Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 13/03/2024 )

അർദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടർ റിസർച്ച് സെന്ററുകൾ സ്ഥാപിക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

ഇന്ത്യയുടെ അർദ്ധ ചാലക ആവാസവ്യവസ്ഥ ശക്തിപ്പെടുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് അവസരങ്ങളുടെ വലിയ ലോകം

അർദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടർ റിസർച്ച് സെന്ററുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയുടെ അർദ്ധചാലക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായുള്ള മൂന്ന് അർദ്ധചാലക സൗകര്യങ്ങളുടെ ശിലാ സ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിച്ചതിന്റെ ഭാഗമായി തിരുവനന്തപുരം ഐസറിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയാണ് ഇന്ത്യയുടെ ഭാവി. സാങ്കേതികവിദ്യ കൂടുതൽ മികച്ച രീതിയിൽ ഉൾക്കൊള്ളാനും കാലാനുസൃതമായ പരിവർത്തനത്തിലൂടെ സാങ്കേതികവിദ്യയെ പുനർ നിർവചിക്കാനും ഇതിലൂടെ സാധിക്കും. അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അർദ്ധ ചാലക ആവാസവ്യവസ്ഥ ശക്തിപ്പെടുന്നതിലൂടെ വിദ്യാർത്ഥികൾക്ക് അവസരങ്ങളുടെ വലിയ ലോകം ലഭ്യമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അർദ്ധ ചാലകങ്ങൾ ഇലക്ട്രോണിക് ആവാസ വ്യവസ്ഥയുടെ അടിസ്ഥാനവും ഭാവിയിലെ സാധ്യതയുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുടർന്ന് വിദ്യാർത്ഥികളുമായും മന്ത്രി സംവദിച്ചു. ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തൽസമയം സംപ്രേക്ഷണം ചെയ്തു. ഐസർ ഡയറക്ടർ പ്രൊഫ. ജെ എൻ മൂർത്തി ചടങ്ങിൽ സംസാരിച്ചു.

തിരുവനന്തപുരത്തെ 10 സ്‌കൂളുകളില്‍ അടല്‍ ടിങ്കറിംഗ് ലാബ് സ്ഥാപിക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരത്തെ 10 സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബ് സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. COP26ലെ ഇന്ത്യന്‍ പ്രമേയമായ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കര നിംസ് മെഡി സിറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പുതിയ ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് ചടങ്ങില്‍ അവതരിപ്പിച്ച മന്ത്രി, വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. വിദ്യാര്‍ഥികളുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി തലസ്ഥാനത്തെ സ്‌കൂളുകളില്‍ അടല്‍ ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിക്കുന്ന കാര്യം അറിയിച്ചത്. ഡിജിറ്റല്‍ അടിസ്ഥാന വികസന മേഖലയില്‍ ഇന്ത്യ നിര്‍മ്മിച്ച പൊതു സംവിധാനങ്ങള്‍ ഇന്ന് 32 വിദേശ രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. 2014 മുതലുള്ള ആദ്യ അഞ്ചു വര്‍ഷം ഇന്ത്യയെ പുനര്‍ നിര്‍മ്മിക്കാനുള്ള ശ്രമമാണ് കേന്ദ്ര ഗവണ്‍മെന്റ് നടത്തിയത്. പുതിയ ഇന്ത്യയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടര്‍ന്നുള്ള അഞ്ചു വര്‍ഷം കേന്ദ്രം പ്രവര്‍ത്തിച്ചത്. ഇന്നത്തെ യുവതലമുറയ്ക്ക് ലഭിക്കുന്ന പുതിയ ഇന്ത്യ പൂര്‍ണ ശേഷിയുള്ള ഇന്ത്യയാണ്.

പുതിയ ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച കണക്കിലെടുത്താല്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭാഗ്യമുള്ള തലമുറയാണ് ഇന്നത്തെ വിദ്യാര്‍ഥി സമൂഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മ്മിത ബുദ്ധി തൊഴില്‍ നഷ്ടമുണ്ടാക്കില്ലെന്നും തൊഴില്‍ ശൈലിയും തൊഴില്‍ സംസ്‌കാരവും മാറുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി വിക്ഷേപിച്ച ആദ്യ സാറ്റലൈറ്റായ എന്‍ ഐ യു സാറ്റിന്റെ മാതൃക അനാശ്ചാദനം ചെയ്ത മന്ത്രി യൂണിവേഴ്‌സിറ്റി അടുത്തതായി വിക്ഷേപിക്കുന്ന സാറ്റലൈറ്റായ നാനാജി സാറ്റിന്റെ ലോഗോ പ്രകാശനവും നിര്‍വഹിച്ചു. ചടങ്ങില്‍ നിംസ് മെഡിസിറ്റി എം ഡി എം എസ് ഫൈസല്‍ഖാന്‍ സംസാരിച്ചു.

