Trending Now

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നു;പനി ലക്ഷണങ്ങള്‍ അവഗണിക്കരുത്

Spread the love

 

konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതിനാല്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. മഴ പെയ്തതോടെ വെളളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുളള സാഹചര്യം എല്ലായിടത്തും നിലനില്‍ക്കുന്നു.

പാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, ടാപ്പിംഗ് നടത്താത്ത റബ്ബര്‍ മരങ്ങളിലെ ചിരട്ടകള്‍, ടാര്‍പ്പോളിന്‍ ഷീറ്റുകള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ വച്ചിരിക്കുന്ന ട്രേകള്‍ എന്നിവയില്‍ വെളളം കെട്ടിനില്‍ക്കാതിരിക്കാനും, ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുളളിലും പരിസരത്തും കെട്ടി നില്‍ക്കുന്ന വെളളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണം.

ജലദോഷം, തുമ്മല്‍ ഇവയില്ലാതെ വരുന്ന പനി ലക്ഷണങ്ങള്‍ അവഗണിക്കരുത്. ചൂട്, ചൂടോടുകൂടിയ കടുത്തപനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍തന്നെ ചികിത്സ തുടങ്ങേണ്ടതാണ്. അതിശക്തമായ നടുവേദന, കണ്ണിനു പിറകില്‍ വേദന എന്നിവയും ഡെങ്കിപ്പനിയുടെ പ്രത്യേകതകളാണ്.

സാധാരണ വൈറല്‍ പനി എന്നു കരുതി ചികിത്സിക്കാതെയിരുന്നാല്‍ രോഗ ഗുരുതരമാവാനും മരണത്തിനും കാരണമായേക്കാം. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടുമുണ്ടായാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുളളതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരംഭത്തിലേ ചികിത്സ തേടണം.

ഈ ആഴ്ചയിലെ ഡെങ്കി ഹോട്ട്സ്പോട്ടുകള്‍
പഞ്ചായത്ത്/മുനിസിപ്പാലിറ്റി, വാര്‍ഡ് എന്ന ക്രമത്തില്‍

www.konnivartha.com
മല്ലപ്പള്ളി 10
കൊടുമണ്‍ 17
പത്തനംതിട്ട 10, 8, 9, 7, 5, 3
കോന്നി 12
റാന്നി പെരുനാട് 9
തണ്ണിത്തോട് 13
സീതത്തോട് 9
കൊക്കാത്തോട് 9
കൂടല്‍ 5, 6

error: Content is protected !!