2019 “സൈബർ സുരക്ഷാ വർഷമായി” ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കെതിരെയുള്ള അശ്‌ളീല വിഡിയോകൾ, കുട്ടികൾക്കെതിരായ മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ കേരള പോലീസ്
കർശനമായ നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി രുപീകരിച്ച CCEE (Counter Child Sexual Exploitation ) യൂണിറ്റ് ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണവും ലൈംഗികാതിക്രമങ്ങളും തടയുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നു. ഈ വരുന്ന ജനുവരി മുതൽ കേരള പോലീസ് അസ്ഥാനത്തുള്ള ഹൈടെക് സെല്ലിലും കേരള പോലീസ് സൈബർ ഡോമിലും ഈ യൂണിറ്റ് പൂർണ്ണമായും പ്രവർത്തന ക്ഷമമാകും. INTERPOL-Crimes against Children Unit and the International Centre for Missing and Exploited Children (ICMEC) എന്ന അന്താരാഷ്ട്ര ഏജൻസിയുടെ പൂർണ്ണ സഹായം ഈ മേഖലയിൽ കേരള പൊലീസിന് കിട്ടുന്നുണ്ട്. കൂടാതെ കുട്ടികൾക്കെതിരെയുള്ള ഇത്തരം വിഡിയോകൾ, ചിത്രങ്ങൾ മറ്റ് ഉള്ളടക്കങ്ങൾ എന്നിവ കാണുകയും പ്രചരിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നവരും, അത്തരം വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം ഗ്രൂപ്പുകളും സൂക്ഷ്മമായി നിരീക്ഷണത്തിലാണ്.
കേരള പോലീസ് CCSE യൂണിറ്റ് ‘ഓപ്പറേഷൻ P – HUNT’ എന്ന പേരിൽ ഏപ്രിലിൽ നടത്തിയ ആദ്യ സ്പെഷ്യൽ ഡ്രൈവിൽ 21 കേസുകൾ രജിസ്റ്റർ ചെയ്യുകയും 14 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടാമത് ജൂണിൽ നടത്തിയ P – HUNT ഡ്രൈവിൽ 12 പേരെ അറസ്റ്റ് ചെയ്യുകയും 16 കേസുകൾ രജിസ്റ്റർ ചെയ്യുകയുമുണ്ടായി. വാട്സ് ആപ്പ്, ഫേസ്ബുക്ക്, പ്രത്യേകിച്ച് കൂടുതൽ അജ്ഞാതരായി ഈ മേഖലയിൽ വ്യാപരിക്കുന്ന ടെലിഗ്രാം ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ചൈൽഡ് പോൺ ഉള്ളടക്കങ്ങൾ ഷെയർ ചെയ്യുന്നവരുടെ വിശദാംശങ്ങളും, മറ്റ് ഡിജിറ്റൽ അക്സസും INTERPOL ഉം ICMEC ഉം കേരള പൊലീസിന് ലഭ്യമാക്കുന്നുണ്ട്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പേരും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. അത്തരം നിരവധി ഗ്രൂപ്പുകളെ തിരിച്ചറിയുകയും ഇത്തരം വിഡിയോകൾ വ്യാപകമായി വിതരണം ചെയ്ത ഏകദേശം 126 പേർ നിരീക്ഷണത്തിലുമായിരുന്നു. ഇതിനെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും ടെക്നിക്കൽ കം റൈഡിംഗ് ടീമുകൾ രൂപീകരിക്കുകയും 2019 ഒക്ടോബർ 12 ശനിയാഴ്ച പുലർച്ചെ മുതൽ എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡുകൾ നടത്തുകയും ചെയ്തു. ജില്ലാ പോലീസ് മേധാവികളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് റെയ്ഡുകൾ സംഘടിപ്പിച്ചത് . ഷാഡോ ടീമുകളും പ്രത്യേക പരിശീലനം ലഭിച്ച സൈബർ ടീമും അവരെ സഹായിക്കാൻ കൂടെയുണ്ടായിരുന്നു. ഓപ്പറേഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയും കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. ഈ ഓപ്പറേഷന്റെ ഭാഗമായി 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടികൾക്കെതിരെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ബാക്കിയുള്ളവരുടെ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കുന്നു. കേരള പോലീസ് ടെലിഗ്രാമുമായി സഹകരിക്കുകയും നിരവധി ഗ്രൂപ്പുകളെ ട്രാക്കുചെയ്യുകയും ചെയ്‌തു. 92 ലധികം അഡ്മിൻസ് ഉള്ള ചില ഗ്രൂപ്പുകൾ ഉൾപ്പെടെ ‘ALAMBAN ’, ‘അധോലോകം’, ‘നീലക്കുറിഞ്ഞി’ തുടങ്ങിയ പല ഗ്രൂപ്പുകളും പൊലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ് . ഇത്തരം റാക്കറ്റിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് & സ്റ്റേറ്റ് നോഡൽ ഓഫീസർ, സൈബർഡോം ശ്രീ . മനോജ് എബ്രഹാം IPS ന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് റെയ്ഡുകൾ നടത്തിയത്.
ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീലവീഡിയോ വ്യാപനം തടയുന്നതിനും കുട്ടികൾക്കെതിരെയുള്ള ചൂഷണത്തിനുമെതിരെയുമുള്ള കേരള പോലീസിന്റെ ശക്തമായ ഇടപെടലുകൾ ഇതിനോടകം തന്നെ ഇന്റർപോളിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2019 നവംബറിൽ, കേരള പോലീസിന്റെ ഈ വിജയകരമായ ഉദ്യമത്തെ കുറിച്ച് സംസാരിക്കാൻ ലിയോൺ ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്തേക്ക് കേരള പൊലീസിന് പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട്. മാത്രമല്ല, 2020 മാർച്ച് ആദ്യ വാരം കേരള പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് ഈ വിഷയത്തിൽ സമഗ്രമായ പരിശീലനം നൽകാമെന്നും ഇന്റർപോൾ അറിയിച്ചി
ട്ടുണ്ട്.
നിലവിലെ നിയമമനുസരിച്ച്, ചൈൽഡ് പോർണോഗ്രാഫി കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. ബാലസുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ആയതിനാൽ പൊതുസമൂഹം കേരള പോലീസിന്റെ ഈ പദ്ധതിയെ പൂർണ്ണമായും പിന്തുണയ്ക്കുകയും ഇത്തരം ഉള്ളടക്കങ്ങൾ സൂക്ഷിക്കുന്നവരെയും സോഷ്യൽ മീഡിയയിൽ ഏതെങ്കിലും ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നവരെയും കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞാൽ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർഡോം അല്ലെങ്കിൽ ജില്ലാ സൈബർ സെല്ലുകളെയോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.