konnivartha.com: അയ്യനെ കണ്‍നിറയെ കാണാനും കൊണ്ടുവന്ന വന വിഭവങ്ങള്‍ കാഴ്ച്ചവെക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് കാടിന്റെ മക്കള്‍. 107 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തിയത്.
തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വന പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വിവിധ കാണി സെറ്റില്‍മെന്റുകളില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് കാഴ്ച്ചയുമായി എത്തിയത്.
കാട്ടില്‍ നിന്നും ശേഖരിച്ച തേന്‍, കുന്തിരിക്കം, ഈറ്റയിലും ചൂരലിലും മെനഞ്ഞെടുത്ത പൂവട്ടികള്‍ തുടങ്ങി കരകൗശല വിദ്യ വെളിവാക്കുന്ന ഉദ്പന്നങ്ങള്‍ എന്നിവയുമായാണ് അവര്‍ അയ്യപ്പന്റെ പൂങ്കാവനത്തിലേക്ക് എത്തിയത്.
എല്ലാ വര്‍ഷവും സംഘം വരാറുണ്ടെന്നും വന വിഭവങ്ങള്‍ കാഴ്ച്ചവെക്കാറുണ്ടെന്നും ഗുരു സ്വാമി കൂടിയായ ഊരുമൂപ്പന് ഭഗവാന്‍കാണി പറഞ്ഞു. കാനനവാസനായ അയ്യപ്പന് തങ്ങളുടെ കാടിന്റെ ദൈവമാണെന്നും അയ്യപ്പ ദര്‍ശനത്തിലൂടെ എല്ലാ ഐശ്വര്യങ്ങളും തങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.വ്യാഴാഴ്ച്ച രാത്രിയോടെ സന്നിധാനത്തേക്ക് പ്രവേശിച്ച സംഘം വെളളിയാഴ്ച്ച പുലര്‍ച്ചെ നിര്‍മ്മാല്യം തൊഴുതാണ് മലയിറങ്ങിയത് .