Trending Now

മണ്ഡലപൂജ : ശബരിമലയിൽ പോലീസ് ഒരുക്കങ്ങൾ തുടങ്ങി

 

konnivartha.com: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ അഞ്ഞൂറോളം പോലീസുകാർ കൂടുതലായി എത്തും. മണ്ഡലപൂജാ സമയത്ത് ആകെ 2700 ഓളം പേരെയാണ് ശബരിമലയിൽ മാത്രമായി വിന്യസിക്കുക. നിലവിൽ പോലീസ് ,ആർ ആർ എഫ് , ബോംബ് സ്‌ക്വാഡ് ,സി ആർ പി എഫ് , എൻ ഡി ആർ എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 2150 പേരാണ് സന്നിധാനത്തും പരിസരത്തും മാത്രമായി ഡ്യൂട്ടിയിൽ ഉള്ളത്. ഇതിന് പുറമെയാണ് പമ്പയിലും നിലയ്ക്കലും ജോലി ചെയ്യുന്ന പോലീസുകാരുടെ എണ്ണം . ഇതിൽ ശബരിമലയിലെ 750 പേരുടെ ഡ്യൂട്ടി (19 .12.23 ) അവസാനിക്കുകയും പകരം പുതിയ ഉദ്യോഗസ്ഥർ ചുമതല ഏൽക്കുകയും ചെയ്തു.

സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡി ഐ ജി രാഹുൽ ആർ നായർ പുതിയ സേനാംഗങ്ങളെ സ്വാഗതം ചെയ്തു. തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ് കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്തരോട് ഏറ്റവും അനുഭവത്തോടെ പെരുമാറണം. ഡ്യൂട്ടി പോയിന്റുകളിൽ കൃത്യസമയത്ത് തന്നെ പോലീസുകാർ ജോയിൻ ചെയ്യണം. അടുത്തയാൾ വന്നശേഷം മാത്രമേ ഡ്യൂട്ടി അവസാനിപ്പിക്കാൻ പാടുള്ളൂ. നിലവിൽ ശബരിമലയിലെത്തുന്ന ഭക്തരിൽ 40 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. അതുകൊണ്ട് പോലീസിന്റെ ഉത്തരവാദിത്തം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡി വൈ എസ് പി മാരുടെ നേതൃത്വത്തിൽ 10 ഡിവിഷനുകൾ തിരിച്ചാണ് ശബരിമലയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 10 ഡി വൈ എസ് പിമാർ ,35 ഇൻസ്പെക്ടർമാർ,105 എസ് ഐ, എ എസ് ഐമാർ എന്നിവർ നേതൃത്വം നൽകുന്നു. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കാനുള്ള സാധ്യത മുൻകൂട്ടികണ്ടുള്ള ആസൂത്രണമാണ് പോലീസ് നടത്തിവരുന്നതെന്ന് സ്പെഷ്യൽ ഓഫീസർ കെ എസ് സുദർശനൻ പറഞ്ഞു. മണിക്കൂറിൽ നാലായിരത്തോളം ഭക്തജനങ്ങളാണ് പതിനെട്ടാം പടി കയറി ദർശനത്തിന് എത്തുന്നത് . എല്ലാവർക്കും സുഗമമായാ ദർശനം ഉറപ്പുവരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഭക്തജനങ്ങൾ പോലീസ് നിർദശം പാലിച്ച് പരമാവധി സഹകരണം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

 

error: Content is protected !!