മാധ്യമ പ്രവർത്തക ഷാർഗി ഗംഗാധറിന് ആദരവ്
മാഹി:വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാഹി ഗവ. എൽ. പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് അധ്യക്ഷത വഹിച്ചു.
മാഹി ചീഫ് എജുക്കേഷണൽ ഓഫീസർ എം എം തനൂജ മുഖ്യഭാഷണം നടത്തി.
മാഹി മേഖലയിലെ ഏക വനിതാ മാധ്യമപ്രവർത്തകയും വീഡിയോഗ്രാഫറുമായ ഷാർഗി ഗംഗാധറിനെ ചടങ്ങിൽ പൊന്നാടയണിയിച്ചും ക്യാഷ് അവാർഡ് നൽകിയും ആദരിച്ചു.
തുടർന്ന് വിവിധ മത്സരയിനങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി. ഈ മാസം 25 മുതൽ മാർച്ച് 8 വരെ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി വനിതകൾക്ക് കലാകായിക മത്സരങ്ങളും പോഷകാഹാരമത്സരങ്ങളും സംഘടിപ്പിച്ചു
പെരിങ്ങാടിയിൽ ആരോഗ്യ ഉപകേന്ദ്രത്തിന് തറക്കല്ലിട്ടു
ന്യൂമാഹി: മുൻ പഞ്ചായത്ത് അംഗം എസ്.കെ. മുഹമ്മദിന്റെ സ്മരണക്കായി എം.എൽ.എ ഫണ്ടിൽ നിന്നും 93.20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ ഉപകേന്ദ്രത്തിന് പെരിങ്ങാടിയിൽ തറക്കല്ലിട്ടു.
നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ശിലാന്യാസം നടത്തി.സർക്കാരിനെക്കൊണ്ട് മാത്രം വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നും അതിന് പൊതുജനങ്ങളുടെ പൂർണ്ണമായ സഹകരണം കൂടി വേണമെന്നും ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു കൊണ്ട് സ്പീക്കർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എൻ.രജിത പ്രദീപ്, ഡോ.അശ്വിൻ, കൈത്താങ്ങ് ചെയർമാൻ പി.പി.ബഷീർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ സംസാരിച്ചു. ജനപ്രതിനിധികളായ കെ.എസ്.ഷർമിള, ടി.എച്ച്.അസ്ലം, മാണിക്കോത്ത് മഗേഷ്, കെ.പി.രഞ്ജിനി, ബ്ലോക്ക് അസി.എക്സി. എൻജിനിയർ ദിലീപ് കുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.എ. ലസിത, ന്യൂമാഹി മെഡിക്കൽ ഓഫീസർ ഡോ. എ.കെ.സഹിന സംബന്ധിച്ചു
പളളൂർ ഗവ: ആശുപത്രിക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ
മാഹി :പള്ളൂർ ഗവ: ആശുപത്രിയിൽ വരും ദിവസങ്ങളിൽ കൂടുതൽ സ്പെഷ്യലിസ്‌റ്റുമാരുടെ സേവനം ലഭ്യമാകുമെന്ന് മാഹി എം.എൽ.എ. രമേഷ് പറമ്പത്ത് അറിയിച്ചു. ഒരു എല്ല് രോഗ വിദഗ്ധനെയും നിലവിലുള്ള ജനറൽ മെഡിസിൻ സ്പെഷലിസ്റ്റിനുപുറമെ ഒരു ജനറൽ മെഡിസിൻ വിദഗ്ധയെയും കൂടി നിയോഗിച്ചതായും എം.എൽ.എ. അറിയിച്ചു.
ദിവസേന കൂടുതൽ രോഗികൾ എത്തിച്ചേരുന്നതിനാൽ ഇത് കൂടുതൽ സഹായകരമാകുമെന്നും രമേഷ് പറമ്പത്ത് അറിയിച്ചു.
കളരിവിളക്കണഞ്ഞു:പൊന്ന്യത്തങ്കം സമാപിച്ചു.
തലശ്ശേരി:പൊന്ന്യത്തങ്കം സമാപിച്ചു. ഒരാഴ്ച നീണ്ടു നിന്ന സാംസ്കാരികോത്സവത്തിന് സമാപനം കുറിച്ച് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സനിൽ അധ്യക്ഷത വഹിച്ചു. ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ, കെ.വി.പവിത്രൻ, ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫിസർ പി.വി.ലവ് ലിൻ ,ബേബി ലക്ഷ്യ പ്രസംഗിച്ചു.