 

1.25 ലക്ഷം കോടി രൂപയുടെ 3 സെമികണ്ടക്ടര്‍ കേന്ദ്രങ്ങള്‍ക്കു തറക്കല്ലിട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വികസിതഭാരതത്തിനായി ചിപ്പുകള്‍’ പരിപാടിയെ അഭിസംബോധന ചെയ്യുകയും വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്ന് 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് സെമികണ്ടക്ടര്‍ കേന്ദ്രങ്ങൾക്കു തറക്കല്ലിടുകയും ചെയ്തു. ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപമേഖലയിലെ (ഡിഎസ്‌ഐആര്‍) സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ കേന്ദ്രം, അസമിലെ മരിഗാവില്‍ ഔട്ട്സോഴ്‌സ് ചെയ്ത സെമികണ്ടക്ടര്‍ നിര്‍മാണ-പരിശോധനാ (OSAT) കേന്ദ്രം; സാനന്ദില്‍ ഔട്ട്സോഴ്‌സ് ചെയ്ത സെമികണ്ടക്ടര്‍ നിര്‍മാണ-പരിശോധനാ (OSAT) കേന്ദ്രം എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.
ഗുജറാത്തിലെ ധോലേരയിലും സാനന്ദിലും അസമിലെ മരിഗാവിലും ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് പ്രധാന സെമികണ്ടക്ടര്‍ നിര്‍മ്മാണ കേന്ദ്രങ്ങൾക്കു തറക്കല്ലിട്ട ഇന്നത്തെ ചരിത്ര സന്ദര്‍ഭം ഇന്ത്യയുടെ ശോഭനമായ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ സെമികണ്ടക്ടര്‍ കേന്ദ്രമാക്കി മാറ്റുന്നതില്‍ ഇന്നത്തെ പദ്ധതികള്‍ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാന സംരംഭങ്ങള്‍ക്ക് പൗരന്മാരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തായ്‌വാനില്‍ നിന്നുള്ള സെമികണ്ടക്ടര്‍ വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവരുടെ വെര്‍ച്വല്‍ സാന്നിധ്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ഇന്നത്തെ വേളയിൽ ആവേശം പ്രകടിപ്പിക്കുകയും ചെയ്തു.
60,000ത്തിലധികം കോളേജുകളും സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ സവിശേഷ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭാവിയുടെ യഥാര്‍ഥ പങ്കാളികളായതിനാല്‍ രാജ്യത്തിന്റെ യുവജനങ്ങളുടെ സ്വപ്നങ്ങളുടെ പരിപാടിയാണ് ഇന്നത്തെ പരിപാടിയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സ്വയംപര്യാപ്തതയ്ക്കും ആഗോള വിതരണ ശൃംഖലയിലെ ശക്തമായ സാന്നിധ്യത്തിനുമായി ഇന്ത്യ എങ്ങനെ ബഹുമുഖ ശൈലിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിനു യുവാക്കള്‍ സാക്ഷ്യം വഹിക്കുന്നു. ആത്മവിശ്വാസമുള്ള യുവാക്കളാണ് രാജ്യത്തിന്റെ ഭാഗധേയം തിരുത്തുന്നതെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
സാങ്കേതികവിദ്യാധിഷ്ഠിതമായ 21-ാം നൂറ്റാണ്ടിൽ ഇലക്ട്രോണിക് ചിപ്പുകളുടെ സ്വാധീനം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കും ആധുനികവൽക്കരണത്തിലേക്കും കൊണ്ടുപോകുന്നതിൽ ഇന്ത്യയിൽ നിർമിച്ച, ഇന്ത്യയി‌ൽ രൂപകൽപ്പന ചെയ്ത ചിപ്പുകൾ വലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ കാരണങ്ങളാൽ ആദ്യത്തെ മൂന്ന് വ്യാവസായിക വിപ്ലവങ്ങൾ നഷ്‌ടപ്പെട്ടതിന് ശേഷം, നാലാം വ്യാവസായിക വിപ്ലവമായ ‘ഇൻഡസ്ട്രി 4.0’യെ നയിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇന്ത്യ ഇപ്പോൾ നീങ്ങുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ നിമിഷവും പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഗവൺമെന്റ് എത്ര വേഗത്തിലാണു പ്രവർത്തിക്കുന്നത് എന്നതിന്റെ ഉദാഹരണമായി ഇന്നത്തെ പരിപാടിയെ അവതരിപ്പിച്ചു. സെമികണ്ടക്ടർ മേഖലയിൽ കൈവരിച്ച മുന്നേറ്റങ്ങളുടെ ക്രമം വിശദീകരിച്ച പ്രധാനമന്ത്രി, രണ്ട് വർഷം മുമ്പ് സെമികണ്ടക്ടർ ദൗത്യം പ്രഖ്യാപിച്ചതിനെക്കുറിച്ച് സംസാരിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ആദ്യ ധാരണാപത്രങ്ങൾ ഒപ്പുവച്ചതിനെക്കുറിച്ചും ഇപ്പോൾ മൂന്ന് പദ്ധതികൾക്ക് തറക്കല്ലിടന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. “ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, ഇന്ത്യ പ്രതീക്ഷ നിറവേറ്റുന്നു, ജനാധിപത്യം പ്രതീക്ഷ നിറവേറ്റുന്നു” – പ്രധാനമന്ത്രി പറഞ്ഞു.
