konnivartha.com: ശബരിമലയില്‍ കഥകളിയുടെ കേളികൊട്ടുണര്‍ത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ‘മണികണ്ഠ ചരിതം’ അരങ്ങേറി. അയ്യപ്പസന്നിധിയില്‍ മേജര്‍സെറ്റ് കഥകളി അരങ്ങേറിയപ്പോള്‍ കാണികളായി വന്ന ഭക്തര്‍ക്കും കൗതുകം.
കൊല്ലം കരുനാഗപ്പള്ളി മണ്ണൂര്‍ക്കാവ് കഥകളി കേന്ദ്രത്തില്‍ നിന്നും 30 പേരടങ്ങുന്ന കഥകളി സംഘമാണ് ശബരിമലയില്‍ കഥകളി അവതരിപ്പിച്ചത്. കൊല്ലം പരവൂർ സ്വദേശി ബിജു വനമാലി രചിച്ച മണികണ്ഠ ചരിതം ആട്ടക്കഥയാണ് സന്നിധാനത്തെ അരങ്ങില്‍ അവതരിപ്പിച്ചത്. അഞ്ചു വയസുകാരനായ കന്നി സ്വാമി അദ്വൈത് പ്രശാന്ത് ശബരിമല ധർമ്മശാസ്താവിൻ്റെ പ്രതിഷ്ഠാ രൂപത്തിൽ അരങ്ങിൽ നിറഞ്ഞാടി. മക്കളില്ലാതിരുന്ന പന്തള രാജാവിനു മണികണ്‌ഠനെ ലഭിക്കുന്നതു മുതൽ ശബരിമലയിൽ പ്രതിഷ്ഠ നടത്തുന്നതു വരെയുള്ള കഥാസന്ദർഭമാണ് അവതരിപ്പിച്ചത്.
പന്തള രാജാവായി കലാമണ്ഡലം ബാലകൃഷ്ണനും, റാണിയായി കലാമണ്ഡലം വിശാഖും, സന്യാസിയായി കലാമണ്ഡലം രാജശേഖർ, മന്ത്രിയായി കലാമണ്ഡലം പാർത്ഥസാരഥി, വൈദ്യരായി കലാമണ്ഡലം അനിൽ കുമാർ, മണികണ്ഠനായി കലാമണ്ഡലം പ്രശാന്ത്, വാവരായി കലാമണ്ഡലം ഹരി മോഹൻ, പുലിയായി കലാമണ്ഡലം അഭിജിത്ത്, പരശുരാമനായി കലാമണ്ഡലം അഭിജിത്ത്, മേൽശാന്തിയായി കലാമണ്ഡലം ഹരി മോഹൻ, സ്വാമിമാരായി ആദിത്യൻ അനിൽ ,തീർത്ഥ അനിൽ, മാളികപ്പുറമായി അഭിജിത്ത് പ്രശാന്ത് മണ്ണാർകാവ് എന്നിവരും വേഷമിട്ടു.
കലാമണ്ഡലം യശ്വന്ത്, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം ജീവൻ, ആദിത്യൻ അനിൽഎന്നിവര്‍ കഥകളി സംഗീതം അവതരിപ്പിച്ചു.വാദ്യശ്രീ കലാമണ്ഡലം രാധാകൃഷ്ണൻ, കലാഭാരതി സുമേഷ്, കലാമണ്ഡലം ശ്രീ ഹരി എന്നിവർ ചെണ്ട,കലാനിലയം സുഭാഷ് ബാബു, കലാഭാരതി സുമേഷ് എന്നിവര്‍ ചെണ്ട,ഏവൂര്‍ മധു, കലാമണ്ഡലം അജി കൃഷ്ണന്‍, കലാമണ്ഡലം ദീപക് എന്നിവര്‍ മദ്ദളം എന്നിങ്ങനെ മേളം അവതരിപ്പിച്ചു. ചിങ്ങോലി പുരുഷോത്തമന്‍ ചുട്ടിയും ശ്രീകൃഷ്ണവിലാസം കഥകളിയോഗം പോരുവഴി ചമയവും അവതരിപ്പിച്ചു. പോരുവഴി വാസുദേവന്‍ പിള്ള, തേവലക്കര രാജൻ പിള്ള, അരുൺ അശോകൻ പന്മന , അശോകന്‍ പന്മന, എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. പ്രഭാകരന്‍ ഉണ്ണിത്താന്‍ കഥകളി സംഘത്തിന്റെ മാനേജറാണ്.