Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/12/2023)

 

ഭക്തന്റെ മനസ്സറിഞ്ഞ് അയ്യന്റെ മഹാദാനം

konnivartha.com: സ്വാമി അയ്യപ്പന്റെ തിരുസന്നിധിയില്‍ എത്തി വിശപ്പകറ്റാൻ ആഗ്രഹിക്കുന്ന ഓരോ ഭക്തന്റെയും വയറും മനസ്സും നിറയുന്ന മഹാദാനമായി ശബരിമലയിലെ അന്നദാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ പ്രതിദിനം പതിനായിരക്കണക്കിന് ഭക്തരാണ് ഭക്ഷണം കഴിക്കുന്നത്.

രാവിലെ ആറ് മണിക്ക് പ്രഭാതഭക്ഷണം ആരംഭിക്കും. ചുക്ക് കാപ്പി, ചുക്ക് വെള്ളം, ഉപ്പുമാവ്, കടലക്കറി തുടങ്ങിയവ യഥേഷ്ടം നല്‍കും. ഉച്ചക്ക് 12 ന് മുമ്പായി പുലാവ്, സാലഡ്, അച്ചാര്‍ എന്നിവ അടങ്ങിയ ഉച്ചഭക്ഷണവും തയ്യാര്‍. ഉച്ചതിരിഞ്ഞ് 3.30 വരെ നല്‍കും. വൈകീട്ട് 6.30 മുതല്‍ രാത്രി 12 വരെ കഞ്ഞി, ചെറുപയര്‍ കറി, അച്ചാര്‍ എന്നിവയോടെ അത്താഴവും റെഡി.

സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃതത്തിലാണ് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.ജീവനക്കാരും സന്നദ്ധസേവകരും ഉൾപ്പെടെ 240-ൽ അധികം പേരുടെ വിജയകരമായ പ്രയത്‌നമാണ് അയ്യന്റെ തിരുസന്നിധിയിലെ മുടങ്ങാത്ത അന്നദാനത്തിന് കരുത്തേകുന്നത്.

ക്യൂവില്‍ നില്‍ക്കുന്ന അവസാന ഭക്തനും വയറ് നിറയെ കഞ്ഞി കൊടുത്തതിന് ശേഷമേ അന്നദാനം അവസാനിപ്പിക്കാറുള്ളൂവെന്ന് അന്നദാനം സ്‌പെഷല്‍ ഓഫീസറായ അനുരാജ് എസ് വ്യക്തമാക്കി.

മാളികപ്പുറത്തിന് സമീപമാണ് അന്നദാന മണ്ഡപം സ്ഥിതി ചെയ്യുന്നത്. ഒരേ സമയം രണ്ടായിരത്തോളം പേര്‍ക്ക് മണ്ഡപത്തിലിരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കും. തിരക്ക് നിയന്ത്രണവും ശുചിത്വവും കണക്കിലെടുത്ത് ക്രമീകരണങ്ങളോടെയാണ് ഭക്ഷണം വിളമ്പുന്നത്. തികച്ചും സൗജന്യമായി രുചിയുള്ള ആരോഗ്യകരമായ ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തില്‍ നല്‍കുന്നു.

ഭക്തര്‍ക്ക് അധികനേരം ക്യൂ നില്‍ക്കാന്‍ ഇടവരുത്താതെയാണ് നിലവില്‍ നിയന്ത്രണ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിസര ശുചീകരണം കൃത്യമായി അധികൃതരും സന്നദ്ധസേവകരും ഉറപ്പാക്കുന്നുമുണ്ട്.

ദര്‍ശനപാതയില്‍ കരുതലേകി ഡൈനമിക് ക്യൂ

ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ആശ്വാസമായി തിരുപ്പതി മോഡല്‍ ഡൈനമിക് ക്യൂ സംവിധാനം. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയോടെ അടിസ്ഥാന സജ്ജീകരണങ്ങളാണ് മരക്കൂട്ടത്ത് നിന്ന് ശരംകുത്തിയിലേക്ക് വരുന്ന പാതയില്‍ ഒരുക്കിയിട്ടുള്ളത്.

ആറ് ക്യു കോംപ്ലക്സുകളിലായി വിശ്രമ സൗകര്യങ്ങളോടെ കുടിവെള്ളം, ഇന്റര്‍നെറ്റ്, വീല്‍ ചെയര്‍, സ്ട്രക്ച്ചര്‍, ശൗചാലയം തുടങ്ങിയവയല്ലാം സദാ സജ്ജം. ഓരോ ക്യൂ കോംപ്ലക്സിലും മൂന്ന് മുറികളിലായാണ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സന്നിധാനത്തെ തിരക്കിനനുസൃതമായി ഘട്ടം ഘട്ടമായ നിയന്ത്രണത്തോടെയാണ് ഭക്തജനങ്ങളെ കടത്തിവിടുക. കഴിഞ്ഞ ആഴ്ച്ചയോടെയാണ് തിരുപ്പതി മോഡൽ ക്യൂ സംവിധാനം പ്രവർത്തനം ആരംഭിച്ചത്. പുതിയ സംവിധാനത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തജനാവലിയെ സുരക്ഷയോടെ നിയന്ത്രണ വിധേയമാക്കുന്നു.

ദീര്‍ഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതിനാലുള്ള ഭക്തരുടെ അസ്വാസ്ഥങ്ങൾക്ക് ഏറെ ആശ്വാസകരമാണ് പുതിയ സംവിധാനം. കണ്‍ട്രോള്‍ റൂമിലൂടെയാണ് നിയന്ത്രണം. ഓരോ കോംപ്ലക്സിലും ദര്‍ശന സമയമുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ഡിസ്‌പ്ലെ ചെയ്തിട്ടുണ്ട്. ശരംകുത്തി വഴിയും പരമ്പരാഗത വഴിയും പോകുന്നവര്‍ക്ക് ക്യൂ സംവിധാനം ഏറെ പ്രയോജനകരം തന്നെ. ഇരു വശങ്ങളിലായി ആവശ്യ സാധനകളുടെ കടകളുമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചുക്ക് വെള്ളവും ബിസ്‌ക്കറ്റും ആരോഗ്യ വകുപ്പിന്റെ അടിയന്തര സേവനങ്ങളും തിരക്ക് നിയന്ത്രണത്തിന് പോലീസും വളന്റിയര്‍മാരും പൂര്‍ണ്ണ സജീവം. ദര്‍ശനത്തോടൊപ്പം സുരക്ഷയും ഉറപ്പ് തന്നെ. അടിയന്തര സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ റവന്യൂ സ്ക്വാഡും പ്രവര്‍ത്തനസജ്ജം

ശബരിമലയിലെ ചടങ്ങുകൾ ( 14.12.2023 )
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

വെർച്ച്വൽ ക്യൂ; ഇന്ന് (ഡിസംബർ 13) ആറ് മണി വരെ 50,062 പേർ എത്തി

വെർച്ച്വൽ ക്യൂ വഴി ഇന്ന് വൈകുന്നേരം 6 മണിവരെ 50,062 ഭക്തർ സന്നിധാനത്തെത്തി

error: Content is protected !!