ലോകത്ത് വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമാണ് ഇന്ന് സെമികണ്ടക്ടറുകൾ നിർമ്മിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, കൊറോണ വൈറസ് മഹാമാരി കാരണമുണ്ടായ തടസ്സങ്ങൾക്ക് ശേഷം വിശ്വസനീയമായ വിതരണശൃംഖലയുടെ ആവശ്യകതയ്ക്കും ഊന്നൽ നൽകി. ഇതിൽ നിർണായക പങ്ക് വഹിക്കാൻ ഇന്ത്യക്ക് താൽപ്പര്യമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ സാങ്കേതിക ഇടം, ആണവ-ഡിജിറ്റൽ ശക്തി എന്നിവ എടുത്തുപറഞ്ഞു. സെമികണ്ടക്ടർ മേഖലയ്ക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ഏറ്റെടുക്കാൻ ഇന്ത്യ ലക്ഷ്യമിടുന്ന ഭാവി പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. “സെമികണ്ടക്ടർ മേഖലയ്ക്കുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ശക്തിയായി മാറുന്ന ദിവസം വിദൂരമല്ല” – അദ്ദേഹം പറഞ്ഞു. വ്യവസായനടത്തിപ്പു സുഗമമാക്കൽ, നിയമങ്ങൾ ലഘൂകരിക്കൽ എന്നിവയെക്കുറിച്ചു സൂചിപ്പിച്ച അദ്ദേഹം, ഇന്ന് എടുക്കുന്ന നയപരമായ തീരുമാനങ്ങൾ ഭാവിയിൽ ഇന്ത്യക്കു തന്ത്രപ്രധാന നേട്ടങ്ങൾ കൊണ്ടുവരുമെന്നും പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, 40,000-ലധികം ചട്ടങ്ങൾ പാലിക്കലുകൾ ഒഴിവാക്കുകയും വിദേശ നിക്ഷേപത്തിനുള്ള നിയമങ്ങൾ ലഘൂകരിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധം, ഇൻഷുറൻസ്, ടെലികോം മേഖലകളിലെ എഫ്ഡിഐ നയങ്ങൾ ഉദാരമാക്കി. ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ നിർമ്മാണത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന സ്ഥാനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. വലിയ തോതിലുള്ള ഇലക്ട്രോണിക്സ്-ഐടി ഹാർഡ്‌വെയർ നിർമ്മാണത്തിനായി PLI പദ്ധതികൾ അവതരിപ്പിക്കുകയും ഇലക്ട്രോണിക്സ് ക്ലസ്റ്ററുകൾ സൃഷ്ടിക്കുകയും അതുവഴി ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് വേദിയൊരുക്കുകയും ചെയ്തു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ നിർമ്മാതാക്കളാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ക്വാണ്ടം ദൗത്യത്തിന്റെ തുടക്കം, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഗവേഷണ ഫൗണ്ടേഷന്റെ സ്ഥാപനം, ഇന്ത്യയുടെ എഐ ദൗത്യത്തിന്റെ വിപുലീകരണം എന്നിവ എടുത്തുകാട്ടി, സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് പുറമെ സാങ്കേതികവിദ്യയുടെ പുരോഗതിയുടെ ദിശയിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.
