Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 15/02/2024 )

കുടുംബശ്രീ കെ ഫോര്‍ കെയര്‍ പദ്ധതി  സംസ്ഥാന തല ഉദ്ഘാടനം   (  ഫെബ്രുവരി16)

കുടുംബശ്രീ കെ ഫോര്‍ കെയര്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടനം  ( 16) രാവിലെ 10 നുതിരുവല്ല തിരുമൂലപുരം എംഡിഎം ജൂബിലി ഹാളില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ബി രാജേഷ് നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ ഫോര്‍ കെയര്‍ വീഡിയോ ലോഞ്ചിങ് എംപി ആന്റോ ആന്റണിയും ചില്ലി പൗഡര്‍ ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരനും നിര്‍വഹിക്കും.

 

സമ്പൂര്‍ണ രചന പുസ്തക പ്രകാശ പ്രഖ്യാപനം ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിക്കും. മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് , സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്സ് , മുന്‍ ഡി ജിപി ഡോ. ജേക്കബ് പുന്നൂസ്, കോട്ടയം മെഡിക്കല്‍ കോളേജ് എച്ച്ഒഡി ഡോ. സൈറു ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാഥിതികളാകും.

 

കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നൂതന പദ്ധതികളില്‍ ഒന്നാണ് കെ ഫോര്‍ കെയര്‍. വയോജന പരിപാലനം ,രോഗി പരിചരണം , അവശ്യ സാധനങ്ങള്‍ എത്തിക്കല്‍ , ഭിന്നശേഷി പരിചരണം , പ്രസവ ശുശ്രൂഷകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ എത്തിക്കല്‍ തുടങ്ങിയ ഒരു കുടുംബത്തിന് ആവശ്യമായ കരുതലും സഹായവും വീടുകളിലേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ,കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില , എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് , നഗരസഭാഗംങ്ങള്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ വനിതാ കമ്മിഷനു സാധിച്ചു: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വനിതകളെ ചേര്‍ത്ത് പിടിക്കുന്നതിനും അവര്‍ക്ക് ധൈര്യം നല്‍കുന്നതിനും നീതി നിര്‍വഹണം ഉറപ്പുവരുത്തുന്നതിനും വനിതാ കമ്മിഷനു സാധിച്ചിട്ടുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈ എം സി എ ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

സ്ത്രീകളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു വനിതാ കമ്മിഷന്റെ ഇടപെടലിലൂടെ സാധിക്കുന്നുണ്ട്. കുടുംബപ്രശ്നങ്ങളും അയല്‍വക്ക പ്രശ്നങ്ങളും പരസ്പരം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികള്‍ തുടങ്ങിയവയാണ് അദാലത്തില്‍ ഏറെയും ലഭിച്ചത്. ആകെ 63 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 14 പരാതികള്‍ തീര്‍പ്പാക്കി.42 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. അഞ്ചു പരാതികള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും രണ്ടു പരാതികള്‍ ജാഗ്രതാ സമിതിക്കും കൈമാറി.
പാനല്‍ അഭിഭാഷകരായ അഡ്വ. എസ്. സബീന, അഡ്വ.എസ്. സീമ,കൗണ്‍സലര്‍മാരായ ഡാലിയ, തെരേസ, വനിതാസെല്‍ പോലീസ് ഉദ്യോഗസ്ഥരായ സുബി, അജിത എന്നിവര്‍ പങ്കെടുത്തു.

വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
ഏറത്ത് പഞ്ചായത്ത് എം സി റോഡരികിലെ കിളിവയലില്‍ നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം (ടേക്ക് എ ബ്രേക്ക്) പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 32 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

 

ഏനാത്തിനും അടൂരിനും ഇടയില്‍ പൊതു ശൗചാലയമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ടേക്ക് എ ബ്രേക്ക് പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. കെട്ടിടത്തിന്റെ പരിപാലനം കുടുംബശ്രീയാണ് വഹിക്കുന്നത്.

