ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകരജ്യോതി ദർശനം. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയതിയാണ് ഈ ഉത്സവം നടക്കുന്നത്. അന്നേദിവസം അയ്യപ്പക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം അയ്യപ്പക്ഷേത്രത്തിന്റെ ഒരു കോണിലുള്ള പൊന്നമ്പലമേട് (കാന്തമല )എന്ന മലയുടെ മുകളിലുള്ള വനക്ഷേത്രത്തിലും ദീപാരാധന നടക്കും. ഇതിനെ മകരജ്യോതി എന്നാണ് വിശേഷിപ്പിക്കുന്നത്. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക .
ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിൻറെ തുടക്കം കുറിച്ച് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ. സൂര്യൻ രാശി മാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകം നടക്കും. തിരുവിതാംകൂർ രാജവംശത്തിന്റെ കവടിയാർ കൊട്ടാരത്തിൽ നിന്നു പ്രത്യേക ദൂതൻ വശം കൊണ്ടുവന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് സംക്രമവേളയിൽ അഭിഷേകം ചെയ്യുക