സെമികണ്ടക്ടർ ഗവേഷണം യുവജനങ്ങൾക്കായിരിക്കും ഏറെ പ്രയോജനം ചെയ്യുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”സെമികണ്ടക്ടർ ഒരു വ്യവസായം മാത്രമല്ല, അത് അതിരുകളില്ലാത്ത സാദ്ധ്യതകൾ നിറഞ്ഞ ഒരു വാതിൽ തുറക്കുക കൂടെ ചെയ്യും,”
വിശാല വ്യവസായ മേഖലാ ശ്രേണികളിലെ സെമികണ്ടക്ടറുകളുടെ വ്യാപനത്തെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ആഗോള ചിപ്പ് രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യൻ പ്രതിഭകളുടെ വമ്പിച്ച സാന്നിദ്ധ്യവും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. അതുകൊണ്ട്, സെമികണ്ടക്ടർ നിർമ്മാണ മേഖലയിൽ രാജ്യം ഇന്ന് മുന്നേറുമ്പോൾ ഇന്ത്യയുടെ പ്രതിഭാ ആവാസവ്യവസ്ഥ പൂർണ്ണമായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയിലായാലും മാപ്പിംഗ് മേഖലയിലായാലും ഇന്നത്തെ യുവജനങ്ങൾ തങ്ങൾക്കായി സൃഷ്ടിക്കപ്പെടുന്ന അവസരങ്ങളെക്കുറിച്ച് നന്നായി ബോധമുള്ളവരാണെന്ന് പ്രസ്താവിച്ച അദ്ദേഹം, യുവജനങ്ങൾക്കായി ഈ മേഖലകൾ തുറന്നുകൊടുക്കുന്നതിനെക്കുറിച്ചും സൂചിപ്പിച്ചു. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് പരിസ്ഥിതിയായി ഇന്ത്യ മാറുന്നതിനായി ലഭ്യമാക്കിയ മുൻപൊന്നുമില്ലാത്തതരത്തിലുള്ള പ്രോത്സാഹനത്തേയും ആനുകൂല്യങ്ങളേയും പ്രശംസിച്ച അദ്ദേഹം ഇന്നത്തെ പരിപാടി സെമികണ്ടക്ടർ മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. ഇന്നത്തെ പദ്ധതികൾ യുവജനങ്ങൾക്ക് നിരവധി ആധുനിക സാങ്കേതികവിദ്യാ ജോലികൾ ലഭ്യമാക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
”യഹി സമയ് ഹേ സഹി സമയ് ഹേ” എന്ന ചെങ്കോട്ടയിൽ നിന്നുള്ള തന്റെ ഉദ്‌ഘോഷണത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, ഈ വിശ്വാസത്തോടെ കൈകൊണ്ട നയങ്ങളും തീരുമാനങ്ങളും കാര്യമായ ഫലങ്ങൾ നൽകുന്നുവെന്നും പറഞ്ഞു. ”പഴയ ചിന്തകളിൽ നിന്നും പഴയ സമീപനത്തിൽ നിന്നും ഇന്ത്യ ഇപ്പോൾ വളരെ മുന്നിലാണ്. ഇന്ത്യ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നതും നയങ്ങൾ രൂപീകരിക്കുന്നതും ദ്രുതഗതിയിലാണ് ”, പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ സെമികണ്ടക്ടർ സ്വപ്‌നങ്ങൾ 1960 കളിലാണ് ആദ്യമായി വിഭാവനം ചെയ്തതെങ്കിലും ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയങ്ങളെ നേട്ടങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിന്റേയും അഭാവം മൂലം അവ നടപ്പിലാക്കുന്നതിൽ അന്നത്തെ ഗവൺമെന്റുകൾ പരാജയപ്പെട്ടു. രാജ്യത്തിന്റെ കാര്യശേഷികളേയും മുൻഗണനകളേയും ഭാവി ആവശ്യങ്ങളേയും മനസ്സിലാക്കാൻ മുൻ ഗവൺമെന്റുകൾക്ക് കഴിയാത്തതിൽ അദ്ദേഹം പരിവേദനപ്പെട്ടു. ഇപ്പോഴത്തെ ഗവൺമെന്റിന്റെ ദീർഘ വീക്ഷണത്തിലേക്കും ഭാവിയോടുള്ള സമീപനത്തിലേക്കും വെളിച്ചംവീശിയ പ്രധാനമന്ത്രി, വികസിത രാജ്യങ്ങളുമായി മത്സരിക്കുകയെന്ന അഭിലാഷത്തോടെയുള്ള സെമികണ്ടക്ടർ നിർമ്മാണത്തെ കുറിച്ചും പരാമർശിച്ചു. പാവപ്പെട്ടവർക്കായി പക്കാ ഭവനങ്ങളിൽ നിക്ഷേപം നടത്തുന്നതിനോടൊപ്പം തന്നെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും, ലോകത്തെ ഏറ്റവും വലിയ ശുചിത്വ പ്രസ്ഥാനം നടത്തുന്നതു മുതൽ സെമികണ്ടക്ടർ നിർമ്മാണത്തിലെ മുന്നേറ്റം വരെയും ദാരിദ്ര്യത്തിൽ ദ്രുതഗതിയിൽ കുറവ് വരുത്തുന്നതു മുതൽ ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തോടെയുള്ള വമ്പൻ അടിസ്ഥാന സൗകര്യ നിക്ഷേപം വരെയുമുള്ള നിക്ഷേപ ഉദാഹരണങ്ങൾ നൽകികൊണ്ട് രാജ്യത്തിന്റെ മുൻഗണകളിലെല്ലാം ഗവൺമെന്റ് ശ്രദ്ധചെലുത്തുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ” 2024ൽ മാത്രം 12 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു”, 21-ാം നൂറ്റാണ്ടിൽ പ്രതിരോധമേഖലയിലെ ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ നേർക്കാഴ്ചകൾ നൽകിയ പൊഖ്‌റാനിൽ ഇന്നലെ നടന്ന ഭാരത് ശക്തി അഭ്യാസത്തെ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അഗ്‌നി-5 ലൂടെ ലോകത്തിലെ എക്‌സ്‌ക്ലൂസീവ് ക്ലബ്ബിൽ ഇന്ത്യ ചേർന്നതും, കാർഷിക മേഖലയിൽ ഡ്രോൺ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് 2 ദിവസം മുമ്പ് നമോ ഡ്രോൺ ദീദി പദ്ധതി പ്രകാരം ആയിരക്കണക്കിന് ഡ്രോണുകൾ സ്ത്രീകൾക്ക് കൈമാറിയതും ഗഗൻയാനിനായുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾ ശക്തി പ്രാപിക്കുന്നതും, കൂടാതെ അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ റിയാക്ടറമെല്ലാം പരാമർശിച്ചു. ”ഈ പരിശ്രമങ്ങളെല്ലാം, ഈ പദ്ധതികളെല്ലാം, ഇന്ത്യയെ വികസനമെന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നു. തീർച്ചയായും, ഇന്നത്തെ ഈ മൂന്ന് പദ്ധതികൾക്കും ഇതിൽ വലിയ പങ്കുണ്ട്”, പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