കോഫി ഷോപ്പും റിഫ്രഷ്ന്റ് സൗകര്യങ്ങളും ഉടന്‍ ആരംഭിക്കും. വൈസ് പ്രസിഡന്റ് ശ്രീജകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡംഗങ്ങളായ എല്‍സി ബെന്നി, രാജേഷ് ആമ്പാടി, സൂസന്‍ ശശികുമാര്‍, ശ്രീലേഖ ഹരികുമാര്‍, രമണന്‍, അഡ്വ. ഡി രാജീവ്, ഡി ജയകുമാര്‍, ബി സന്തോഷ് കുമാര്‍ , എ സ്വപ്ന, കെ പുഷ്പവല്ലി, ബി ശോഭന, റോസമ്മ ഡാനിയേല്‍, സ്ഥിരം സമിതി അധ്യക്ഷരായ മറിയാമ്മ തരകന്‍, ഉഷ ഉദയന്‍, അനില്‍ പുതക്കുഴി അസി. സെക്രട്ടറി ബി അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു

ബജറ്റ് അവതരിപ്പിച്ചു
കൃഷിക്കും ആരോഗ്യമേഖലയ്ക്കും മുന്‍തൂക്കം നല്‍കി ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ ബജറ്റ്. 49,52,18,338 രൂപ വരവും, 49,04,50,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വെസ് പ്രസിഡന്റ് ശ്രീജ കുമാരി അവതരിപ്പിച്ചത്. ചെടിച്ചട്ടിയില്‍ പച്ചക്കറികൃഷി, തെങ്ങ് കൃഷി വികസനം, നേന്ത്ര വാഴകൃഷി, ഗ്രാഫ്റ്റ് ചെയ്ത ഫലവൃക്ഷത്തൈ വിതരണം, പൂക്കൃഷി, വിള ആരോഗ്യ പരിപാലനകേന്ദ്രം എന്നീ പദ്ധതികളുള്‍പ്പെടുത്തി കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്കും മുട്ടക്കോഴി വളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, ക്ഷീരവികസനം എന്നിവയ്ക്ക് മൃഗസംരക്ഷണ മേഖലയിലെ പദ്ധതികള്‍ക്കുമായി ഉത്പാദന മേഖലയില്‍ 1.06 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതിയുമായി നോളജ് ഇക്കോണമി മിഷന്‍
വോളന്റിയര്‍ പരിശീലനം ആരംഭിച്ചു

പത്തനംതിട്ട ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് വൈജ്ഞാനിക തൊഴില്‍ രംഗത്ത് അവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്റെ ‘വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതി. മൈഗ്രേഷന്‍ കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായി പത്തനംതിട്ട ജില്ലയില്‍ ജോലിക്ക് വേണ്ടി നോളജ് മിഷന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയാണ് വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി – ഉറപ്പാണ് തൊഴില്‍.

വിദേശത്തും നാട്ടിലുമുള്ള തൊഴില്‍ദാതാക്കളുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങള്‍ കണ്ടെത്തി ആവശ്യമായ നൈപുണി പരിശീലനം നല്‍കി തൊഴിലന്വേഷകരെ ജോലിയിലേക്കെത്തിക്കുന്നു .ആദ്യഘട്ടത്തില്‍ 5000 തൊഴിലവസരങ്ങള്‍ നോളജ് മിഷന്റെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട് . കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. നിലവില്‍ 50,000 തൊഴിലന്വേഷകരാണ് പത്തനംതിട്ട ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഡി ഡബ്ല്യൂ എം എസ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഇതിന് തൊഴിലന്വേഷകരെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും തദ്ദേശസ്ഥാപനവുമായി ബന്ധപ്പെട്ടു ജോബ് സ്റ്റേഷനുകള്‍ ആരംഭിക്കും. ജോബ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 19 മുതല്‍ ആരംഭിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും ഉണ്ടാകും. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായോ ജോബ് സ്റ്റേഷനുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

