Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 13/03/2024 )

സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബി ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കും. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 8330010232.

അപേക്ഷ ക്ഷണിച്ചു
ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ യൂത്ത് വോളന്റിയേഴ്സായി  മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കുന്നതിന് യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് കോഴ്സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും പഠിക്കുന്നവര്‍ക്കും മുന്‍ഗണന. യാത്രാബത്ത, ടെലഫോണ്‍ അലവന്‍സ് നല്‍കും. ഫോണ്‍:  9497132581


കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പള്ളി കെല്‍ട്രോണ്‍ സെന്ററില്‍ കേരള നോളജ് ഇക്കണോമി മിഷനുമായി സഹകരിച്ച് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്, മെഷീന്‍ ലേര്‍ണിംഗ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി / എത്തിക്കല്‍ ഹാക്കിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്‌സുകളിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷന്‍. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ :0469  – 2961525 , 8281905525.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പന്തളം-2 ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള ആറന്മുള ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആറന്മുള ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായവരും 2024 ജനുവരി ഒന്നിന് 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ ആയിരിക്കണം.

 

അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി യോ തുല്യതാ പരീക്ഷയോ മറ്റ് തതുല്യമായ യോഗ്യതയോ നേടിയവരായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത ബാലസേവിക/ നേഴ്സറി ടീച്ചര്‍/ പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ് ജയിച്ചവര്‍, മുന്‍പരിചയം ഉള്ളവര്‍, എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

 

ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. (എസ്എസ്എല്‍സി  ജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയ്ക്ക് യോഗ്യരല്ല). പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക്  ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. മുന്‍പരിചയമുള്ളവര്‍ക്ക്  ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി 3 വര്‍ഷം) ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ആറന്മുള ഗ്രാമ പഞ്ചായത്ത് ഓഫീസ്, പന്തളം-2 ശിശു വികസന പദ്ധതി ഓഫീസ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ അങ്കണവാടിക.ള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

 

പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 27 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ശിശു വികസന പദ്ധതി ഓഫീസര്‍,  ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പന്തളം-2, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, കുളനട പി.ഒ എന്ന വിലാസത്തില്‍ നേരിട്ടോ സാധാരണ തപാലിലോ ലഭിക്കണം. ഫോണ്‍ : 04734 292620.

 

 

 

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ റിക്രൂട്ട്മെന്റ് 16 ന്

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഡി ഡബ്ല്യൂ എം എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു അപേക്ഷിച്ച സാങ്കേതിക വിദ്യാഭ്യാസം ഉള്ള തൊഴിലന്വേഷകരും തൊഴില്‍ദായകരും തമ്മില്‍ നേരിട്ടുള്ള ആശയവിനിമയവും പ്രാഥമിക  റിക്രൂട്ട്മെന്റും മാര്‍ച്ച് 16 ന് രാവിലെ 10 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും.

 

ഓസ്‌ട്രേലിയന്‍ നിര്‍മ്മാണ മേഖലയിലേക്കുള്ള വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ ഫാബ്രിക്കേറ്റേഴ്‌സ്, ഓട്ടോ ഇലക്ട്രീഷ്യന്‍, എഞ്ചിനീയര്‍ ട്രെയിനി/ഡിപ്ലോമ, ടെക്‌നീഷ്യന്‍ എന്നിവയാണ് തസ്തികകള്‍.

ഐടിഐ, ഡിപ്ലോമ,(വെല്‍ഡര്‍,ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഇന്‍സ്ട്രുമെന്റേഷന്‍,മെക്കാട്രോണിക്സ് ) ബിടെക് തുടങ്ങിയവയാണ് യോഗ്യത. തൊഴിലന്വേഷകര്‍ ഡിഡബ്ല്യൂഎംഎസ് കണക്ട്  ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക്  സ്പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്.അഭിമുഖങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും സഹിതം ഹാജരാകണം.