ഇന്നത്തെ ലോകത്ത് AI യുടെ മുന്നേറ്റത്തെപ്പറ്റി പരാമർശിച്ച  പ്രധാനമന്ത്രി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെ പ്രസംഗം ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തതിന്റെ ഉദാഹരണത്തെപ്പറ്റി എടുത്തുപറയുകയും ചെയ്തു. വിവിധ ഇന്ത്യൻ ഭാഷകളിൽ പ്രധാനമന്ത്രിയുടെ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കാൻ മുൻകൈയെടുക്കുന്ന ഇന്ത്യയിലെ യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. “ഇന്ത്യയിലെ യുവാക്കൾ കഴിവുള്ളവരാണ്, അവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കണം. സെമികണ്ടക്ടർ സംരംഭം അത്തരം അവസരങ്ങൾ ഇന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ് ”, പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് സെമികണ്ടക്ടർ കേന്ദ്രങ്ങളിൽ ഒന്നിന്റെ തറക്കല്ലിടൽ ഇന്ന് അസമിൽ നിർവഹിച്ച പ്രധാനമന്ത്രി, വടക്കു കിഴക്കൻ മേഖലയിൽ നടക്കുന്ന വികസനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ഇന്ത്യയുടെ പുരോഗതി ശക്തിപ്പെടുത്താൻ എല്ലാവരേയും ഉദ്‌ബോധിപ്പിച്ച പ്രധാനമന്ത്രി, “മോദിയുടെ ഉറപ്പ് എല്ലാവർക്കും, എല്ലാവരുടെയും ഭാവിക്കും വേണ്ടിയുള്ളതാണ്” എന്ന് പറഞ്ഞു.
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ  ഭൂപേന്ദ്ര പട്ടേൽ, സി ജി പവർ & ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡ് ചെയർമാൻ  ശ്രീ വെള്ളയൻ സുബ്ബയ്യ, ടാറ്റ സൺസ് ചെയർമാൻ ശ്രീ നടരാജൻ ചന്ദ്രശേഖരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം:
സെമികണ്ടക്ടർ രൂപകല്പന, ഉൽപ്പാദനം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുക, രാജ്യത്തെ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നത് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താനായി , ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖലയിൽ (DSIR) സെമികണ്ടക്ടർ ഫാബ്രിക്കേഷൻ കേന്ദ്രം ; അസമിലെ മോറിഗാവിൽ ഔട്ട്‌സോഴ്സ്ഡ്  സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം ; ഗുജറാത്തിലെ സാനന്ദിൽ ഔട്ട്‌സോഴ്സ്ഡ്  സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം എന്നിവയുടെ തറക്കല്ലിടൽ അദ്ദേഹം നിർവഹിച്ചു.
ഇന്ത്യയിൽ സെമികണ്ടക്ടർ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുള്ള മോഡിഫൈഡ് സ്കീമിന് കീഴിൽ ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡാണ്  (ടിഇപിഎൽ) ധോലേര സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് റീജിയനിൽ (ഡിഎസ്ഐആർ) സെമികണ്ടക്ടർ ഫാബ്രിക്കേഷൻ  കേന്ദ്രം സ്ഥാപിക്കുക. മൊത്തം 91,000 കോടിയിലധികം നിക്ഷേപം വരുന്ന ഈ സംരംഭം രാജ്യത്തെ ആദ്യത്തെ വാണിജ്യ സെമികണ്ടക്ടർ കേന്ദ്രമായിരിക്കും.
സെമികണ്ടക്ടർ അസംബ്ലി, ടെസ്റ്റിംഗ്, മാർക്കിംഗ്, പാക്കേജിംഗ് (എടിഎംപി) എന്നിവയ്ക്കായുള്ള മോഡിഫൈഡ് സ്കീമിന് കീഴിൽ ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡാണ്  (ടിഇപിഎൽ) അസമിലെ മോറിഗാവിൽ ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (ഒസാറ്റ്) കേന്ദ്രം  സ്ഥാപിക്കുന്നത് . കേന്ദ്രത്തിന് മൊത്തം 27,000 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരും .
ഇതേ സ്‌കീമിന് കീഴിൽ സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡായിരിക്കും  സാനന്ദിലെ ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുക .മൊത്തം നിക്ഷേപം ഏകദേശം 7,500  കോടി രൂപ വരും.