പദ്ധതിയെ കുറിച്ചും ജോബ്സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചും അറിയുന്നതിനായി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇ- റിസോഴ്സ് പേഴ്സണ്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ , വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്കായി പരിശീലന പരിപാടി പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല മുഖ്യ അവതരണം നടത്തി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജ് ഡോ. വി മധുസൂദനന്‍, ട്രെയിനിംഗ് , റിക്രൂട്ട് , ഡിപ്ലോയ് പ്രോഗ്രാമിനെ കുറിച്ച് ജനറല്‍ മാനേജര്‍ പി എം റിയാസും സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജ്, റാണി ആര്‍ നായര്‍, ദീപ്തി സി ജെ , സുമാ ദേവി, അലീമ ആസിഫ് , നീതു സത്യന്‍, സുമി എം എ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സ്വയം തൊഴില്‍  വായ്പ
കേരള ഖാദി ഗ്രാമവ്യവസായ  ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ  വായ്പാ പദ്ധതികള്‍  പ്രകാരം സംരംഭകര്‍ക്ക്  സ്വയം തൊഴില്‍  കണ്ടെത്തുന്നതിന്  സര്‍ക്കാര്‍ സബ്സിഡിയോട്  കൂടി  പരമാവധി  50ലക്ഷം  രൂപ വരെ  വായ്പ നല്‍കുന്നു.  ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  മൊത്തം പദ്ധതി ചെലവിന്റെ  25 ശതമാനവും,  പിന്നോക്ക വിഭാഗക്കാര്‍ക്കും   സ്ത്രീകള്‍ക്കും  35 ശതമാനവും,  പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കും 40 ശതമാനവും  സബ്സിഡി ലഭിക്കും.  ഉല്പാദന -സേവന മേഖലകളില്‍  വ്യവസായ  യൂണിറ്റുകള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഈ  അവസരം പ്രയോജനപ്പെടുത്താം. ഫോണ്‍ . 6282593360, 9020209296 ഇ.മെയില്‍ :[email protected]

ഭിന്നശേഷി വയോജന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം  പരിശീലന പരിപാടി ഉദ്ഘാടനം നടന്നു
ഭിന്നശേഷി വയോജന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി പദ്ധതികള്‍ നടപ്പിലാക്കും എന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സാമൂഹ്യനീതിവകുപ്പും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളുടെ കെയര്‍ടേക്കര്‍മാരെ പങ്കെടുപ്പിച്ചു നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഏറ്റവും കൂടുതല്‍ വൃദ്ധജനങ്ങള്‍  പത്തനംതിട്ട ജില്ലയിലാണ് എന്നും വൃദ്ധമാതാപിതാക്കള്‍ സ്വന്തംഭവനങ്ങളില്‍ നിന്നും തിരസ്‌കരിക്കപ്പെട്ട് വൃദ്ധസ്ഥാപനങ്ങളില്‍ അഭയംതേടുമ്പോള്‍ അവര്‍ക്ക് അവകാശ അധിഷ്ഠിതമായ സേവനങ്ങളുംപരിചരണങ്ങളും പുനരധിവാസം പ്രവര്‍ത്തനങ്ങളും ഫലപ്രദമായ രീതിയില്‍ നടത്തുന്നതിന് ജില്ലാപഞ്ചായത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

 

പരിശീലനപരിപാടിയില്‍ ക്ഷേമസ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമാനുസൃതമായ ഉറപ്പുവരുത്തേണ്ട കാര്യങ്ങളെ സംബന്ധിച്ച് പത്തനംതിട്ട ജില്ലാസാമൂഹികനീതി ഓഫീസര്‍ ബി.മോഹനന്‍ ക്ലാസ് നയിച്ചു .വിവിധവിഷയങ്ങളെ അടിസ്ഥാനമാക്കി പത്തനംതിട്ട ജനറല്‍ ആശുപത്രി സൈക്യാട്രിസ്റ്റ് ഡോക്ടര്‍ എസ്.നയന,പാലിയേറ്റീവ് നേഴ്സ് എസ്.ആശ, പാല്ലിയേറ്റീവ് കോര്‍ഡിനേറ്റര്‍ അനു, ഡയറ്റീഷ്യന്‍ ശിഖഗോപിനാഥ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ പുനലൂര്‍ സോമരാജന്‍ , ബി.മോഹനന്‍,  ഷംലബീഗം തുടങ്ങിയവര്‍ പങ്കെടുത്തു

ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി സിഎഫ് ആര്‍ഡി യിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ്  സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന്  താത്പര്യമുളള അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴിന് പകല്‍ മൂന്നിന്.  ഫോണ്‍ : 0468 2961144.


ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നു. പ്രായപരിധി – 28 വയസ്. അടിസ്ഥാന യോഗ്യത – ബി ടെക് (സിവില്‍/ കെമിക്കല്‍/ എന്‍വയോണ്‍മെന്റല്‍) പ്രതിമാസ സ്‌റ്റൈഫന്റ് : 10000 രൂപ. പരിശീലന കാലം – ഒരു വര്‍ഷം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പ്രവൃത്തി പരിചയ രേഖകളും സഹിതം ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഫെബ്രുവരി 26 ന് രാവിലെ 11 ന് ഹാജരാകണം. ബോര്‍ഡില്‍ മുന്‍കാലങ്ങളില്‍ ഈ തസ്തികയില്‍ സേവനം അനുഷ്ഠിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍ : 0468 2223983.


ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള അടൂര്‍ പുതിയകാവിന്‍ചിറ ഹോട്ടല്‍ ആരാം, അരുവിക്കുഴി ടൂറിസ്റ്റ് കേന്ദ്രം എന്നിവ മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി  ഫെബ്രുവരി 27 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ. ഫോണ്‍ : 0468 2311343, 9447756113.

സൗജന്യ കോഴ്സ്
സ്‌കോള്‍ കേരള വിദ്യാര്‍ഥികള്‍ക്ക് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ജിവിഎച്ച് എസ് എസ് ആറന്മുളയില്‍ ഡ്രോണ്‍ സര്‍വീസ് ടെക്നിഷ്യന്‍, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നിഷ്യന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 19 വരെ  ജിവിഎച്ച്എസ്എസ് ആറന്മുളയില്‍ നിന്നും കോഴ്സിനുളള അപേക്ഷാ ഫോറം ലഭിക്കും.

അവലോകന യോഗം
മലയാലപ്പുഴ ദേവീക്ഷേത്ര തിരുവുത്സവം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ഒന്നുവരെ നടക്കുന്നതിനാല്‍ വിവിധ വകുപ്പുകളുടെ സേവനം  ക്രമീകരിക്കുന്നതിലേക്കായി ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകന യോഗം ഫെബ്രുവരി (16)  വൈകുന്നേരം 4.30 ന്  പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സ്റ്റാന്‍ഡിങ് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സ്റ്റാന്‍ഡിങ് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരെണ്ണത്തിന് 34,550 രൂപ വിലയുള്ള  സ്റ്റാന്‍ഡിങ് വീല്‍ ചെയറുകള്‍ സൗജന്യമായി  കിടപ്പുരോഗികളായ ആറു പേര്‍ക്ക് നല്‍കി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, പെരിങ്ങര  പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ചന്ദ്രലേഖ, മറിയാമ്മ എബ്രഹാം, അരുന്ധതി അശോക്, സി കെ അനു, ജിനു തൂമ്പുംകുഴി,  സോമന്‍ താമരച്ചാലില്‍, സി ഡി പി ഒ  ഡോ.  പ്രീത കു

 

ഭിന്നശേഷി കലാ കായികമേള നടത്തി
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ കലാ കായികമേളയുടെ ഉദ്ഘാടനം മാമ്പാറ സെന്റ് മേരീസ് കുരിശുമല കാത്തോലിക്ക പള്ളി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി എസ് മോഹനന്‍ നിര്‍വഹിച്ചു.

മേളയില്‍ പാലിയേറ്റീവ് ഫിസിയോതെറാപ്പിസ്റ്റ് ലിന്റയ്ക്കുള്ള സ്നേഹോപഹാരവും കലാകായിക മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനവിതരണവും പ്രസിഡന്റ് നിര്‍വഹിച്ചു. ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടിയായ അമ്പാടിക്കുള്ള വീല്‍ചെയറിന്റെ വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോഹിനി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍  സി എസ് സുകുമാരന്‍, വാര്‍ഡ് അംഗങ്ങളായ രാജം ടീച്ചര്‍, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ മോഹന്‍ദാസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മാരി, പെരിങ്ങര  ഗ്രാമപഞ്ചായത്ത് അംഗം അശ്വതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ആരംഭിക്കുന്ന ഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ്, ഓട്ടോകാഡ്  എന്നീ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8078140525.

