കാലിഫോർണിയയിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

യുഎസിലെ കലിഫോർണിയയിൽ സാൻ മറ്റേയോയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ഫാത്തിമമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ സ്നേഹയിൽ ഡോ.ജി.ഹെൻറിയുടെയും റിട്ട. അധ്യാപിക ശാന്തമ്മയുടെയും മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ട ആൺകുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരാണു മരിച്ചത്.

മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തിൽ വെടിയേറ്റ പാടുകളുള്ളതായാണ് റിപ്പോർട്ട്. മൃതദേഹങ്ങൾക്കു സമീപത്തുനിന്ന് പിസ്റ്റൾ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. അതേസമയം, രണ്ടു കുട്ടികൾ മരിച്ചത് എങ്ങനെയെന്നതിൽ ദുരൂഹത തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

മരണം വിഷവാതകം ശ്വസിച്ചാണെന്നായിരുന്നു പ്രാഥമിക നിഗമനം. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററിൽ നിന്നുയർന്ന വാതകം ഉറക്കത്തിൽ ശ്വസിച്ചതാകാം മരണ കാരണമെന്നാണു ബന്ധുക്കൾ സംശയിച്ചിരുന്നത്. അമേരിക്കൻ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കിളികൊല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ–ജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് അവിടെ നിന്നു നാട്ടിലേക്കു തിരിച്ചത്.