ഈ സൗകര്യങ്ങളിലൂടെ സെമികണ്ടക്ടർ മേഖല  ശക്തിപ്പെടുകയും  ഇന്ത്യയിൽ അത്  ഉറച്ചുനിൽക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. ഈ യൂണിറ്റുകളിലൂടെ സെമികണ്ടക്ടർ വ്യവസായത്തിൽ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ സാധ്യത ഉണ്ടാവുകയും  ഇലക്ട്രോണിക്സ്, ടെലികോം മുതലായ അനുബന്ധ മേഖലകളിലൂടെ തൊഴിലവസരങ്ങൾ ഇരട്ടിക്കുകയും ചെയ്യും.
ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥികളും സെമികണ്ടക്ടർ വ്യവസായത്തിലെ അതികായരും  ഉൾപ്പെടെയുള്ള യുവാക്കളുടെ വൻ പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിച്ചു.
ഊര്‍ജ കാര്യക്ഷമത, ഊര്‍ജ സംരക്ഷണ നടപടികള്‍ എന്നീ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ഊര്‍ജ കാര്യക്ഷമത, ഊര്‍ജ സംരക്ഷണ നടപടികള്‍ എന്നീ മേഖലകളില്‍ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ഊര്‍ജ മന്ത്രാലയത്തിലെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ ഊര്‍ജ പ്രകൃതി വിഭവ മന്ത്രാലയത്തിലെ ഊര്‍ജ വകുപ്പും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി വികസിപ്പിച്ചെടുത്ത സ്റ്റാര്‍ ലേബലിംഗ് പദ്ധതി പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗാര്‍ഹിക മേഖലയിലെ ഊര്‍ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഭൂട്ടാനെ സഹായിക്കാനാണ് ധാരണാപത്രത്തിന്റെ ഭാഗമായി ഇന്ത്യ ലക്ഷ്യമിടുന്നത്. ഭൂട്ടാനിലെ കാലാവസ്ഥാ സാഹചര്യത്തിന് അനുയോജ്യമായ കെട്ടിട കോഡുകളുടെ രൂപീകരണം ഇന്ത്യയുടെ അനുഭവത്തെ അടിസ്ഥാനമാക്കി സുഗമമാക്കും. ഊര്‍ജ ഓഡിറ്റര്‍മാരുടെ പരിശീലനം സ്ഥാപനവല്‍ക്കരിക്കുന്നതിലൂടെ ഭൂട്ടാനില്‍ ഊര്‍ജ പ്രൊഫഷണലുകളുടെ ഒരു സംഘം  സൃഷ്ടിക്കാനും വിഭാവനം ചെയ്യുന്നു.
സ്റ്റാര്‍ റേറ്റഡ് വീട്ടുപകരണങ്ങളില്‍ നിന്നുള്ള ലാഭം സംബന്ധിച്ച് ഉപഭോക്തൃ പ്രേക്ഷകരുമായി ഊര്‍ജ കാര്യക്ഷമതയുള്ള ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കാന്‍ ചില്ലറ വ്യാപാരികൾക്കുള്ള പരിശീലനം സഹായിക്കും. സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് ലേബലിംഗ് സ്‌കീം വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ശ്രമത്തില്‍ ഭൂട്ടാനെ പിന്തുണയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഗാര്‍ഹിക അല്ലെങ്കില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഉപഭോഗത്തിലേക്ക് നയിക്കുന്ന പ്രധാന ഉല്‍പ്പന്നങ്ങളാണ് ഊര്‍ജ തീവ്രതയുള്ള ഉപകരണങ്ങള്‍. ഊര്‍ജ്ജാധിഷ്ഠിത ഉപഭോക്തൃ വസ്തുക്കളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കണക്കിലെടുത്ത്, വൈദ്യുതോര്‍ജ്ജത്തിന്റെ ആവശ്യം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കള്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള വീട്ടുപകരണങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഈ വര്‍ധിച്ചുവരുന്ന ആവശ്യത്തിന് അനുസൃതമായി കാര്യക്ഷമമായി ഉപയോഗിക്കാനാകും. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന 37 ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ സ്റ്റാര്‍-ലേബലിംഗ് പ്രോഗ്രാമിന് ബിഇഇ നേതൃത്വം നല്‍കുന്നു.
വിദേശകാര്യ മന്ത്രാലയവും (എംഇഎ), വ്യവസായ, ആഭ്യന്തര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പുമായി (ഡിപിഐഐടി) കൂടിയാലോചിച്ചാണ് ഊര്‍ജ മന്ത്രാലയം ധാരണാപത്രം തയ്യാറാക്കിയത്. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഊര്‍ജ കാര്യക്ഷമത, ഊര്‍ജ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഡാറ്റ, സാങ്കേതിക വിദഗ്ധര്‍ എന്നിവയുടെ കൈമാറ്റം ഈ ധാരണാപത്രം സാധ്യമാക്കും. വിപണിയില്‍ ഊര്‍ജക്ഷമതയുള്ള ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇത് ഭൂട്ടാനെ സഹായിക്കും. ഊര്‍ജ കാര്യക്ഷമതാ നയങ്ങളും ഊര്‍ജ കാര്യക്ഷമത ഗവേഷണം, സാങ്കേതിക വിന്യാസം എന്നീ മേഖലകളിലെ സഹകരണവും ധാരണാപത്രം വിശകലനം ചെയ്യും.
