Trending Now

ജനങ്ങളെ ബോധവൽക്കരിക്കാൻ കാർട്ടൂണുകൾക്ക് കൂടുതൽ കഴിവുണ്ട്

ഒരു ക്ലിക്കിൽ കാണാം, കൊറോണ കാർട്ടൂണുകൾ

കൈ കഴുകിയില്ലെങ്കിൽ കിടപ്പാകുമെന്ന് പറയുന്നു ഒരു കാർട്ടൂൺ. മനുഷ്യൻ്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പമെന്ന് ചൂണ്ടിക്കാട്ടുന്നു മറ്റൊന്ന്. അമേരിക്കയുടെയും യൂറോപ്പിൻ്റെയും നടുക്കമാണ് ചില ചിത്രങ്ങളിൽ. ഭയാനകമായി പടരുന്ന കൊറോണയുടെ നേർ ചിത്രങ്ങളാണ് എല്ലാം.

ലോക് ഡൗൺ കാലത്ത് ബോറടി മാറ്റാൻ മാത്രമല്ല, ബോധം തെളിയാനും ഉപകരിക്കുന്ന വരകൾ. കൊറോണ കാലത്തെ കാർട്ടൂണുകളുടെ ശേഖരം ആസ്വദിക്കാനും മറ്റുള്ളവർക്ക് പങ്കിടാനും ഫെയ്സ് ബുക്കിലൂടെ അവസരം ഒരുക്കിയിരിക്കുന്നത് കേരള കാർട്ടൂൺ അക്കാദമിയാണ്.

കേരളത്തിലെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും കാർട്ടൂണിസ്റ്റുകളുടെ രചനകൾ വിപുലമായ ശേഖരത്തിലുണ്ട്. പത്രമാധ്യമങ്ങളിലൂടെ അറിയപ്പെടുന്നവരും ഇതിലുൾപ്പെടും. വെറും ചിരിയല്ല , ചിന്തയുടെ വലിയ തിരിച്ചറിവുകൾ നൽകുന്നുണ്ട് പല കാർട്ടൂണുകളും. ഒപ്പം, ജാഗ്രതയുടെ മുന്നറിയിപ്പുകളും. 900 + കാർട്ടൂണുകളുള്ള ശേഖരം ഇനി മുതൽ ദിവസവും 100 രചനകൾ വീതം ഉൾപ്പെടുത്തും.

കൊറോണ ഭീതി കേരളത്തിൽ ആദ്യമുയർന്നപ്പോൾ, ഫെബ്രുവരിയിൽ കണ്ണൂരിൽ കാർട്ടൂൺ അക്കാദമി കൊറോണ കാർട്ടൂണുകളുടെ പ്രദർശനം നടത്തിയിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പും, ജില്ലാ മെഡിക്കൽ ഓഫീസുമായി സഹകരിച്ച് തൃശൂരും എറണാകുളത്തും ഒരുക്കിയ കാർട്ടൂൺ പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ട്. കൂടുതൽ ജില്ലകളിൽ വ്യാപിപ്പിച്ച് പ്രാദേശികമായി പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നു.

ജനങ്ങളെ ബോധവൽക്കരിക്കാൻ കാർട്ടൂണുകൾക്ക് കൂടുതൽ കഴിയുമെന്നതിനാലാണ് ലോക് ഡൗൺ കാലത്ത് ഓൺലൈൻ പ്രദർശനം ഒരുക്കിയതെന്ന് അക്കാദമി ചെയർമാൻ കെ.ഉണ്ണികൃഷ്ണനും സെക്രട്ടറി അനൂപ് രാധാകൃഷ്ണനും പറഞ്ഞു. നൂറു വർഷം മുൻപ് ഒരു മഹാ ക്ഷാമ കാലത്താണ് ആദ്യമലയാള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

ഇപ്പോൾ മഹാമാരിയെ ചെറുക്കുന്ന സമൂഹത്തിൽ ബോധവൽക്കരണ ദൗത്യത്തിലാണ് കാർട്ടൂണിസ്റ്റുകൾ. ലോകം അടഞ്ഞുകിടക്കുമ്പോഴും കാർട്ടൂണിസ്റ്റുകൾ വര കൊണ്ട് പ്രതിരോധം തീർക്കുന്നു. കാർട്ടൂണുകൾ ഇവിടെ കാണാം, പങ്കിടാം
https://bit.ly/39DC0e2

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!