സഹകരണ നിക്ഷേപ സഹകരണ യജ്ഞം
44-ാംമത് നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 12 വരെ സംഘടിപ്പിച്ചു.  യുവജനങ്ങളെ സഹകരണ മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കുക, സഹകരണ വായ്പാ മേഖലയിലെ നിക്ഷേപ തോത് വര്‍ദ്ധിപ്പിക്കുക, ഒരു വീട്ടില്‍ നിന്നും ഒരു അക്കൗണ്ട്, നവകേരളത്തിന്റെ വികസനത്തിന് കരുത്തേകുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ചിരുന്ന നിക്ഷേപ സമാഹരണ യജ്ഞത്തില്‍  ജില്ലയിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, മറ്റിനം സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ ആകെ 148 സഹകരണ സ്ഥാപനങ്ങള്‍ വഴി 100 കോടി രൂപ സമാഹരിക്കുന്നതിന് ടാര്‍ഗറ്റ് ലഭിച്ചതില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 526.90 കോടി രൂപ സമാഹരിക്കുന്നതിന് സാധിച്ചു.

 

പത്തനംതിട്ട റെഡ് ചില്ലിസിന് ഫെബ്രുവരി (16) തുടക്കമാകും


പത്തനംതിട്ട റെഡ് ചില്ലിസ്  മുളകു കൃഷിക്കു (16) ജില്ലയില്‍ തുടക്കമാകും. റെഡ് ചില്ലിസിന്റെ ഔദ്യോഗിക വിപണനോദ്ഘാടനം ഇന്ന് (16) തിരുവല്ല തിരുമൂലപുരം എംഡിഎം ജൂബിലി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്തിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടുകൂടി കുടുംബശ്രീ മിഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് പത്തനംതിട്ട റെഡ് ചില്ലിസ്. ജില്ലയിലെ 25 പഞ്ചായത്തുകളിലെ കുടുംബശ്രി ജെ എല്‍ ജി അംഗങ്ങള്‍ രാസകീടനാശിനി രഹിതമായി അത്യുല്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനം കാശ്മീരി മുളക് കൃഷി ചെയ്യുന്ന പദ്ധതിയാണിത്. ജില്ലയില്‍ 25 പഞ്ചായത്തുകളാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന മുളക് കുടുംബശ്രീയുടെ പ്രൊഡ്യൂസര്‍ ഗ്രൂപ്പ് വഴി ശേഖരിച്ച് ഗുണമേന്മയുള്ള മായം ഇല്ലാത്ത മുളകുപൊടിയാക്കി വിപണിയില്‍ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് ആവശ്യമായിട്ടുള്ള മിഷനറിയും മറ്റു സഹായങ്ങളും കുടുംബശ്രീ മിഷനില്‍ നിന്ന് ലഭ്യമാകും. കര്‍ഷകര്‍ക്ക് ആവശ്യമായ ഉത്പാദന ഉപാധികള്‍ ജില്ലാ പഞ്ചായത്താണ് നല്‍കുന്നത്.
കാര്‍ഷിക സര്‍വകലാശാലയുടെ കണ്ടെത്തല്‍ അനുസരിച്ച് പച്ചക്കറികളിലെ അവശിഷ്ട കീടനാശിനിയുടെ അളവ് 32.31 ശതമാനമാണ്. ഇതിനൊരു പ്രതിവിധിയായിട്ടാണ് കുടുംബശ്രീ ജില്ലാമിഷനും, ജില്ലാ പഞ്ചായത്തും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്. രാസകീടനാശിനി രഹിത മുളക് ജെ.എല്‍.ജി ഗ്രൂപ്പുകള്‍ വഴി കൃഷിചെയ്യും. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്  പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ വഴി മികച്ച വിലയ്ക്ക് മുളക് വാങ്ങി  ഉണക്കി പൊടിച്ച് പത്തനംതിട്ട റെഡ് ചില്ലിസ് എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കും. ജില്ലയിലൂടനീളം 25 പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് കൃഷി നടന്നുവരുന്നത്.
വനിതകള്‍ക്ക് കൃഷിയിലൂടെ മികച്ച വരുമാനം ലഭ്യമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ഉത്പാദനോപാധികളും മൂല്യ വര്‍ദ്ധനവിനുള്ള സാമ്പത്തിക പിന്തുണയും ജില്ലാ പഞ്ചായത്ത് ഉറപ്പാക്കി 15 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി മാറ്റി വച്ചിരിക്കുന്നത് .മികച്ച വരുമാനം ലഭിക്കുന്നതിന് വേണ്ടി അത്യുല്‍പ്പാദനശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളായ സെര്‍പന്ത്, ആര്‍മര്‍ എന്നീ മുളക് വിത്തുകളാണ് നടീലിനായി ഉപയോഗിച്ചിരിക്കുന്നത്.