ഇന്ത്യ-മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ശാക്തീകരണത്തിനും പ്രവർത്തനത്തിനുമുള്ള സഹകരണത്തിനായി ഇന്ത്യയിലെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയും ഗവണ്മെന്റുകൾ തമ്മിലുള്ള കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
2024 ഫെബ്രുവരി 13-ന് ഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗവൺമെന്റുകളിലെ ഉന്നതതല സംഘങ്ങളുടെ സന്ദർശനത്തിനിടെ ഇന്ത്യ-മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ (IMEC) ശാക്തീകരണത്തിനും പ്രവർത്തനത്തിനുമുള്ള സഹകരണത്തിനായി ഒപ്പുവച്ച കരാറിന് (IGFA) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുൻകാലപ്രാബല്യത്തോടെ അംഗീകാരം നൽകി. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, തുറമുഖ, നാവിക, ലോജിസ്റ്റിക്സ് മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് ഐജിഎഫ്എയുടെ ലക്ഷ്യം.
സാമ്പത്തിക ഇടനാഴിയുടെ വികസനവുമായി ബന്ധപ്പെട്ട് ഭാവിയിലെ സംയുക്ത നിക്ഷേപത്തിൻ്റെയും സഹകരണത്തിൻ്റെയും കൂടുതൽ സാധ്യതകൾ ആരായുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ മേഖലകൾ കണ്ടെത്തുക എന്നതും ഐജിഎഫ്എയിൽ ഉൾപ്പെടുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള വിശദമായ ചട്ടക്കൂട് കരാറിലുണ്ട്. ഇരു രാജ്യങ്ങളുടെയും അധികാരപരിധിയിലെ പ്രസക്തമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി, പരസ്പര സമ്മതത്തോടെയുള്ള തത്വങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, കരാറുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സഹകരണം.
ഡൽഹി മെട്രോ നാലാം ഘട്ട പദ്ധതിയുടെ ഭാഗമായി ലജ്പത് നഗർ മുതൽ സാകേത് ജി-ബ്ലോക്ക് വരെയും ഇന്ദർലോക് മുതൽ ഇന്ദ്രപ്രസ്ഥ വരെയുമുള്ള രണ്ട് ഇടനാഴികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
 ഡൽഹി മെട്രോയുടെ നാലാം ഘട്ട പദ്ധതിയുടെ ഭാഗമായി രണ്ട് പുതിയ ഇടനാഴികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
   ഇന്ദർലോക് – ഇന്ദ്രപ്രസ്ഥ                      (12.377 കി.മീ.),
 ലജ്പത് നഗർ – സാകേത് ജി ബ്ലോക്ക്  ( 8.385 കി.മീ.) എന്നിവയാണ് രണ്ട് ഇടനാഴികൾ.
പദ്ധതിച്ചെലവും ധനസഹായവും
 ഡൽഹി മെട്രോയുടെ നാലാം ഘട്ട പദ്ധതിയുടെ ഈ രണ്ട് ഇടനാഴികളുടെയും മൊത്തം പദ്ധതിച്ചെലവ് 8,399 കോടി രൂപയാണ്. ഇത് കേന്ദ്ര ഗവൺമെൻ്റ്, ഡൽഹി ഗവൺമെൻ്റ്, അന്താരാഷ്ട്ര ഫണ്ടിംഗ് ഏജൻസികൾ എന്നിവയിൽ നിന്ന് സമാഹരിക്കും.
 ഈ രണ്ട് പാതകൾക്കുമായി 20.762 കിലോമീറ്റർ  നീളം വരും.  ഇന്ദർലോക് – ഇന്ദ്രപ്രസ്ഥ ഇടനാഴി, ഹരിത പാതയുടെ വിപുലീകരണമായിരിക്കും. കൂടാതെ ചുവപ്പ്, മഞ്ഞ, എയർപോർട്ട് ലൈൻ, മജന്ത, വയലറ്റ്, നീല പാതകളും  ഈ ഇടനാഴിയിലൂടെ കൂട്ടിയിണക്കപ്പെടും, അതേസമയം ലജ്പത് നഗർ – സാകേത് ജി ബ്ലോക്ക് ഇടനാഴി സിൽവർ, മജന്ത, പിങ്ക്, വയലറ്റ്  പാത എന്നിവയെ ബന്ധിപ്പിക്കും.
