konnivartha.com: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് ആവേശകരമായ തുടക്കം. നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ ഷാജി സി.ഡി എന്നിവരുടെ സാന്നിധ്യത്തിൽ 14 ജില്ലകളിൽ നിന്നും എത്തിയ കുട്ടികൾ പരിസ്ഥിതി സൗഹൃദ ചിത്രരചനയോടെ പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. പ്രത്യേകം സ്ഥാപിച്ച ബോർഡുകളിൽ മരങ്ങൾ, പക്ഷികൾ, പൂക്കൾ, നദികൾ തുടങ്ങി പ്രകൃതിയോട് ഇണങ്ങിയ വിവിധ ചിത്രങ്ങൾ വരച്ചും സന്ദേശങ്ങൾ എഴുതിയും വിദ്യാർഥികൾ തന്നെ പഠനോത്സവം ഉദ്ഘാടനം ചെയ്തത് കൗതുക കാഴ്ചയായി.
മിഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരങ്ങളിൽ വിജയികളായ 60 ഓളം കുട്ടികളാണ് മൂന്നുദിവസത്തെ ക്യാമ്പിന്റെ ഭാഗമാകുന്നത്. ലോക ജൈവവൈവിധ്യ ദിനചാരണത്തോടനുബന്ധിച്ചു അടിമാലിയിലും മൂന്നാറിലുമായിട്ടാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്.
ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും പഠനോത്സവ ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും.
പരിസ്ഥിതി ഗവേഷകൻ ഡോ.സുജിത് വി ഗോപാലൻ, അലൻ, ആദർശ്, അജയ്, നവകേരളംകർമപദ്ധതി അസിസ്റ്റന്റ് കോർഡിനേറ്റർ ടി പി സുധാകരൻ, പ്രോഗ്രാം ഓഫീസർ സതീഷ് ആർ വി, ഹരിത കേരളം മിഷൻ പ്രൊജക്റ്റ് കോർഡിനേറ്റർ ലിജി മേരി ജോർജ്, പ്രോഗ്രാം അസോസിയേറ്റ് കാർത്തിക എസ്, ജിഷ്ണു എം, ജില്ലാ കോർഡിനേറ്റർമാർ, ഹരിത കേരള മിഷൻ യങ് പ്രൊഫഷണലുകൾ, ഇന്റേൺഷിപ് ട്രെയിനികൾ തുടങ്ങിയവർ ക്യാമ്പ് നയിക്കും.