Trending Now

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് ഫാത്തിമ ബീവി (96)അന്തരിച്ചു

 

konnivartha.com: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി(96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു.അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി 1927-ല്‍ പത്തനംതിട്ടയിലായിരുന്നു ഫാത്തിമ ബീവിയുടെ ജനനം.

1927 ഏപ്രിൽ 30നാണ് ജനനം. 1950 നവംബര്‍ 14-നാണ് ഫാത്തിമ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് ആയും 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി.

1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984-ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6-ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29-നാണ് വിരമിച്ചത്.

ജസ്റ്റിസ് ഫാത്തിമ ബീവിക്ക് വിട നല്‍കുന്നത് ഔദ്യോഗിക ബഹുമതികളോടെ

അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിക്ക് വിട നല്‍കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. പത്തനംതിട്ട ജില്ലാ കളക്ടര്‍ എ. ഷിബു, മുന്‍സിപ്പല്‍ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, എസ്.പി. അജിത് കുമാര്‍, ജസ്റ്റിസ് ഫാത്തിമ ബീവിയുടെ കുടുംബാംഗം കൂടിയായ ജഡ്ജ് ഹഫീസ് മുഹമ്മദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജ്, ഗവര്‍ണര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയയായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിയുടെ വേര്‍പാട് അത്യന്തം വേദനാജനകമാണ്. ഒട്ടേറെ റെക്കോഡുകള്‍ സ്വന്തം പേരിനോട് ചേര്‍ത്തുവച്ച ധീര വനിത. ഇച്ഛാശക്തിയും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ ഏത് പ്രതികൂല സാഹചര്യവും അതിജീവിക്കാം എന്നത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിത്വം. പത്തനംതിട്ടയുടെ, കേരളത്തിന്റെ അഭിമാനവും ഞങ്ങള്‍ക്കേവര്‍ക്കും പ്രചോദനവുമായിരുന്നു മാഡം. വേദനയോടെ ആദരാഞ്ജലികള്‍.

സംസ്ഥാന സര്‍ക്കാരിന് വേണ്ടിയും മുഖ്യമന്ത്രിക്ക് വേണ്ടിയും ജില്ലാ കളക്ടര്‍ റീത്ത് സമര്‍പ്പിക്കും

അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയോടുള്ള ആദര സൂചകമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടിയും മുഖ്യമന്ത്രിയ്ക്ക് വേണ്ടിയും ജില്ലാ കളക്ടര്‍ റീത്ത് സമര്‍പ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതി നല്‍കും

error: Content is protected !!