ലജ്പത് നഗർ – സാകേത് ജി ബ്ലോക്ക് ഇടനാഴി പൂർണ്ണമായും എലിവേറ്റഡ് ആകും. കൂടാതെ ഇതിന് എട്ട് സ്റ്റേഷനുകൾ ഉണ്ടാകും.  10 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഇന്ദർലോക് – ഇന്ദ്രപ്രസ്ഥ ഇടനാഴിയിൽ 11.349 കിലോമീറ്റർ ഭൂഗർഭ പാതയും  1.028 കിലോമീറ്റർ എലിവേറ്റഡ് പാതയും ഉണ്ടാകും.
ഇന്ദർലോക് – ഇന്ദ്രപ്രസ്ഥ പാത ഹരിയാനയിലെ ബഹദൂർഗഢ് മേഖലയിലേക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യം പ്രദാനം ചെയ്യും. ഈ പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഹരിത പാതയിലൂടെ നേരിട്ട് ഇന്ദ്രപ്രസ്ഥയിലേക്കും മധ്യ, കിഴക്കൻ ഡൽഹിയിലെ മറ്റ് വിവിധ പ്രദേശങ്ങളിലേക്കും നേരിട്ട് എത്തിച്ചേരാനാകും.
ഈ ഇടനാഴികളിൽ ഇന്ദർലോക്, നബി കരിം, ന്യൂഡൽഹി, ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ലജ്പത് നഗർ, ചിരാഗ് ദില്ലി, സാകേത് ജി ബ്ലോക്ക് എന്നിവിടങ്ങളിൽ എട്ട് പുതിയ ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ വരും.  ഈ സ്റ്റേഷനുകൾ ഡൽഹി മെട്രോ ശൃംഖലയുടെ എല്ലാ പ്രവർത്തന പാതകളും തമ്മിലുള്ള പരസ്പരബന്ധം ഗണ്യമായി മെച്ചപ്പെടുത്തും.
നാലാം ഘട്ട വിപുലീകരണത്തിൻ്റെ ഭാഗമായി ഡൽഹി മെട്രോ ഇതിനകം 65 കിലോമീറ്റർ ശൃംഖല നിർമിക്കുന്നുണ്ട്.  ഈ പുതിയ ഇടനാഴികൾ 2026 മാർച്ചിൽ ഘട്ടം ഘട്ടമായി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.  നിലവിൽ, 286 സ്റ്റേഷനുകൾ അടങ്ങുന്ന 391 കിലോമീറ്റർ ശൃംഖലയാണ് ഡിഎംആർസി പ്രവർത്തിപ്പിക്കുന്നത്. ഡൽഹി മെട്രോ ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മെട്രോ ശൃംഖലകളിൽ ഒന്നാണ്.
 ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഡിഎംആർസി), ലേലത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളും ടെൻഡർ രേഖകൾ തയ്യാറാക്കലും ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്കുള്ള പെട്രോളിയം, എണ്ണ, ലൂബ്രിക്കന്റുകൾ (പി.ഒ.എൽ), അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ പൊതുവിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യയും ഭൂട്ടാനും തമ്മിൽ ധാരണാപത്രം (എം.ഒ.യു) ഒപ്പിടുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
പെട്രോളിയം, എണ്ണ, ലൂബ്രിക്കന്റുകൾ (പി.ഒ.എൽ), അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്കുള്ള പൊതു വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെന്റും ഭൂട്ടാൻ റോയൽ ഗവൺമെന്റും തമ്മിൽ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി.
ഭൂട്ടാനുമായി ലിംഗ-വർഗ്ഗഭേദമോ അല്ലെങ്കിൽ വരുമാന വിവേചനമോ ഇല്ലാതെയുള്ള മെച്ചപ്പെട്ട സാമ്പത്തിക വാണിജ്യ ബന്ധത്തിലൂടെ ഇന്ത്യയ്ക്കും അതിന്റെ പൗരന്മാർക്കും പ്രത്യേകിച്ച് ഹൈഡ്രോകാർബൺ മേഖലയിൽ ഗുണമുണ്ടാക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.
പ്രയോജനം:
ധാരണാപത്രം ഹൈഡ്രോകാർബൺ മേഖലയിൽ ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുകയും ഭൂട്ടാനിലേക്കുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ സുരക്ഷിതവും ദീർഘകാലത്തേക്കുള്ളതുമായ വിതരണം ഉറപ്പാക്കുകയും ചെയ്യും.
ആത്മനിർഭർ ഭാരത് സാക്ഷാത്കരിക്കുന്നതിൽ കയറ്റുമതി നിർണായക പങ്ക് വഹിക്കുന്നതിനാൽ, ധാരണാപത്രം സ്വാശ്രയ ഇന്ത്യക്ക് ഊന്നൽ നൽകും.
ധാരണാപത്രം എനർജി ബ്രിജ് എന്ന നിലയിൽ ഇന്ത്യയുടെ ‘അയൽപക്കം ആദ്യം’ എന്ന നയവുമായി തന്ത്രപരമായി യോജിക്കും.
error: Content is protected !!