കതിരൂർ ഗുരുക്കൾ സ്മാരക കളരി സംഘം കതിരൂർ, വളപട്ടണം ശ്രീ ഭാരത കളരി സംഘം, മലപ്പുറം എ പി എം കളരി സംഘം എന്നിവയുടെ കളരിപ്പയറ്റ് പ്രദർശനവുമുണ്ടായി. സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ പങ്കെടുത്തു.തലശ്ശേരി നഗരസഭ മുൻ ചെയർമാൻ സി.കെ.രമേശൻ – കോടിയേരി സർവീസ് സഹകരണ ബേങ്ക് പ്രസിഡൻ്റ് എം.പി. താഹിർ ,ചിത്രകാരൻ പൊന്ന്യം സനിൽ, തലശ്ശേരി സഹകരണ ആശുപത്രി ജനറൽ മാനേജർ ഇ എം മിഥുൻ ലാൽ ദീപം തെളിയിച്ചു.തുടർന് കളിക്കാരെ പരിചയപെട്ടു.
കൊടുങ്കാറ്റിൻ്റെ ശബ്ദവേഗത്തിൽ തച്ചോളി ഒതേനനും, കതിരൂർ ഗുരിക്കളുo ഇടിമിന്നലായി
ചാലക്കര പുരുഷു
തലശ്ശേരി: രണധീരതയുടെ ചുടുനിണം കൊണ്ട് കളരി ചരിതമെഴുതിയ ഏഴരക്കണ്ടത്തിലെ അങ്കത്തട്ടിൽ ഒരാഴ്ചക്കാലമായി . പതിനായിരങ്ങളെ സാക്ഷി നിർത്തി നടക്കുന്ന പൊന്ന്യത്തങ്കത്തിന് ഇന്നലെ അർദ്ധരാത്രിയോടെ വീരോചിതമായ പരിസമാപ്തി.
പടവാളും.ഉറുമി യും കൊണ്ട് മലയാളത്തിന് തിലകക്കുറി ചാർത്തിയ കടത്തനാടിൻ്റെയും, കോലത്തുനാടിൻ്റേയും വീരയോദ്ധാക്കളുടെ രണചരിതമെഴുതിയ പൊന്ന്യം ഏഴരക്കണ്ടത്തിൽ നടന്ന, സപ്തദിന പൊന്ന്യത്തങ്കം, ലക്ഷക്കണക്കിന് , ആയോധന കലാപ്രേമികളേയും ‘പോരാളികളേയുമാണ് മാടി വിളിച്ചത്.
മൂന്നര നൂറ്റാണ്ട് മുൻപ് വീര യോദ്ധാക്കളുടെ പടക്കുറുപ്പായ കളരി ഇതിഹാസം തച്ചോളി ഒതേനനും, പന്തീരായിരം ശിഷ്യഗണങ്ങളുടെ കളരി ആചാര്യനായ കതിരൂർ കുഞ്ഞിക്കണ്ണൻ ഗുരിക്ക ൾക്കും ,ചരിത്രപ്രസിദ്ധമായ പൊന്ന്യത്തെ ഏഴരക്കണ്ടത്തിലാണ് ജീവനൊടുക്കേണ്ടി വന്നത്. അങ്കം ജയിച്ച ഒതേനൻ വെച്ചു മറന്നു പോയ തൻ്റെ മെയ്യായുധം തിരിച്ചെടുക്കാൻ വന്നപ്പോൾ, കതിരൂർ ഗുരി ക്കളുടെ പ്രിയശിഷ്യൻ മായൻ പക്കി, നെൽവയലുകൾക്കിടയിൽ മറഞ്ഞിരുന്ന് ഒതേനൻ്റെ നെറ്റിക്ക് നാടൻ തോക്ക് കൊണ്ട് വെടി വെക്കുകയായിരുന്നു.ഇത് കടത്തനാട്ട് മാധവിയമ്മ, തച്ചോളി ഒതേനൻ എന്ന തൻ്റെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.
കതിരൂർ ഗുരിക്കളുടെ തന്നെ പ്രിയ ശിഷ്യനായിരുന്ന ഒതേനൻ, പിന്നിട് കടത്തനാടനും, തുളുനാടനും പയറ്റിത്തെളിഞ്ഞ അജയ്യനായ യോദ്ധാവായി മാറുകയായിരുന്നു.. 32-ാം വയസ്സിൽ തന്നെ അറുപതിലേറെ അങ്കം ജയിച്ചു കയറിയാണ്, കൈക്കരുത്ത് മെയ്ക്കരുത്തായി പകർന്നാടിയ ഈ ഇതിഹാസ നായകൻ വിട പറഞ്ഞത്.
