദേവ പ്രയാഗ് രഞ്ജിത്, ദേവി ദക്ഷിണ, ജഗദ എം. നായര്‍ എന്നിവര്‍ വിവിധ പരിപാടികളും അവതരിപ്പിച്ചു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ, ഹെഡ്മിസ്ട്രസ് എസ്. ജയന്തി, ജില്ലാ ട്രഷറര്‍ എ.ജി. ദീപു, അഡ്വ.എസ്. മനോജ് , പി.റ്റി പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.

 

തെളിവെടുപ്പ് യോഗം 25 ന്

ഈറ്റാ കാട്ടുവള്ളി മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജൂണ്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. തെളിവെടുപ്പ് യോഗത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ഐടിഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ഗവ. ഐടിഐയില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍ (രണ്ട് വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് എസ്എസ്എല്‍സി വിജയിച്ചവര്‍ക്കും പ്ലംബര്‍ (ഒരു വര്‍ഷം) എസ്എസ്എല്‍സി വിജയിച്ച/പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സ്‌റ്റൈപന്‍ഡ്, ലംസംഗ്രാന്റ്, യൂണിഫോം അലവന്‍സ്, ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവ ഉണ്ടായിരിക്കും. www.scdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജില്‍ ജൂലൈയില്‍ സെഷനില്‍ ആരംഭിക്കുന്ന ഡിസിഎ, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രൊസസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകള്‍ക്ക് 18 വയസിന് മേല്‍ പ്രായമുളളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. വെബ്‌സൈറ്റ് : www.srcc-c.in. ഫോണ്‍: 8281114464.

സമയപരിധി നീട്ടി

വ്യവസായ വാണിജ്യ വകുപ്പില്‍ നിന്നു ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മുഖേന തീര്‍പ്പാക്കാനുളള സമയപരിധി മൂന്നുമാസത്തേക്ക് നീട്ടിയതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0468 2214639, ( ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി), 9496427094 (താലൂക്ക് വ്യവസായ ഓഫീസ്, തിരുവല്ല, അടൂര്‍), 9446655599 (താലൂക്ക് വ്യവസായ ഓഫീസ്, പത്തനംതിട്ട ).

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ്, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോണ്‍ : 0469 2785525, 8281905525.

മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ജൂണ്‍ 22 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മണിയാര്‍ ബാരേജിലെ ജലനിരപ്പ് സുരക്ഷതമായി നിലനിര്‍ത്തുന്നതിന് ജൂണ്‍ 22 വരെ ബാരേജില്‍ നിലവിലുള്ള അഞ്ച് സ്പില്‍വേ ഷട്ടറുകളും പരമാവധി 100 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി കക്കാട്ടാറിലേയ്ക്ക് ജലം തുറന്നവിടേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇതുമൂലം കക്കാട്ടാറില്‍ 50 സെ.മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവരും  മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു