Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 11/06/2024 )

വാഹന ലേലം

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ 2013 മോഡല്‍ വേരിറ്റോ കാര്‍ ജൂണ്‍ 25 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. താത്പര്യമുളളവര്‍ 4000 രൂപ നിരതദ്രവ്യം അരമണിക്കൂര്‍ മുമ്പ് കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0468 2333161.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

വെണ്ണിക്കുളം പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നാലും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രണ്ടും താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 14 ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ ഉദ്യാഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഹാജരാകണം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബിടെക് ബിരുദമാണ് യോഗ്യത. ഫോണ്‍ : 0469 2650228.

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോം

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പിഎം- ദക്ഷ്- ഡിഇപിഡബ്ല്യൂഡി എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ആരംഭിച്ചു. ഭിന്നശേഷിക്കാര്‍ക്ക് നൈപുണ്യപരിശീലനം നല്‍കുന്നതിനും തൊഴിലവസരങ്ങള്‍ സുഗമമാക്കുന്നതിനും ദിവ്യാജ്ഞാന്‍ കൗശല്‍ വികാസ്, ദിവ്യാജ്ഞാന്‍ റോസ്ഗാര്‍ സേതു എന്നിങ്ങനെ രണ്ട് മൊഡ്യൂളുകള്‍ പോര്‍ട്ടലില്‍ വികസിപ്പിച്ചുണ്ട്.

യുഡിഐഡി അടിസ്ഥാനമാക്കിയുളള തടസമില്ലാത്ത രജിസ്ട്രേഷന്‍, 250 ല്‍ അധികം നൈപുണ്യവികസന കോഴ്സുകളിലേക്ക് ഡിജിറ്റല്‍ റിസോഴ്സുകള്‍ വഴി ഇ-ലേണിംഗ് നടത്തുന്നതിലേക്കുളള പ്രവേശനം സാധ്യമാക്കല്‍, ഭിന്നശേഷിക്കാര്‍ക്ക് അവരുടെ സംസ്ഥാനത്തും ജില്ലയിലും പ്രവര്‍ത്തിക്കുന്ന ട്രെയിനിംഗ് പാര്‍ട്ണേഴ്സിനെ കണ്ടെത്തുന്നതിനും സ്റ്റഡി മെറ്റീരിയലുകള്‍ അക്സസ് ചെയ്യുന്നതിനും പരിശീലകരെ കുറിച്ചുളള വിശദമായ വിവരങ്ങള്‍ ലഭ്യമാകുന്നതിനും ഈ പോര്‍ട്ടല്‍ സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ https://youtube/RrGxqpTLr2Y എന്ന ലിങ്കില്‍ നിന്നും ലഭിക്കും.

കയര്‍ പരിശീലന കോഴ്സ്

ആലപ്പുഴ കലവൂര്‍ ദേശീയ കയര്‍ പരിശീലന കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കയര്‍ വ്യവസായ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള സംഘങ്ങളില്‍ നിന്ന് സ്പോണ്‍സര്‍ ചെയ്തിട്ടുളള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ 18 നും 50 നും മധ്യേ പ്രായമുളള സാക്ഷരര്‍ ആയിരിക്കണം.

പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3000 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. ജൂലൈ ഒന്നിന് കോഴ്സ് ആരംഭിക്കും. ആകെ സീറ്റില്‍ 20 ശതമാനം പട്ടികജാതി പട്ടികവര്‍ഗ അപേക്ഷകര്‍ക്കാണ്. വനിതകള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ അലവന്‍സായി 500 രൂപയും ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 21 ന് മുന്‍പായി അസിസ്റ്റന്റ് ഡയറക്ടര്‍, കയര്‍ ബോര്‍ഡ്, ദേശീയ പരിശീലന കേന്ദ്രം, കലവൂര്‍ പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0477-2258067, വെബ്‌സൈറ്റ് : www.coirboard.gov.in

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുളള വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയും 2024 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചും വോട്ടര്‍പട്ടികയുടെ സംഷിപ്ത പുതുക്കല്‍ നടത്തുന്നതിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ച അവകാശവാദ അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ 21 ന് വൈകുന്നേരം അഞ്ചുവരെ https://www.sec.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും അക്ഷയസെന്റര്‍ വഴിയും സമര്‍പ്പിക്കാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ്, കേക്ക്, ബേക്കറി ഉത്പന്നങ്ങള്‍ തുടങ്ങിയവയടെ പരിശീലനം ആരംഭിച്ചു. താത്പര്യമുളളവര്‍ ഇന്ന് (12) രാവിലെ 10 ന് ഓഫീസില്‍ എത്തണം. ഫോണ്‍- 0468 2270243, 8330010232.

പഴവങ്ങാടി വില്ലേജ്: ഡിജിറ്റല്‍ സര്‍വെ

റാന്നി താലൂക്കില്‍ പഴവങ്ങാടി വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ കേരള സര്‍വെയും അതിരടയാളവും ആക്ട് 9(2) പ്രകാരം പൂര്‍ത്തിയായി. സര്‍വെ റെക്കോഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും പഴവങ്ങാടി ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫിസിലും പഴവങ്ങാടി ബ്ലോക്കിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂ ഉടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളൂടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. കൂടാതെ ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളിലും റെക്കോഡുകള്‍ പരിശോധിക്കാം. പരാതിയുണ്ടങ്കില്‍ പത്തനംതിട്ട റീസര്‍വെ നം-1 സൂപ്രണ്ടാഫീസില്‍ നേരിട്ടോ, ”എന്റെ ഭൂമി പോര്‍ട്ടല്‍” മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കണം. നിശ്ചിത ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം റീ സര്‍വെ റെക്കോഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വെ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റെക്കോഡുകള്‍ അന്തിമമാക്കും.

കൗണ്‍സിലര്‍ ഒഴിവ്

റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ്് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വടശ്ശേരിക്കര, പ്രീമെട്രിക് ഹോസ്റ്റല്‍ ചിറ്റാര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ കടുമീന്‍ചിറ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് എന്നിവ നല്‍കുന്നതിന് 2024-25 അധ്യയന വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ ആയി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മൂന്നു കൗണ്‍സിലറുടെ ഒഴിവുകളാണുള്ളത് (പുരുഷന്‍ – രണ്ട്, സ്ത്രീ – ഒന്ന്)

അപേക്ഷകര്‍ എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി എന്നീ യോഗ്യതയുള്ളവര്‍ ആയിരിക്കണം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. പ്രായപരിധി 2024 ജനുവരി ഒന്നിന് 25 നും 45 നും മദ്ധ്യേ ആയിരിക്കണം. നിയമനകാലാവധി 2025 മാര്‍ച്ച് 31 വരെ മാത്രം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ഓണറേറിയവും യാത്രാപ്പടി പരമാവധി 2000 രൂപയും ഉണ്ടായിരിക്കും. നിയമനങ്ങള്‍ക്ക് പ്രാദേശികമായ മുന്‍ഗണനയില്ല. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, തോട്ടമണ്‍ റാന്നി, പത്തനംതിട്ട ഓഫീസില്‍ ജൂണ്‍ 19 ന് രാവിലെ 11 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ – 04735 227703

പട്ടികജാതി വിഭാഗത്തിനായിവിദേശ തൊഴില്‍ വായ്പാ പദ്ധതി

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ പരിഗണിക്കാനായി പട്ടികജാതിയില്‍പ്പെട്ട യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിനു ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം. നോര്‍ക്കാ റൂട്‌സ്, ഒഡിഇപിഇസി എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. പ്രായപരിധി 18 – 55. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപ അധികരിക്കരുത്.

പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ടു ലക്ഷം രൂപ. അതില്‍ ഒരു ലക്ഷം രൂപ വരെ അര്‍ഹരായവര്‍ക്ക് സബ്സിഡിയായി അനുവദിക്കും. അമ്പത് വയസ് കവിയാത്തവരും രണ്ടര ലക്ഷം രൂപയ്ക്കുള്ളില്‍ കുടുംബ വാര്‍ഷിക വരുമാനമുള്ളവരുമായ അപേക്ഷകര്‍ക്കാണ് സബ്സിഡിക്ക് അര്‍ഹത. വായ്പയുടെ പലിശനിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലയളവ് മൂന്നു വര്‍ഷവുമാണ്. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ്, വിസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവ ലഭിച്ചിരിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ പന്തളം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9400068503.

അധ്യാപക ഒഴിവ്

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍ അധ്യാപക തസ്തികയില്‍ അവധി ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 19 ന് രാവിലെ 10:30 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 228498.