ഇന്നും കടത്തനാടിൻ്റെ ആത്മാഭിമാനത്തിൻ്റെ വാൾത്തലപ്പാണ് ഒതേനൻ മൂന്നര നൂറ്റാണ്ടുകൾക്കപ്പുറം, പൊയ്ത്തു നടന്ന അതേ സ്ഥലത്ത് വെച്ചാണ് അതേ ദിവസങ്ങൾ ( കുംഭം 10, 11 ) ഉൾപ്പെടുത്തി കഴിഞ്ഞ ഏഴ് വർഷങ്ങളായി പൊന്ന്യത്തങ്കം നാടിൻ്റെയാകെ സഹകരണത്തോടെ ഫോക് ലോർ അക്കാദമി കൊണ്ടാടുന്നത്. കൂറ്റൻ കോട്ടയുടെ ‘മാതൃകയിലുള്ള പ്രവേശന കവാടവും, വിശാലമായ വയലിൽ നിരന്നു കിടക്കുന്ന മുകളിലുള്ള നെയ്യ്പന്തങ്ങളും, വിവിധ തരം ചന്തകളുമെല്ലാം കൂടി ഒരു മാമാങ്കത്തിൻ്റെ പ്രതീതിയുണർത്തുകയാണ്.
സ്ഥിരമായി നിർമ്മിച്ച വിശാലമായ അങ്കത്തട്ടിൽ നാട്ടിലും മറുനാട്ടിലും വിദേശത്തുമുള്ള എണ്ണം പറഞ്ഞ കളരിയഭ്യാസികൾ, ആൺ – പെൺ വ്യത്യാസമില്ലാതെ വാൾത്തലപ്പിലും, ഉറുമിത്തുമ്പിലും വിസ്മയം തീർക്കുകയാണ്. പല തരം ആയുധങ്ങളേന്തിയുള്ള ചടുലമായ ചുവട് വെപ്പുകളും ആകാശത്തിലുയർന്ന് പൊങ്ങിയുള്ള അഭ്യാസ പ്രകടനങ്ങളും, അഗ്നിഗോളങ്ങൾക്കിടയിലൂടെയുള്ള ആയുധ പ്രയോഗങ്ങളുമെല്ലാം ശ്വാസമടക്കിപ്പിടിച്ച് കൊണ്ട് മാത്രമേ ആർക്കും നോക്കിക്കാണാനാവൂ.മലയാളക്കരയിൽ നിന്ന് അന്യം നിന്നുപോകുന്ന ഗോത്ര – നാടോടി കലകളുടെ അവതരണങ്ങളും, നാടൻ കലകളെക്കുറിച്ചുള്ള ആധികാരിക പ്രഭാഷണങ്ങളുമെല്ലാം പ്രധാന സ്റ്റേജിൽ ആയോധന കലകളുടെ അരങ്ങേറ്റത്തിന് മുമ്പ് നടക്കുക പതിവാണ്.
കതിരൂർ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ ,കുംഭാല സമുദായത്തിൽ പെട്ട ആളാണെന്നും, അതല്ല കണിയാൻ സമുദായക്കാരനാണെന്നും, നീലേശ്വരം ഭാഗത്ത് നിന്ന് കതിരുരിലേക്ക് കുടിയേറിയതാണെന്നും പറയപ്പെടുന്നു. എന്തായാലും വടക്കൻപാട്ടിൽ പറയുന്ന കഥാപാത്രങ്ങെൾക്കും, പരാമർശിക്കപ്പെട്ട സ്ഥലങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്ന് പിൻതലമുറക്കാർ സാക്ഷ്യമായുണ്ട്. ഒതേനൻ വീരചരമം പ്രാപിച്ച നാളിൽ തച്ചോളി മാണിക്കോത്ത് ഒതേനൻ്റെ തെയ്യം കെട്ടിയാടാറുണ്ട്. അന്നേ ദിവസം രഹസ്യ അറയിൽ സൂക്ഷിച്ച ഒതേനൻ്റെ ആയുധങ്ങൾ പ്രദർശിപ്പിക്കാറുമുണ്ട്. ഒതേനൻ ഇന്നാട്ടുകാരുടെ വിളി പേര് മാത്രമല്ല, വികാരം തന്നെയാണ്.