തിരുവല്ല നിയമസഭാ മണ്ഡലം
പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് 8714699500
ആറന്മുള നിയമസഭാ മണ്ഡലം
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 8714699495
കോന്നി നിയമസഭാ മണ്ഡലം
കോന്നി സിവില്‍ സ്റ്റേഷന്‍ 8714699496
റാന്നി നിയമസഭാ മണ്ഡലം
റാന്നി ബ്ലോക്ക്പഞ്ചായത്ത് 8714699499
അടൂര്‍ നിയമസഭാ മണ്ഡലം
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 8714699498

 

 

പി.എം. സൂരജ് പദ്ധതി:  വായ്പ വിതരണം നടന്നു

കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പി.എം. സൂരജ് പദ്ധതിയിലുള്‍പ്പെടുത്തി  അനുവദിച്ച  വായ്പയുടെ വിതരണവും തിരഞ്ഞെടുത്ത ശുചീകരണത്തൊഴിലാളിക്ക് ആയുഷ്മാന്‍ ആരോഗ്യകാര്‍ഡ് വിതരണവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

ദേശീയ സഫായി കമ്മിഷന്‍ അംഗം ഡോ. പി.പി. വാവ ആനുകൂല്യവിതരണം നടത്തി. ശുചീകരണ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കാനൈസ്ഡ് സാനിറ്റേഷന്‍ എക്കോസിസ്റ്റം (നമസ്തേ) പദ്ധതിയുടെ ഭാഗമായി അടൂര്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത ശുചീകരണ തൊഴിലാളി എസ് സുജിത്തിന് ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡും സീതത്തോട്, ഓമല്ലൂര്‍, റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ്, ഹരിതകര്‍മ്മസേനയ്ക്കും മൂന്നു കോടി രൂപ വായ്പയുമാണ് വിതരണം നടത്തിയത്.

പി.എം. സൂരജ് നാഷണല്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും ആനുകൂല്യവിതരണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനവും തൊഴിലധിഷ്ഠിത പൊതുക്ഷേമവും വായ്പാസഹായവും ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ പോര്‍ട്ടല്‍.

ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അടൂര്‍ ആര്‍ഡിഒ വി ജയമോഹന്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, എഡിഎം ജി സുരേഷ് ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
ഏഴംകുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ഡോക്ടറെ നിയമിക്കുന്നതിന് ഗവ.അംഗീകൃത യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 18 ഉച്ചയ്ക്ക് ഒന്നിന്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം.
ഫോണ്‍ – 04734 243700

ഗതാഗത നിയന്ത്രണം
പനമൂട്ടില്‍പ്പടി- പുന്നക്കാട് പോസ്റ്റ് ഓഫീസ് റോഡില്‍ ഇന്ന് (14) മുതല്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 18 വരെ ഈ റോഡില്‍ കൂടിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കൊല്ലം പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

 

2024 മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില  36°C  വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   

 

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 13 മുതൽ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

 

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. 
* പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും  ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക്  ചൂടേൽക്കാതിരിക്കാനുതകുന്ന  രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക്  ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
ബാലവകാശ കമ്മിഷന്‍ അദാലത്ത്:ജില്ലയില്‍ 24 പരാതികള്‍ തീര്‍പ്പാക്കി
സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ 24 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അദാലത്തില്‍ 30 പരാതികളാണ് പരിഗണിച്ചത്.
വിശദമായ ഉത്തരവുകള്‍ക്കും റിപ്പോര്‍ട്ടിനുമായി ബാക്കി പരാതികള്‍ മാറ്റി വച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എന്‍ സുനന്ദ, ടി സി ജലജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിള ആരോഗ്യ പരിപാലന കേന്ദ്രം – ഫാര്‍മസി ഉദ്ഘാടനം ചെയ്തു
കടമ്പനാട് ഗ്രാമപഞ്ചായത്ത് വിള ആരോഗ്യ പരിപാലന കേന്ദ്രം ഫാര്‍മസിയുടെ പ്രവര്‍ത്തനോദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023-24 പ്രകാരം കൃഷിഭവനില്‍ നിറപൊലിവ് – വിഷന്‍ 2026 മായി സംയോജിപ്പിച്ചാണ് ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്.
രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് ഫാര്‍മസിയുടെ പ്രവര്‍ത്തനസമയം.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍ വികസനകാര്യ സ്ഥിരസമിതി അംഗങ്ങളായ സിന്ധു ദിലീപ്, നെല്‍സണ്‍ ജോയ്സ്, വാര്‍ഡ് അംഗങ്ങളായ സാറാമ്മ ചെറിയാന്‍, എസ് സിന്ധു, പ്രസന്നകുമാരി, കൃഷി ഓഫീസര്‍ സബ്ന സൈനുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.