ജില്ലാ നിയമസേവന അതോറിറ്റി അദാലത്തില്‍ 13229 കേസുകള്‍ തീര്‍പ്പാക്കി
ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 13229 കേസുകള്‍ തീര്‍പ്പാക്കി. മജിസ്‌ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കി തീര്‍ക്കാവുന്നവ, എംഎസിറ്റി, ബാങ്ക്, ആര്‍റ്റിഒ, രജിസ്ട്രേഷന്‍ ബിഎസ്എന്‍എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ മുതലായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. വിവിധ കേസുകളിലായി 6.4 കോടി രൂപ നഷ്ടപരിഹാരമായി വിധിച്ചു. 5408850 രൂപ വിവിധ ക്രിമിനല്‍ കേസുകളില്‍ പിഴയിനത്തില്‍ ഈടാക്കി. ജില്ലാ നിയമ സേവന അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എന്‍ ഹരികുമാര്‍, താലൂക്ക് നിയമ സേവന അതോറിറ്റി ചെയര്‍മാനും അഡീ. ജില്ലാ ജഡ്ജിയുമായ എസ്. ജയകുമാര്‍ ജോണ്‍, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി /സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ ബീന ഗോപാല്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. എംഎസിറ്റി ജഡ്ജ് ജി.പി. ജയകൃഷ്ണന്‍, അഡീഷണല്‍ ജില്ലാ ജഡ്ജി ഡോ.പി. കെ. ജയകൃഷ്ണന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി.എസ് നോബെല്‍, സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ ലെനി തോമസ് കുരക്കര്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കാര്‍ത്തിക പ്രസാദ് എന്നിവര്‍ പത്തനംതിട്ട കോടതി സമുച്ചയത്തിലെ അദാലത്തില്‍ പങ്കെടുത്ത് കേസുകള്‍ തീര്‍പ്പാക്കി.
മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം (11)
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം (11) നടക്കും. പത്തനംതിട്ട ജില്ലയിലെ ഏഴു സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും (11) രാവിലെ മുതല്‍ പല സമയങ്ങളിലായി മുഴങ്ങും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.
പത്തനംതിട്ട കളക്ടറേറ്റ്, തിരുവല്ല താലൂക്ക് ഓഫീസ്, കെ എസ് ജി എച്ച്എസ്എസ് കടപ്പാറ, ഗവണ്‍മെന്റ് എച്ച്എസ് മേലുകര കീക്കൊഴൂര്‍ റാന്നി, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ കൊടുമുടി, പ്രീ മെട്രിക് ഹോസ്റ്റല്‍ അച്ചന്‍കോവില്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ അടൂര്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ – 8547632016.
പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിന്റെ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍മാര്‍, ഡിപ്ലോമ/ഡിഗ്രി ഉളള നേഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ് ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഫോണ്‍ : 9048110031, 8075553851.
അഡ്മിഷന്‍ ആരംഭിച്ചു
ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആദ്യ രണ്ട് മാസം അടൂര്‍ ഗവ. പോളിടെക്‌നിക്കിലും തുടര്‍ന്നുള്ള മൂന്നു മാസം കൊച്ചിന്‍ ഷിപ്യാര്‍ഡിലുമായിരിക്കും പരിശീലനം. ഫോണ്‍ : 9447454870, 7994497989.
ക്വട്ടേഷന്‍
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം 210 വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അംഗീകൃത ബ്രാന്റുകളില്‍പ്പെട്ട ചപ്പല്‍ വിതരണം ചെയ്യുന്നതിന് തയാറുളള വിതരണക്കാര്‍/സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 13 ന് വൈകുന്നേരം നാലുവരെ. ഫോണ്‍ : 9497051153.
വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ എല്ലാ ക്ഷീരവികസന യൂണിറ്റിലേയ്ക്കും എംഎസ്ഡിപി പദ്ധതി പ്രകാരം വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 10 മാസമാണ് പ്രവര്‍ത്തനകാലയളവ്. 8000 രൂപ പ്രതിമാസ ഇന്‍സെന്റീവ് ലഭിക്കും. യോഗ്യത : എസ്എല്‍സി, കമ്പ്യൂട്ടര്‍ പരിചയം (അഭിലഷണീയം), ബന്ധപ്പെട്ട യൂണിറ്റില്‍ സ്ഥിരതാമസം. പ്രായപരിധി 18-45. വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കറായി മുന്‍പ് സേവനം അനുഷ്ഠിച്ചവര്‍ക്ക് ആ കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 14 പകല്‍ മൂന്നു വരെ. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ 19 ന് രാവിലെ 11 നാണ് അഭിമുഖം. അപേക്ഷകര്‍ വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2223711.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
വെണ്ണിക്കുളം പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ സിവില്‍ വിഭാഗത്തില്‍ രണ്ടും ഓട്ടോമൊബൈല്‍ വിഭാഗത്തില്‍ മൂന്നും താത്കാലിക ഒഴിവുകളിലേക്കും വര്‍ക്ഷോപ്പ് സൂപ്രണ്ട് തസ്തികയിലെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 13 ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ ഉദ്യാഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഹാജരാകണം. സിവില്‍, ഓട്ടോമൊബൈല്‍ , ലക്ചറര്‍ തസ്തികയിലേക്ക് ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബിടെക് ബിരുദവും വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് തസ്തികയില്‍ ഒന്നാം ക്ലാസോടെ ബിടെക് മെക്കാനിക്കല്‍ ബിരുദവുമാണ് യോഗ്യത. ഫോണ്‍ : 0469 2650228.
വനിതകള്‍ക്ക് താമസ സൗകര്യം
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ മിത്ര കേന്ദ്രം ആരംഭിച്ചു. സ്ഥിരതാമസത്തിനും ഇന്റര്‍വ്യുവിനും മറ്റ് ദിവസാവശ്യങ്ങള്‍ക്കും വരുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യവും ആഹാരവും ശുദ്ധീകരിച്ച ജലവും വൈഫൈ സൗകര്യവും പാര്‍ക്കിംഗ് സൗകര്യവും സെക്യൂരിറ്റി സേവനവും ഇന്‍സിനേറ്റര്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സൗകര്യവും ഇവിടെ ലഭ്യമാണ് . അറ്റാച്ചിഡ് എസി, നോണ്‍ എസി റൂമുകളും, ഷെയറിങ് റൂമുകളും ലഭ്യമാണ്. (കെഎസ് ആര്‍ടിസി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും 500 മീറ്റര്‍ ദൂരം ) ഫോണ്‍: 8281552350
കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്റര്‍
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയില്‍ കണ്ണങ്കര വനിതാ മിത്ര കേന്ദ്രത്തില്‍ ആറുമാസം മുതലുള്ള കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു. അവധിക്കാലത്ത് കൂട്ടികള്‍ക്ക് അഡ്മിഷന്‍ എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഡേ കെയര്‍ സെന്ററിലേക്ക് അഡ്മിഷന്‍ ആവശ്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- ജില്ലാ ഓഫീസ: 8281552350, ഡേ കെയര്‍ : 9562919882
വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 18 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകളില്‍ ന്യൂനപക്ഷ, പിന്നോക്ക, പട്ടികജാതി/പട്ടികവര്‍ഗ, പൊതുവിഭാഗം എന്നിവര്‍ക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ സ്വയം തൊഴില്‍ ചെയ്യുന്നതിന് (വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍) വായപ അനുവദിക്കും. www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫാറം ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ഫാറം ആവശ്യമായ രേഖകള്‍ സഹിതം പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ, ഡിസ്ട്രിക്ട് ഓഫീസര്‍, വനിത വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട, 689645 എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍: 8281552350.