പ്രാഥമിക വിദ്യാഭ്യാസ അവകാശ നിഷേധത്തെ തുടർന്ന് കുട്ടിയെ പിതാവിന്റെ സംരക്ഷണയിൽ നിന്നും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. വർക്കല ചെറുന്നിയൂർ നിവാസിയായ കുട്ടിയെ അച്ഛൻ സ്‌കൂളിൽ വിടുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ, അംഗം എൻ. സുനന്ദ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിഷയം സമഗ്രമായി പരിശോധിച്ച കമ്മീഷൻ, കുട്ടി 41 ദിവസം മാത്രം സ്‌കൂളിൽ എത്തിയതായും പരീക്ഷ എഴുതിയിട്ടില്ലെന്നും കുട്ടിയുടെ വിദ്യാഭ്യാസത്തെയും ഭാവി പഠനത്തെയും ബാധിക്കുന്ന സാഹചര്യമാണെന്നും വിലയിരുത്തി. കുട്ടിയെ സി.ഡബ്ല്യു.സിയിൽ ഹാജരാക്കുന്നതിനുവേണ്ട സുരക്ഷയും സംരക്ഷണവും ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് നൽകാൻ വർക്കല പോലീസ് സ്റ്റേഷൻ ഹൗസ് ഒഫീസർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.
കുട്ടിയുടെ ഉത്തമ താത്പര്യം സംരക്ഷിക്കുന്നതിന് സി.ഡബ്ല്യു.സി. ഉത്തരവ് പുറപ്പെടുവിക്കുകയും മാതാപിതാക്കൾ തമ്മിൽ കേസ് നടക്കുന്നതിനാൽ പരാതിക്കാരി കമ്മീഷൻ ഉത്തരവിന്റെയും സി.ഡബ്ല്യു.സി പുറപ്പെടുവിച്ച ഉത്തരവിന്റെയും പകർപ്പുകൾ കുടുംബ കോടതിക്ക് കൈമാറണം. കമ്മീഷന്റെ ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 30 ദിവസത്തിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.