രണ നായികക്ക് മാളിയേക്കലിൽ വീരവണക്കം
തലശേരി: മാളിയേക്കൽ തറവാട്ടുകാരുടെ പാട്ടും വോട്ടും മതി എനിക്ക് ജയിച്ചു കയറാൻ .അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയ സഖാവ് ഇ.കെ.നായനാർ പറഞ്ഞ വാക്കുകളെ അന്വർത്ഥമാക്കും വിധമാണ് ഇന്നലെ ഈ പുരാതന കടുംബത്തിൽ നടന്ന സ്വീകരണ ചടങ്ങ്.
വിപ്ലവഗാനങ്ങളുടേയും മാപ്പിളപ്പാട്ടിൻ്റേയും ഇശലുകൾ മാറ്റൊലി കൊള്ളുന്ന മാളിയേക്കൽ തറവാടിൻ്റെ വിശാലമായ അകത്തളത്തിലേക്ക് എൽ.ഡി.എഫ്.സ്ഥാനാർത്ഥി ശൈലജ ടീച്ചറെ പാട്ടുംപാടി വരവേറ്റ് തറവാട്ടംഗങ്ങൾ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യകുടുംബയോഗത്തിന് മാളിയേക്കൽ തറവാട്ടിലെത്തിയ എൽഡിഎഎഫ് വടകര മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജക്ക് ഊഷ്‌മള സ്വീകരണമാണ് കുടുംബം ഒരുക്കിയത്.
കേരളത്തിൻ ടീച്ചറമ്മയ്‌ക്ക് സ്വാഗതമരുളുന്നേ.. മാളിയേക്കൽ തറവാട് സ്വാഗതമരുളുന്നേ… എന്ന ഗാനം കുടുംബാംഗങ്ങളാകെ ഒത്തുപാടി പ്രിയസ്ഥാനാർഥിയെ വരവേറ്റു. മാളിയേക്കൽ കുടുംബാംഗങ്ങളും സിപി എം നേതാക്കളും സ്ഥാനാർഥിയെ ഹാരമണിയിച്ചു.
അപകടകരമായ നിലയിലേക്കാണ് ബിജെപി രാജ്യത്തെ കൊണ്ടുപോവുന്നതെന്നും, ഇതിനെ നേരിടാൻ കോൺഗ്രസിന് സാധിക്കില്ലെന്നും കെ കെ ശൈലജ പറഞ്ഞു. എല്ലാവരും ഒരുമിച്ച് നമ്മുടെ രാജ്യത്തെ തിരിച്ചുപിടിക്കണം. രാജ്യത്തെ ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ ലോകസഭയിൽ എൽഡിഎഫ് അംഗബലം വർ്ധിപ്പിക്കണമെന്നും ഇത്തവണ വടകര നമ്മുക്ക് പെരുതിനേടണമെന്നും കെ കെ ശൈലജ പറഞ്ഞു.
വാഴയിൽ വാസു സ്വീകരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിപി എം ജില്ലസെക്രട്ടറിയറ്റംഗം കാരായിരാജൻ, നേതാക്കളായ എം സി പവിത്രൻ, സി കെ രമേശൻ എന്നിവരും പങ്കെടുത്തു. ഒ വി മുസ്‌തഫ കേക്ക് മുറിച്ചു. ജാബിർമാളിയേക്കൽ, എസ് ടി ജെയ്‌സൺ, ആമിനമാളിയേക്കൽ സംസാരിച്ചു.
ആരവങ്ങളടങ്ങി:ജഗന്നാഥൻ്റെഉത്സവക്കൊടിയിറങ്ങി
തലശ്ശേരി: ദർശന സൗഭാഗ്യത്തിൻ്റേയും, ആത്മീയനിർവൃതിയുടേയും എട്ട് ദിനരാത്രങ്ങൾക്കൊടുവിൽ ജഗന്നാഥ ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി.
അതിവിശാലമായജഗന്നാഥ സവിധം കഴിഞ്ഞഎട്ട്ദിവസങ്ങളിൽ ജനലക്ഷങ്ങളാൽ നിറഞ്ഞ് കവിഞ്ഞിരുന്നു.ഇന്നലെ കാലത്ത് പള്ളി നിദ്ര ഉണർത്തൽ, തുടർന്ന് മഹാഗണപതി ഹോമം, ആറാട്ട് എഴുന്നള്ളത്ത്, രതി, ഗംഭീരകരിമരുന്ന് പ്രയോഗം എന്നിവയുണ്ടായി. മഹോത്സവം
വൻ വിജയമാക്കിയ മുഴുവൻ ഭക്തജനങ്ങൾക്കും ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ നന്ദി അറിയിച്ചു.
ന്യൂസ് കോര്‍ഡിനേറ്റര്‍ : ദിവാകരൻ ചോമ്പാല